• HOME
 • »
 • NEWS
 • »
 • life
 • »
 • ഡോക്ടറോട് ചോദിക്കാം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ കോവിഡ് 19 ബാധിക്കുന്നത് എങ്ങനെ?

ഡോക്ടറോട് ചോദിക്കാം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ കോവിഡ് 19 ബാധിക്കുന്നത് എങ്ങനെ?

കുട്ടികളുടെ പൊതുവായ മനോനിലയെ കോവിഡ് പരോക്ഷമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

Dr Rakesh Lodha

Dr Rakesh Lodha

 • News18
 • Last Updated :
 • Share this:
  #സിമാന്ദിനി ഡേ

  കൊറോണ വൈറസ് മഹാമാരി സാമൂഹിക ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടിരിക്കുകയാണ്. രോഗവ്യാപനം സൃഷ്‌ടിച്ച ഭീതിയിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും നമ്മൾ ഇതുവരെ മുക്തി നേടിയിട്ടില്ല. അതിന്റെ പ്രത്യാഘാതമെന്നോണം വ്യാജ വാർത്തകൾ കാട്ടുതീ പോലെ പടരുന്നതിനും സാക്ഷ്യം വഹിക്കുന്നുണ്ട്. സമൂഹത്തിൽ നിരവധി പേരാണ് അവ വിശ്വസിച്ച് വൈറസ് ബാധയെ നേരിടുന്ന കാര്യത്തിൽ തീർത്തും അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നത്.

  മാസം തികയും മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളെ കോവിഡ് 19 എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും ഗർഭിണികൾ വാക്സിൻ സ്വീകരിച്ചാൽ അത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും ഇവിടെ വിശദമായി സംസാരിക്കുകയാണ് എയിംസിലെ ശിശുരോഗവിഭാഗം പ്രൊഫസർ ഡോ. രാകേഷ് ലോധ.

  ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെ?

  കോവിഡ് രോഗബാധ ഉണ്ടാകുന്ന ഗർഭിണികൾക്ക് അവരുടെ ഗർഭാവസ്ഥയിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, അവർ വാക്സിനേഷന് വിധേയമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോവിഡ് വാക്സിൻ സ്വീകരിച്ച ഗർഭിണികളിൽ നിന്ന് കുഞ്ഞുങ്ങളിലേക്കും ആന്റിബോഡികൾ എത്തിച്ചേരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾ കുഞ്ഞിന് രോഗപ്രതിരോധശേഷി നൽകാൻ ഈ ആന്റി ബോഡികൾക്ക് കഴിയും.

  കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? എത്രത്തോളം ഫലപ്രദമാണ്? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

  കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആശുപത്രികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

  മുതിർന്ന ആളുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കിലാണ് കുഞ്ഞുങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിതരായ കുഞ്ഞുങ്ങളിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളത്. അവരിൽ തന്നെ മിക്കവാറും പേരിലും രോഗതീവ്രത വളരെ കുറവുമാണ്. എന്നാൽ, കൂടുതൽ ആളുകൾ രോഗബാധിതരാകുന്നതിന് അനുസരിച്ച് കുഞ്ഞുങ്ങളിലും രോഗബാധ വർദ്ധിക്കുകയും അവരിൽ രോഗതീവ്രത കൂടുതലാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.

  ഇനി വരാൻ പോകുന്ന കോവിഡ് തരംഗങ്ങളിൽ കുഞ്ഞുങ്ങൾക്കിടയിൽ രോഗബാധ ക്രമാതീതമായ അളവിൽ വർദ്ധിക്കുമെന്ന ഊഹത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല. എങ്കിലും, ഏതൊരു സാഹചര്യത്തെയും നേരിടാൻ നമ്മൾ തയ്യാറാകേണ്ടതുണ്ട്. രോഗബാധിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത വർദ്ധിച്ചേക്കാം എന്ന അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്താനുള്ള ശ്രമത്തിലാണ് രാജ്യത്തെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ. ഇതിനായി ആശുപത്രികളിൽ കോവിഡ് ബാധിതരായ കുട്ടികൾക്ക് വേണ്ടി പ്രത്യേകം വാർഡുകൾ, ഐസൊലേഷൻ മുറികൾ എന്നിവ സജ്ജീകരിക്കേണ്ടതുണ്ട്. കുട്ടികൾക്കായി പ്രത്യേക ചികിത്സാ ഉപകരണങ്ങളും മരുന്നുകളും ആവശ്യമായി വരും. ഇതിന് ഉതകുന്ന വിധത്തിൽ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കോവിഡ് ബാധിതരായ കുട്ടികളെ പരിചരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം ഊർജിതമായി നൽകി വരികയാണ്.

