• HOME
  • »
  • NEWS
  • »
  • life
  • »
  • Ramadan 2022 | റമദാൻ കാലത്ത് പരീക്ഷിക്കാവുന്ന, ആരോഗ്യകരമായ ഇഫ്താർ വിഭവങ്ങൾ

Ramadan 2022 | റമദാൻ കാലത്ത് പരീക്ഷിക്കാവുന്ന, ആരോഗ്യകരമായ ഇഫ്താർ വിഭവങ്ങൾ

ഈ റമദാൻ മാസത്തിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന, ആരോഗ്യകരമായ ഏഴ് ഇഫ്താർ വിഭവങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിശുദ്ധ റമദാൻ (റംസാൻ) മാസം ആരംഭിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസക്കാലം മുസ്ലീം മതവിശ്വാസികൾക്ക് ഉപവാസത്തിനും (Fasting) പ്രാർത്ഥനകൾക്കും (Prayers) ആത്മീയ ചിന്തകൾക്കും വേണ്ടിയുള്ളതാണ്. റമദാൻ (Ramadan) മാസത്തിൽ ഉപവാസത്തിനാണ് പ്രാധാന്യം. ഇതോടൊപ്പം സെഹ്രിയ്ക്കും (Sehri) ഇഫ്താറിനും (Iftar) സ്വാദിഷ്ഠമായ ഭക്ഷണം ആസ്വദിക്കാനുള്ള നാളുകൾ കൂടിയാണിത്.

    റമദാൻ മാസത്തിൽ ദിവസത്തിൽ ഏറിയ സമയവും ഉപവാസത്തിലായതിനാൽ നോമ്പെടുക്കുന്നവർ ആരോഗ്യകാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.
    ഈ റമദാൻ മാസത്തിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന, ആരോഗ്യകരമായ ഏഴ് ഇഫ്താർ വിഭവങ്ങൾ ഇതാ:

    1. ഗ്രിൽഡ് ചിക്കൻ സാലഡ്
    എപ്പോഴും പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുകൾ (Nuts) എന്നിവ മാത്രം ഉപയോ​ഗിച്ചുള്ള സാധാരണ സാലഡുകൾ മാത്രം കഴിക്കണമെന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട ഗ്രിൽഡ് ചിക്കൻ കൂടി ചേർത്ത് സാലഡ് കൂടുതൽ സ്വാദിഷ്ഠമാക്കാം. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള, വളരെ ആരോ​ഗ്യദായകമായ ഭക്ഷണമാണിത്. അതിനാൽ ഇത്തവണത്തെ ഇഫ്താർ വിഭവങ്ങളിൽ ഗ്രിൽഡ് ചിക്കൻ സാലഡ് കൂടി ഉൾപ്പെടുത്താം.

    2. എണ്ണയില്ലാതെ തയ്യാറാക്കാവുന്ന ഓട്‌സ് - പഴം മഫിൻ
    ചിലർക്ക് ഇഫ്താറിന് മധുര പലഹാരങ്ങൾ ഉണ്ടാക്കാൻ ഇഷ്ടമാണ്. നിങ്ങൾക്ക് ഇതിനായി ആരോഗ്യകരമായ ഒരു വിഭവം തിരഞ്ഞെടുക്കാം. ഈ വിഭവം തയ്യാറാക്കാൻ ഏതെങ്കിലും തരത്തിലുള്ള ധാന്യപ്പൊടികളോ പഞ്ചസാരയോ എണ്ണയോ ആവശ്യമില്ല. ഇതിന് പകരം തേൻ, ഓട്സ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ചേരുവകളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. ഏകദേശം 20 മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവമാണിത്.

