നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Stroke Day | ഇന്ന് ലോക പക്ഷാഘാത ദിനം: രോഗം തിരിച്ചറിയാനും ചികിത്സിക്കാനും തടയാനുമുള്ള വഴികൾ അറിയാം

  World Stroke Day | ഇന്ന് ലോക പക്ഷാഘാത ദിനം: രോഗം തിരിച്ചറിയാനും ചികിത്സിക്കാനും തടയാനുമുള്ള വഴികൾ അറിയാം

  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും വ്യാപനം 50 ശതമാനത്തിലധികമായി വർദ്ധിച്ചിട്ടുണ്ട്.

  News18

  News18

  • Share this:
   ഇന്ന് ലോക പക്ഷാഘാത ദിനം (World Stroke Day). പക്ഷാഘാതം എന്താണ്, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നിവയെക്കുറിച്ചെല്ലാം പൊതുജനങ്ങളിൽ അവബോധം (Public Awareness) സൃഷ്ടിക്കുന്നതിനാണ്എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്.

   ഇന്ത്യയിൽ നാഡീസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണനിരക്കിന്റെ (Death Rate) ഒരു പ്രധാന കാരണമാണ് പക്ഷാഘാതം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഇത്തരം രോഗങ്ങൾ മൂലമുള്ള ആകെ മരണങ്ങളിൽ 7.4 ശതമാനവും പക്ഷാഘാതം മൂലമാണ് സംഭവിച്ചത്. സാംക്രമിക രോഗങ്ങൾ പോലെ സാംക്രമികേതര രോഗങ്ങളുടെയും ഭയാനകമായ തോതിലുള്ള വർദ്ധനവിന്ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഹൃദയ സംബന്ധമായ അസുഖങ്ങളാണ്.

   ലാൻസെറ്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും വ്യാപനം 50 ശതമാനത്തിലധികമായി വർദ്ധിച്ചിട്ടുണ്ട്.

   ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷന്റെ (ISA) കണക്കനുസരിച്ച്, ഓരോ വർഷവും 17 ദശലക്ഷം ആളുകൾ പക്ഷാഘാതം നേരിടുന്നുണ്ട്. അവരിൽ 6 ദശലക്ഷം പേർ മരിക്കുകയും അഞ്ച് ദശലക്ഷം പേർ സ്ഥിരവൈകല്യമുള്ളവരായി മാറുകയും ചെയ്യുന്നു.

   അപര്യാപ്തമായ പ്രതിരോധ, സ്‌ട്രോക്ക് മാനേജ്‌മെന്റ് സൗകര്യങ്ങൾ കാരണം ഇന്ത്യ പോലുള്ള ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം എട്ട് ശതമാനം മരണങ്ങൾ പക്ഷാഘാതം മൂലമാണ് സംഭവിക്കുന്നത് എന്നും കണക്കുകൾസൂചിപ്പിക്കുന്നു.

   തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. പക്ഷാഘാതം പൊതുവെ രണ്ടുതരത്തിൽ കാണപ്പെടുന്നു.

   1. ഇസ്കീമിക് (ischemic) സ്ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന പക്ഷാഘാതം. പക്ഷാഘാതങ്ങളിൽഏറിയ പങ്കും ഇസ്കീമിക് സ്ട്രോക്ക് ആണ്.

   2. ഹെമൊറാജിക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന പക്ഷാഘാതം. ഇസ്കീമിക് സ്ട്രോക്കിനെക്കാൾ മാരകമാണ് ഹെമറാജിക് സ്ട്രോക്ക്.

   ഒരു രോഗിക്ക് ഒരിക്കൽ പക്ഷാഘാതം വന്നാൽ, വീണ്ടും വരാനുള്ള സാധ്യതയുണ്ട്.

   ലക്ഷണങ്ങൾ:

   ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന്ഉണ്ടാകുന്ന ബലക്ഷയം, മുഖം കോടിപ്പോകൽ, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തിയിൽ കുറവ്, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളായേക്കാം. സ്കൂൾ തലത്തിൽ തന്നെ പക്ഷാഘാതത്തിന്റെലക്ഷണങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഈ സ്ട്രോക്ക് ദിനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. FAST എന്ന സ്ട്രോക്ക് ലക്ഷണങ്ങളുടെ ചുരുക്കെഴുത്തിനെപറ്റി കൂടുതൽ പ്രചാരം നൽകുകയാണ് മറ്റൊരു ലക്ഷ്യം.

   സിടി സ്കാനർ ( 24x7) പോലുള്ള സൗകര്യങ്ങളും പക്ഷാഘാതത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങളുംസജ്ജീകരിച്ചിരിക്കുന്ന ഹോസ്പിറ്റലിനെയാണ് ഒരു സ്ട്രോക്ക്-റെഡി ഹോസ്പിറ്റൽ എന്ന് പറയുന്നത്.

   പക്ഷാഘാതം വരാനുള്ള കാരണങ്ങൾ എന്തൊക്കെ?

   നമ്മുടെ ജീവിത ശൈലി സംബന്ധിയായി ഉണ്ടാകുന്നരോഗമാണ് പക്ഷാഘാതം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, ആരോഗ്യകരമല്ലാത്ത ആഹാരക്രമം, അമിത മദ്യപാനം എന്നിവ പക്ഷാഘാതം വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദം ഉള്ളവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉള്ളവരിലും പക്ഷാഘാതം ഉണ്ടായേക്കാം. ഹൃദയാഘാതം സംഭവിച്ചവരിലുംഹൃദയ വാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിലും ഹൃദയമിടിപ്പ് ക്രമം അല്ലാത്തവരിലും പക്ഷാഘാതത്തിനുള്ളസാധ്യത വളരെ കൂടുതലാണ്.

   പക്ഷാഘാതം: ചികിത്സ

   എത്തരത്തിലുള്ള ചികിത്സയാണ് ആവശ്യം ഉള്ളതെന്നത് നിങ്ങൾക്ക് ഉണ്ടാകുന്ന പക്ഷാഘാതത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

   തലച്ചോറിലെ ഇസ്കെമിക് സ്ട്രോക്കും രക്തസ്രാവവും തമ്മിൽ വേർതിരിച്ചറിയാൻ ഒരു സിടി സ്കാൻ ആവശ്യമാണ്. രക്തക്കുഴലുകളും ഹൃദയവും പരിശോധിക്കാൻ മറ്റ് പരിശോധനകളും ആവശ്യമായി വന്നേക്കാം.

   രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളിൽ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിനു ത്രോംബോലൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സ വഴി സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവ് ഉണ്ടാകും. അതിനാൽ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, സി.ടി. / എം.ആർ.ഐ. എടുക്കാനുള്ള സൗകര്യം, ഐ.സി.യു. സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റിനു ഉണ്ടായിരിക്കേണ്ട കുറഞ്ഞ സൗകര്യങ്ങൾ.

   സ്ട്രോക്കിനെ എങ്ങനെ തടയാം?

   രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, സ്റ്റാറ്റിൻ എന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ, രക്തം കട്ടപിടിക്കുന്നത് തടയുന്ന ആസ്പിരിൻ, രക്തം നേർപ്പിക്കുന്നതിനുള്ള മറ്റ് മരുന്നുകൾ എന്നിവ ഉൾപ്പെടെ നിങ്ങൾക്ക് ഡോക്റ്റർ നിർദ്ദേശിക്കുന്ന മരുന്നുകൾ പതിവായി കഴിക്കുന്നതിലൂടെ പക്ഷാഘാതം തടയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന മരുന്നുകളും പക്ഷാഘാതം തടയാൻ വളരെയധികംസഹായകരമാണ്.

   വ്യായാമം, പുകവലി നിർത്തൽ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം തുടങ്ങി ജീവിതശൈലിയിൽ വരുത്തുന്ന ഗുണപരമായ മാറ്റങ്ങളും സ്ട്രോക്കുകൾ തടയുന്നതിന് വളരെയധികം സഹായിക്കുന്നു. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം പ്രതിദിനം അഞ്ച് ഗ്രാം അല്ലെങ്കിൽ ഒരു ടീസ്‌പൂൺ എന്ന നിലയിൽ ഒരാളുടെ ഉപ്പ് ഉപഭോഗം കുറയ്ക്കുന്നതും സ്ട്രോക്ക് തടയാൻ സഹായിക്കും.

   നിങ്ങൾ അമിതഭാരമുള്ള ആളാണെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതും, മദ്യത്തിന്റെ അളവ് സുരക്ഷിതമായ പരിധിയിലേക്ക് പരിമിതപ്പെടുത്തുന്നതും രോഗം തടയാൻ സഹായിക്കും. ഓറൽ പുകയില, സിഗരറ്റ് , ബീഡി എന്നിവ അടങ്ങുന്ന എല്ലാതരം പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുന്നതും നല്ലതാണ്.
   Published by:Sarath Mohanan
   First published:
   )}