  കോവിഡ് രോഗബാധ തടയുന്നതിനുള്ള മുൻകരുതലുകൾ മുതിർന്നവരുടേതിന് സമാനമായ രീതിയിൽ കുട്ടികളും കൈക്കൊള്ളേണ്ടതുണ്ട്. വളരെ ചെറിയ കുട്ടികൾക്ക് കൃത്യമായ രീതിയിൽ മാസ്ക് ധരിക്കാൻ കഴിഞ്ഞേക്കില്ല എന്ന വസ്തുതയും കണക്കിലെടുക്കണം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പെരുമാറ്റരീതികൾ മുതിർന്നവരെപ്പോലെ തന്നെ കുട്ടികളും ശീലിക്കണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ കുട്ടികളിലെ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ടെലി കൺസൾട്ടേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ആശുപത്രികളിലും മറ്റു ചികിത്സാ കേന്ദ്രങ്ങളിലും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് അധികൃതർ ഉറപ്പു വരുത്തണം.

  മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കോവിഡ് രോഗബാധ ഉണ്ടാകുമോ? അവർക്ക് പ്രത്യേക പരിചരണം നൽകേണ്ടതുണ്ടോ?

  നവജാതശിശുക്കൾക്കും കോവിഡ് ബാധ ഉണ്ടായേക്കാം. എന്നാൽ, അവയിൽ ഭൂരിഭാഗം കേസുകളിലും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. രോഗതീവ്രതയും കുറവായിരിക്കും. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ കോവിഡ് പരിചരണം നവജാതശിശുക്കളുടേതിന് സമാനമായിരിക്കും. രോഗതീവ്രതയുടെ സ്വഭാവം എന്ത് തന്നെയായാലും അവരെ നിയോനേറ്റൽ ഐ സി യുവിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സയും പരിചരണവും നൽകണം.

  ഗർഭിണികൾക്ക് കോവിഡ് ബാധ ഉണ്ടായാൽ അത് കുഞ്ഞിൽ എന്തെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുമോ?

  സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ഗർഭിണികൾക്ക് കോവിഡ് ബാധിച്ചാൽ ഗർഭാവസ്ഥയിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാസം തികയാതെ പ്രസവിക്കാനും നവജാതശിശുക്കൾക്ക് തൂക്കം കുറവാകാനുമുള്ള സാധ്യതയും കൂടുതലാണ്. കോവിഡ് ബാധിതരായ ഗർഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ 10 - 15 ശതമാനം പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചേക്കാം. ഈ കുഞ്ഞുങ്ങൾക്ക് രോഗലക്ഷണങ്ങൾ പൊതുവെ കുറവായിരിക്കും. രോഗതീവ്രതയും കുറവായിരിക്കും. എന്നാൽ, നവജാതശിശുക്കളിൽ ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തിന് അമ്മമാരുടെ കോവിഡ് ബാധ കാരണമാകും എന്നതിന് തെളിവുകളൊന്നും ലഭ്യമല്ല.

  കോവിഡ് 19 കുഞ്ഞുങ്ങളുടെ തലച്ചോറിനെ ഏത് രീതിയിലാണ് ബാധിക്കുക?

  നേരത്തെ സൂചിപ്പിച്ച പോലെ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന കുട്ടികളിൽ മിക്കവാറും പേർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കണ്ടു വരാറുള്ളൂ. എന്നാൽ, ഏതൊരു രോഗത്തിന്റെ കാര്യത്തിലും സംഭവിക്കാവുന്നതു പോലെ ചില കുഞ്ഞുങ്ങളിൽ തീവ്രമായ രോഗാവസ്ഥ ഉണ്ടായേക്കാം. ഇതിൽ മിക്ക കേസുകളിലും ശ്വാസകോശത്തെ ബാധിക്കുന്ന സങ്കീർണതകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, വളരെ അപൂർവമായി തലച്ചോറിനെയും രോഗം ബാധിച്ചേക്കാം. ഗുരുതരമായ ശ്വാസകോശ രോഗം ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അത് തലച്ചോറിനെ ബാധിച്ചേക്കാം.

  കുട്ടികളുടെ പൊതുവായ മനോനിലയെ കോവിഡ് പരോക്ഷമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്നതിനാലും പഠനപ്രക്രിയയെ കോവിഡ് സാഹചര്യം ദോഷകരമായി ബാധിക്കുന്നതിനാലും കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ കോവിഡ് മൂലം മരണപ്പെടുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്യുന്നതിനാലുമൊക്കെ കുട്ടികളിൽ മനസികാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ സാമ്പത്തികമായ പരാധീനത മൂലം കുട്ടികൾക്ക് വേണ്ടത്ര പോഷകഭക്ഷണം ലഭിക്കാത്ത സാഹചര്യവും രാജ്യത്ത് പലയിടത്തും ഉണ്ടാകുന്നുണ്ട്. ഇതെല്ലാം കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ട്.
  Published by:Joys Joy
  First published: