ചില മാതാപിതാക്കളെങ്കിലും തങ്ങളുടെ കുട്ടികൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനെക്കുറിച്ചും അവരുടെ വഴക്കാളി സ്വഭാവത്തെക്കുറിച്ചുമൊക്കെ (Bullying) ആശങ്കപ്പെടുന്നവരായിരിക്കും. പല സ്കൂളുകളും കുട്ടികളുടെ ഇത്തരം പെരുമാറ്റങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. എങ്കിലും സുഹൃത്തുക്കളെയോ ജൂനിയർ വിദ്യാർഥികളെയോ ഒക്കെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും അതിൽ ആനന്ദം കണ്ടെത്തുന്ന കുട്ടികളുണ്ട്. നിങ്ങളുടെ കുട്ടി അങ്ങനെ ഒരാളാണെങ്കിൽ ആ സ്വഭാവത്തിനു പിന്നിലെ കാരണം ആണ് ആദ്യം അറിയേണ്ടത്.
ചിലപ്പോൾ സമപ്രായക്കാരുടെ സമ്മർദത്തിന്റെ ഫലമാകാം ഇത്. ചിലപ്പോൾ അത്തരം പ്രേരണകളെയോ കോപത്തെയോ നിയന്ത്രിക്കുന്നതിന് കുട്ടിക്ക് കഴിഞ്ഞില്ലെന്നു വരാം. കുട്ടികളിലെ ഈ സ്വഭാവം ഇല്ലാതാക്കാനും നിയന്ത്രിക്കാനും സ്കൂളുകൾ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതു പോലെ തന്നെ, രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ചുവടെ.
1. അവഗണിക്കരുത് (Don’t ignore)
നിങ്ങളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചതായി മനസിലാക്കിയാൽ, അതേക്കുറിച്ച് അവരോട് നേരിട്ട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചറിയണം. നിങ്ങൾ അതേക്കുറിച്ച് അറിഞ്ഞെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ശരിയായ കാര്യമല്ലെന്നും അവർക്ക് മനസിലാകണം.
2. കാരണം തിരിച്ചറിയുക (Address the cause)
തങ്ങളുടെ കുട്ടി ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതോ ഉപദ്രവിച്ചതോ എന്തുകൊണ്ടാണെന്ന് മാതാപിതാക്കൾ കണ്ടെത്തേണം. നിങ്ങളുടെ കുട്ടിയോടു തന്നെ സംസാരിച്ച് അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുക. ആരോഗ്യകരമായ സൗഹൃദത്തെക്കുറിച്ചും സമപ്രായക്കാരുടെ സമ്മർദ്ദത്തെ എങ്ങനെ ചെറുക്കാം എന്നതിനെക്കുറിച്ചും കുട്ടിയെ പറഞ്ഞു പഠിപ്പിക്കണം.
3. അനന്തരഫലങ്ങൾ (Consequences)
നിങ്ങളുടെ കുട്ടി സുഹൃത്തുക്കളെയോ മറ്റാരെയെങ്കിലുമോ കമ്പ്യൂട്ടറുകളോ സ്മാർട്ട്ഫോണുകളോ വഴി ഭീഷണിപ്പെടുത്തുന്നുണ്ടോ (cyber bully) എന്ന് നിരീക്ഷിക്കണം. അത്തരം ഉപകരണങ്ങൾ നിങ്ങളുടെ മുൻപിൽ വെച്ചു മാത്രം ഉപയോഗിക്കാൻ അനുവദിക്കുക. ഇതു വഴി നിങ്ങളുടെ കുട്ടി ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നും എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നും നിങ്ങൾക്ക് മനസിലാക്കാനാകും.
4. കുട്ടിയെ അപമാനിക്കരുത് (Don’t Shame Your Child)
മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതിയും കുട്ടികളുടെ മുൻപിൽ വെച്ച് മറ്റുള്ളവരോട് പെരുമാറുന്ന രീതിയുമെല്ലാം അവരുടെ സ്വഭാവ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തും. മറ്റുള്ളവരുടെ മുൻപിൽ വെച്ച് നിങ്ങളുടെ കുട്ടിയെ പരസ്യമായി അപമാനിക്കുകയോ നിങ്ങളുടെ കുട്ടികളുടെ സാന്നിധ്യത്തിൽ മറ്റുള്ളവരെ അപമാനിക്കുകയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാൽ, മറ്റുള്ളവരെ അപമാനിക്കുന്നതും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമൊക്കെ സാധാരണമായ ഒരു കാര്യമാണെന്ന് കുട്ടികൾ വിചാരിക്കും. മറ്റുള്ളവരെ അപമാനിക്കുന്നതും അവരെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് കുട്ടികൾ മനസിലാക്കണം.
5. സഹാനുഭൂതി പഠിപ്പിക്കുക (Teach Empathy)
ചെറുപ്പത്തിൽ തന്നെ നിങ്ങളുടെ കുട്ടിയുടെ വൈകാരിക വശങ്ങൾ ശക്തിപ്പെടുത്തേണ്ടതും ചെറുപ്രായത്തിൽ തന്നെ അവരെ സഹാനുഭൂതി പഠിപ്പിക്കേണ്ടതും മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്തമായി കാണണം. ഈ സ്വഭാവ സവിശേഷത ഉള്ള കുട്ടികൾക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനോ അവരോട് വഴക്കുണ്ടാക്കാനോ തോന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.