ആരോഗ്യകരമായ ജീവിതശൈലി (Healthy Lifestyle) പിന്തുടരുന്നതിലൂടെ നമുക്ക് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും. അതിനായി പുകവലി, മദ്യപാനം, ലഹരികൾ മുതലായ ശീലങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. ശരിയായ ഭക്ഷണക്രമം (Healthy Diet) പിന്തുടരുന്നവർക്ക് വ്യായാമം സ്ഥിരമായി ചെയ്യേണ്ട ആവശ്യം പോലുമില്ല. ഇപ്പോഴിതാ, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ തുടങ്ങുന്ന പ്രായത്തെ ആശ്രയിച്ച് പരമാവധി 10 വർഷം വരെ ആയുസ്സ് കൂട്ടാൻ കഴിയുമെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ മധ്യവയസ്കരായ മുതിർന്നവരിൽ ആറ് മുതൽ ഏഴ് വർഷം വരെ ആയുസ്സ് നീട്ടാൻ സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പക്കാരുടെ കാര്യത്തിലാണെങ്കിൽ ഏകദേശം പത്ത് വർഷം വരെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും. ഭക്ഷണക്രമം ഏതൊക്കെ രീതിയിൽ ആയുർദൈർഘ്യത്തെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച് നടത്തിയ പഠനം 2022 ഫെബ്രുവരി 8 ന് പ്ലോസ് മെഡിസിൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
നോർവേയിലെ ബെർഗൻ സർവകലാശാലയിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് ആൻഡ് പ്രൈമറി കെയർ വകുപ്പിലെ നാല് ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. പല രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകുന്ന 'ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്' എന്ന പഠനത്തിലെ വിശദംശങ്ങൾ ഗവേഷകർ പരിശോധിച്ചു. കൂടാതെ ഭക്ഷണക്രമവും ആയുസ്സും തമ്മിലുള്ള ബന്ധം പരിശോധിച്ച മറ്റ് നിരവധി പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഗവേഷകർ വിശകലനം ചെയ്തു.
മാസങ്ങൾ നീണ്ട വിശദമായ പഠനത്തിന് ശേഷം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച മാംസം, മത്സ്യം, മുട്ട, ഡയറി, പഞ്ചസാര പാനീയങ്ങൾ എന്നിവ കഴിക്കുന്നത് ആയുർദൈർഘ്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനം കണക്കാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണ ക്രമത്തിൽ കൂടുതൽ പയറുവർഗങ്ങൾ (ബീൻസ്, പീസ്, പയർ), ധാന്യങ്ങൾ (ഓട്സ്, ബാർലി, ബ്രൗൺ റൈസ്), അണ്ടിപ്പരിപ്പ്, സംസ്കരിച്ച മാംസം എന്നിവ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠനം പറയുന്നു.
Also Read-
Diabetes | പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകൾഏത് പ്രായത്തിലുള്ള ആളാണെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ആയുർദൈർഘ്യം കൂട്ടാൻ സഹായിക്കുമെന്ന് ഈ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ എത്രയും നേരത്തെ വരുത്തുന്നുവോ അതിന്റെ നേട്ടങ്ങളും അതിനനുസരിച്ച് വർദ്ധിക്കും. ഭക്ഷണത്തിലെ മാറ്റം കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങൾ പുകവലി, മദ്യപാനം, വ്യായാമം, പാരമ്പര്യ ഘടകങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു. അതിനാൽ എല്ലാവരിലും ഒരേ തരത്തിലുള്ള ഗുണഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.