നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലോക സ്കീസോഫ്രീനിയ ദിനം 2021: ഈ മാനസികാരോഗ്യ പ്രശ്നത്തെക്കുറിച്ച് കൂടുതലറിയാം

  ലോക സ്കീസോഫ്രീനിയ ദിനം 2021: ഈ മാനസികാരോഗ്യ പ്രശ്നത്തെക്കുറിച്ച് കൂടുതലറിയാം

  സ്കീസോഫ്രീനിയ വളരെ ഗുരുതരവും സങ്കീർണവുമായ ഒരു മാനസികാരോഗ്യപ്രശ്നമാണ്. തലച്ചോറിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനത്തെ ഇത് കാര്യമായി ബാധിക്കുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ശാരീരികമായ ആരോഗ്യത്തെ അപേക്ഷിച്ച് വളരെ സങ്കീർണമായ ഒന്നാണ് മാനസികാരോഗ്യം. വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയവ വളരെ സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽപ്പെടുന്നവയാണ്. എന്നാൽ ഒരാൾക്ക് വിഭ്രാന്തി, മതിഭ്രമം, സാധാരണ നിലയിൽ പ്രവർത്തിക്കാൻ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥയാവാൻ സാധ്യതയുണ്ട്.

   സ്കീസോഫ്രീനിയ വളരെ ഗുരുതരവും സങ്കീർണവുമായ ഒരു മാനസികാരോഗ്യപ്രശ്നമാണ്. തലച്ചോറിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനത്തെ ഇത് കാര്യമായി ബാധിക്കുന്നു. രോഗികൾക്ക് മതിഭ്രമം ഉണ്ടാവുകയും ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ക്രമരഹിതമായ ചിന്തകളും ഈ രോഗത്തിന്റെ ഭാഗമാണ്.

   ഏതൊരു രോഗാവസ്ഥയെയും ആളുകൾ മനസിലാക്കാൻ തുടങ്ങുമ്പോൾ പലപ്പോഴും അതേക്കുറിച്ചുള്ള തെറ്റായ ധാരണകൾ കൂടി വിശ്വസിക്കാറുണ്ട്. സ്കീസോഫ്രീനിയയെ ദ്വന്ദ്വ വ്യക്തിത്വത്തിന്റെ പ്രശ്നമായി മനസിലാക്കുന്നതും അത്തരത്തിലുള്ള ഒരു അബദ്ധ ധാരണയാണ്. ഈ രോഗത്തിന്റെ കാര്യത്തിൽ രോഗിയ്ക്ക് ഒരു വ്യക്തിത്വം തന്നെയാണ് ഉണ്ടാവുക. എന്നാൽ ഭ്രമാത്മകമായ ചിന്തകൾ ഉണ്ടാകുന്നതിലൂടെ രോഗി തന്റേതായ ഒരു ചെറിയ ലോകത്ത് ജീവിക്കാൻ തുടങ്ങുന്നു.

   ഈ രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും മെയ് 24-ന് ലോക സ്കീസോഫ്രീനിയ ദിനമായി ആചരിക്കുന്നത്. ഫ്രാൻസിലെ പ്രസിദ്ധ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഫിലിപ്പി പൈനലിന്റെ ഓർമയ്ക്ക് വേണ്ടിയാണ് ലോക സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന രോഗികളുടെ ശുശ്രൂഷയുടെയും ചികിത്സയുടെയും കാര്യത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് ഡോ. ഫിലിപ്പി.

   Also Read സ്വന്തം വീട് അക്വേറിയമാക്കി മാറ്റി യുവാവ്; പടുകൂറ്റൻ അക്വേറിയത്തിന് ചെലവായത് 20 ലക്ഷം രൂപ

   വിഭ്രാന്തി, മതിഭ്രമം, ക്രമരഹിതമായ ചിന്തകളും സംസാരവും, ചലന സംബന്ധമായ പ്രവർത്തനങ്ങളിലെയോ പെരുമാറ്റങ്ങളിലെയോ അസ്വാഭാവികതയും ക്രമരാഹിത്യവും, വൈകാരികമായ അസ്വസ്ഥതകൾ, സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലെ ശേഷിക്കുറവ് തുടങ്ങിയവയാണ് സ്കീസോഫ്രീനിയയുടെ പ്രധാന രോഗലക്ഷണങ്ങൾ. കൗമാരപ്രായക്കാരിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള പ്രവണത, പഠനത്തിൽ പിന്നോട്ട് പോകൽ, അസ്വസ്ഥമായ ഉറക്കം, വിഷാദാവസ്ഥ, ഉത്സാഹം ഇല്ലായ്മ തുടങ്ങിയ അവസ്ഥകളും സ്‌കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ ആവാം.

   സാധാരണ ആളുകളെ അപേക്ഷിച്ച് സ്കീസോഫ്രീനിയ നേരിടുന്ന രോഗികൾ നേരത്തെ മരിച്ചുപോകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് 20 ദശലക്ഷത്തിൽപ്പരം ആളുകൾ ഈ രോഗാവസ്ഥയുടെ കടന്നു പോകുന്നുണ്ട്. കേരളത്തിൽ ഏകദേശം 3,30,000 പേർക്ക് ഈ രോഗമുള്ളതായി കണക്കാക്കപ്പെടുന്നു. 15-നും 30-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലുമാണ് കൂടുതലായി ഈ രോഗാവസ്ഥ കണ്ടുവരുന്നത്. രോഗികൾക്ക് വേണ്ടിയാണ് ലോക സ്‌കീസോഫ്രീനിയ ദിനം സമർപ്പിക്കപ്പെടുന്നതെങ്കിലും മനോനില തെറ്റി ജീവിതത്തിന് മേലുള്ള നിയന്ത്രണം തന്നെ നഷ്ടപ്പെടുന്ന രോഗികളെ തിരികെ സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ സ്വയം സമർപ്പിക്കുന്ന നിരവധി നല്ല മനുഷ്യരെക്കൂടി ഈ ദിനത്തിൽ നാം ഓർക്കേണ്ടതുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}