    3. ആവിയിൽ വേവിച്ച ദഹി ഭല്ല
    ദഹി ഭല്ല എന്നും അറിയപ്പെടുന്ന ദഹി വട അഥവ തൈര് വട എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. ഇത്തവണ കൂടുതൽ ആരോ​ഗ്യകരമായ ദഹി ഭല്ല ഇഫ്താർ വിഭവങ്ങളിൽ ഉൾപ്പെടുത്താം. ഇതിൽ ഉപയോ​ഗിക്കുന്ന വട എണ്ണയിൽ വറത്തെടുക്കുകയല്ല പകരം ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചെറുപയർ പരിപ്പും ഉഴുന്ന പരിപ്പും ഉപയോ​ഗിച്ചാണ് വട ഉണ്ടാക്കുന്നത്. അതു കൊണ്ടു തന്നെ പ്രോട്ടീൻ സമ്പുഷ്ടമാണ് ഈ വിഭവം. ശുദ്ധമായ തൈരും വീട്ടിൽ തന്നെ ഉള്ള സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് വിഭവം കൂടുതൽ സ്വാദിഷ്ഠമാക്കാം.

    4. ത്രീ ബീൻസ് ചാട്ട്
    ഈ ഇഫ്താറിന് സ്വാദിഷ്ഠവും അതേസമയം ആരോ​ഗ്യകരവുമായ ഒരു വിഭവം തയ്യാറാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുവെങ്കിൽ ത്രീ ബീൻസ് ചാട്ട് തിരഞ്ഞെടുക്കാം. അമരപ്പയർ, വെള്ളക്കടല, ​പച്ച പട്ടാണി (​ഗ്രീൻപീസ്) എന്നിവയിൽ കുറച്ച് മസാലയും ചെറുനാരങ്ങ നീരും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. പ്രോട്ടീൻ ധാരാളം അടങ്ങിയ പോഷക സമ്പുഷ്ടമായ ആഹാരമാണിത്.

    5. കൊഴുപ്പ് കുറഞ്ഞ ചിക്കൻ ഷവർമ
    പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഭക്ഷണത്തിൽ കൊഴുപ്പ് വളരെ കുറവാണ്. ഇതിൽ മറ്റ് പച്ചക്കറികൾക്കൊപ്പം എണ്ണ വളരെ കുറച്ച് ഉപയോ​ഗിച്ച് പാൻ-ഫ്രൈ ചെയ്തെടുത്ത ചിക്കൻ ആണ് ഉപയോ​ഗിക്കുന്നത്. വളരെ സ്വാദിഷ്ഠമാർന്ന ഈ വിഭവം തീർച്ചയായും ഇഫ്താർ വിരുന്നിൽ ഉൾപ്പെടുത്താവുന്നതാണ്.

    6. ചീരയിലയിൽ പൊതിഞ്ഞ ചിക്കൻ റോളുകൾ
    നിങ്ങളുടെ ഇഫ്താർ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലളിതവും അതേസമയം എളുപ്പത്തിൽ പാചകം ചെയ്യാവുന്നതുമായ ഒരു ചിക്കൻ വിഭവം ആണിത്. സാധാരണ ചിക്കൻ റോളുകളെ അപേക്ഷിച്ച് അൽപ്പം വ്യത്യസ്തമായാണ് ഇത് ഉണ്ടാക്കുന്നത്. ചിക്കൻ മാരിനേറ്റ് ചെയ്‌തുകൊണ്ട് ആദ്യം ഒരു മിശ്രിതം തയ്യാറാക്കണം. അതിന് ശേഷം ചീരയിലയിൽ ഈ മിശ്രിതം പൊതിഞ്ഞ് ആവിയിൽ വേവിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള സോസ് ചേർത്ത് ഇത് കഴിക്കാം.

    7. ഈന്തപ്പഴം - അത്തിപ്പഴം ഫഡ്ജ്
    മിനുട്ടുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മധുരവിഭവമാണിത്. ഈന്തപ്പഴം, നിലക്കടല വെണ്ണ, അത്തിപ്പഴം, കൂടാതെ കുറച്ച് എള്ള് എന്നിവ മാത്രം മതി ഈ വിഭവം തയ്യാറാക്കാൻ.
    Published by:user_57
    First published: