കടലിന് നടുവിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്രയെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മൈലുകളോളം നീണ്ടുകിടക്കുന്ന ആകാശവും കടലും തലയ്ക്ക് മുകളിലൂടെ പറക്കുന്ന കടല്‍കാക്കകളെയും കണ്ട് യാത്ര ചെയ്യുന്നത് പോലെ സുന്ദരമായ മറ്റൊരു വിനോദമില്ല. കൂടാതെ, കപ്പലുകളിലെ ഓണ്‍ബോര്‍ഡ് ഡെക്ക് പാര്‍ട്ടികളും ആഢംബര സിനിമാ തിയറ്ററുകളും ലൈവ് മ്യൂസിക്കും കൂടി ചേരുമ്പോൾ യാത്ര കൂടുതൽ മനോഹരമാകും. ലോകത്തെ പ്രധാനപ്പെട്ട ചില സമുദ്രയാത്രകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
1. ബ്രിട്ടീഷ് ദ്വീപുകളും ലിവര്‍പൂളും
ബ്രിട്ടീഷ് ദ്വീപുകള്‍ സന്ദർശിക്കാൻ എമറാള്‍ഡ് പ്രിൻസസ് എന്ന കപ്പലിൽ 10 ദിവസത്തെ യാത്ര നടത്താം. 2022 സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന യാത്ര ഏഴ് തുറമുഖങ്ങളിലൂടെ കടന്നുപോകും. സതാംപ്ടണില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പോര്‍ട്ട്ലാന്‍ഡ്, ഗുവേര്സി, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ഗ്ലാസ്ഗോ, ലിവര്‍പൂള്‍, ഹോളിഹെഡ് (വെയില്‍സ്) എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക. തുടര്‍ന്ന് സതാംപ്ടണിലേക്ക് മടങ്ങും. ഒരാൾക്ക് 1006 ഡോളര്‍ എന്ന നിരക്കിലാണ് യാത്രാച്ചെലവ് ആരംഭിക്കുന്നത്. ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഡൈനിംഗ്, ഹോട്ട് ബാത്ത്, ഗാലറികള്‍ എന്നിവയും കപ്പൽയാത്രയിൽ ലഭ്യമാകും. പ്രിന്‍സസ് ക്രൂയിസ് കമ്പനിയാണ് ഈ യാത്ര നടത്തുന്നത്.
2. ബാലിയിൽ നിന്ന് ടോക്കിയോ വരെ
കിഴക്കന്‍ ഏഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യം അടുത്തറിയാനുള്ള മികച്ച ഓപ്ഷനാണ് ഈ സമുദ്രയാത്ര. 2023 ഫെബ്രുവരി 13ന് റീജന്റ് സെവന് സീസ് ക്രൂയിസ് കപ്പൽ യാത്ര ആരംഭിക്കും. രാത്രി വിനോദങ്ങള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടി 29 ദിവസം ക്രൂയിസില്‍ ചിലവഴിക്കാം. സിംഗപ്പൂര്‍, തായ്ലന്ഡ്, വിയറ്റ്നാം, ചൈന, തായ്വാന്, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാം.
3. മെഡിറ്ററേനിയന്‍ ഒഡീസി (Mediterranean Odyssey)
ബാഴ്സലോണയില്‍ നിന്ന് വെനീസിലേക്കുള്ളതാണ് ഈ സമുദ്രയാത്ര. മനോഹരമായ ഫ്രഞ്ച് റിവിയേര ഉള്‍പ്പെടെ യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. റോം, മോണ്ടെ-കാര്‍ലോ, കോര്‍ഫു തുടങ്ങിയ ആറ് നഗരങ്ങളിലൂടെ 10 ദിവസം യാത്ര ചെയ്യാം. മാര്‍ച്ച് 28ന് ആരംഭിക്കുന്ന യാത്രയില്‍ ഒരാള്‍ക്ക് 6299 ഡോളറാണ് ചെലവ്. നവംബര്‍ 7ന് ആരംഭിക്കുന്ന മറ്റൊരു ട്രിപ്പിൽ ഒരാള്‍ക്ക് 5299 ഡോളര്‍ ചെലവ് വരും.
4. ഈജിയന്‍ സീ ഒഡീസി (Aegean Sea Odyssey)
ഗ്രീക്ക് ക്ഷേത്രങ്ങളും ടര്‍ക്കിഷ് പള്ളികളും കണ്ടുകൊണ്ടുള്ള വിന്‍ഡ്സ്റ്റാര്‍ ക്രൂയിസ് കപ്പലിന്റെ യാത്ര ഏഥന്‍സില്‍ നിന്ന് തുടങ്ങി ഇസ്താംബൂളിൽ അവസാനിക്കും. മൈക്കോനോസില്‍ എത്തുന്നതിന് മുമ്പ് സാന്റോറിനി, ബോഡ്രം എന്നിവയുള്‍പ്പെടെ ഗ്രീസിലെ കൊതിപ്പിക്കുന്ന ചില പ്രദേശങ്ങളിലൂടെ കപ്പൽ യാത്ര ചെയ്യും. ഒരാള്‍ക്ക് 4999 ഡോളറാണ് യാത്രയുടെ ചെലവ്.
5. അലാസ്കയിലേക്കുള്ള 7 ദിവസത്തെ യാത്ര
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് അലാസ്ക. റോയല്‍ കരീബിയന്‍ കപ്പലിലെ ഈ സമുദ്രയാത്ര 7 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ്. 2023 ഏപ്രില്‍ 23ന് ക്രൂയിസ് യാത്രയാരംഭിക്കും. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നിന്നാണ് യാത്ര ആരംഭിക്കുക. വാന്‍കൂവറിലേക്ക് മടങ്ങുന്നതിനു മുമ്പ് അലാസ്കയിലെ സിറ്റ്ക, ജുനൗ, സ്കാഗ്വേ, ഹെയ്ന്‍സ്, ട്രേസി ആം ഫ്ജോര്‍ഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യും. ഇന്റീരിയര്‍ റൂമുകള്‍ക്ക് 430 ഡോളറും ഔട്ട്സൈഡ് വ്യൂ റൂമുകള്‍ക്ക് 731 ഡോളറും ബാല്‍ക്കണി റൂമുകള്‍ക്ക് 1657 ഡോളറും സ്യൂട്ടുകള്‍ക്ക് 2560 ഡോളറുമാണ് ചെലവ്.
6. സെന്റിനറി വേൾഡ് വോയേജ്, 101 യാത്രകള്‍
ലോകമെമ്പാടും സഞ്ചരിക്കാൻ ഉദ്ദേശിച്ചുള്ള ഈ യാത്ര 2023 ജനുവരി 11ന് ആരംഭിച്ച് 2023 ഏപ്രില്‍ 23ന് അവസാനിക്കും. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 101 രാത്രികള്‍ നീണ്ടുനിൽക്കും. ന്യൂയോർക്ക്, പനാമ കനാൽ, ടോംഗ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, ചൈന, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, യുഎഇ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. ഒരാള്‍ക്ക് 20,869 ഡോളറാണ് ടൂറിന്റെ പ്രാരംഭ ചെലവ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.