ഇതാദ്യമായാണ് കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്ന് തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളില്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണ് . ഈ മേഖലയില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി.
നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണ് സാധാരണ സിക വൈറസ് രോഗത്തിന് കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.
വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകള്‍, ക്ലോസെറ്റുകള്‍ തുടങ്ങിവയിലൊന്നും വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
ഇന്ന് തിരുവനന്തപുരത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ് എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകക്ക് രോഗം വന്നതിനാല്‍ ഇവര്‍ ജോലി ചെയ്ത സ്ഥാപനം കേന്ദ്രീകരിച്ച് കൂടി ജാഗ്രത ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗം വന്ന ആളുടെ വീട്ടുകാരെ കേന്ദ്രീകരിച്ചും പരിശോധന നടത്തി വരികയാണ്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തക എവിടെയാണ് ജോലി ചെയ്യുന്നത് എന്ന വിവരം ആരോഗ്യവകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.