• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting Tips | കുട്ടികളുടെ മികച്ച ഭാവിയ്ക്കായി മാതാപിതാക്കൾ പകർന്നു നൽകേണ്ട മാനുഷിക മൂല്യങ്ങൾ

Parenting Tips | കുട്ടികളുടെ മികച്ച ഭാവിയ്ക്കായി മാതാപിതാക്കൾ പകർന്നു നൽകേണ്ട മാനുഷിക മൂല്യങ്ങൾ

വളരുന്ന പ്രായത്തിൽ കുട്ടികൾ ശീലമാക്കുന്ന കാര്യങ്ങളാണ് ഭാവിയിൽ ആ കുട്ടിയുടെ സ്വഭാവ രൂപീകരണത്തിനടക്കം അടിസ്ഥാനമാകുക

  • Share this:
    കുട്ടികളുടെ (Children) ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം നെയ്യുന്നവരും അതിനായി അക്ഷീണം പ്രവർത്തിക്കുന്നവരുമാണ് മാതാപിതാക്കൾ (Parents). ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ ആരംഭിക്കുന്നുണ്ട്. കുട്ടിക്കാലം (Childhood) ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. വളരുന്ന പ്രായത്തിൽ കുട്ടികൾ ശീലമാക്കുന്ന കാര്യങ്ങളാണ് ഭാവിയിൽ ആ കുട്ടിയുടെ സ്വഭാവ രൂപീകരണത്തിനടക്കം അടിസ്ഥാനമാകുക. നമ്മുടെയെല്ലാം വ്യക്തിത്വ രൂപീകരണത്തിൽ (Personality Development) ബാല്യകാല അനുഭവങ്ങൾക്ക് നിർണായകമായ പങ്കുണ്ട്.

    അതിനാൽ പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതരമായ സാമൂഹിക വിഷയങ്ങളിൽ കൂടി കുട്ടികൾക്ക് അറിവ് നൽകണം. ദയ, കരുണ തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടിക്കാലം മുതൽ തന്നെ അവരെ പരിചയപ്പെടുത്തണം. ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഇത്തരത്തിൽ ദയയും സ്നേഹവും ശീലമാക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. വളർച്ചയുടെ ഘട്ടങ്ങളിൽ അവർ വഞ്ചിതരായേക്കുമോ എന്ന ഭയമാണ് അതിന് കാരണം. എന്നാൽ ജീവിതത്തിന്റെ ഏതൊക്കെ ഘട്ടങ്ങളിലാണ് ഈ മൂല്യങ്ങൾ പ്രകടമാക്കേണ്ടത് എന്നുള്ളത് പതിയെ കുട്ടികളെ ബോധ്യപ്പെടുത്തിയാൽ അത് അവരുടെ ജീവിതത്തിന് ഏറെ ഗുണം ചെയ്യും. കുട്ടികളിൽ വളർത്തിയെടുക്കേണ്ട ചില മൂല്യങ്ങൾ ഇവയാണ്:

    പങ്കുവെയ്ക്കൽ

    കൂട്ടുകാരോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആളുകളോ കൂടെ ഉള്ളപ്പോൾ ഭക്ഷണസാധങ്ങൾ ഉൾപ്പെടെയുള്ളവ പങ്കുവെച്ചു കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. കളിപ്പാട്ടങ്ങൾ ആയാൽ പോലും പങ്കിടാൻ പഠിപ്പിക്കുക. സുഹൃത്തുക്കളുമായി കളിപ്പാട്ടങ്ങൾ, ചോക്ലേറ്റ് എന്നിവ പങ്കിടുന്നത് നല്ല ശീലമാണെന്നു അവരെ മനസിലാക്കുക.

    നന്ദി പ്രകടിപ്പിക്കുക

    വളർന്നു വരുന്ന പ്രായത്തിൽ മറ്റുള്ളവരോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക. സുഹൃത്തുക്കളിൽ നിന്നോ മുതിർന്നവരിൽ നിന്നോ എന്തെങ്കിലും സഹായം സ്വീകരിക്കുമ്പോൾ പകരമായി നന്ദി പറയാൻ അവരെ പഠിപ്പിക്കുക. ഇത് ഭാവിയിൽ അവർക്ക് വളരെ ഗുണം ചെയ്യും.

    അഭ്യർത്ഥിക്കുന്നതിൽ അപമാനം തോന്നേണ്ടതില്ല

    ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് ആവശ്യപ്പെടുന്നതിലൂടെ നേടിയെടുക്കാൻ കഴിയില്ലെന്ന് ഒരു കുട്ടി മനസ്സിലാക്കണം. ഒരാളോട് എന്തെങ്കിലും കാര്യം ആവശ്യമുണ്ടെങ്കിൽ ആജ്ഞാപിക്കുന്നതിനു പകരം അഭ്യർത്ഥിക്കാൻ ശീലിപ്പിക്കണം. മാന്യമായ പെരുമാറ്റം ഇതാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഒരു കാര്യം ആവശ്യമെങ്കിൽ ദയവായി എനിക്കത് ചെയ്ത തരാമോ എന്ന് ചോദിക്കുന്നതിൽ മഹത്വമുണ്ടെന്ന് അവരെ പഠിപ്പിക്കുക.

    ദാനം ചെയ്യുക

    തങ്ങളുടെ കൈയിലുള്ളവ തങ്ങളേക്കാൾ ആവശ്യം മറ്റൊരാൾക്കാണ് എന്ന് തിരിച്ചറിഞ്ഞാൽ അവ പൂർണ്ണമനസ്സോടെ നല്കാൻ കുട്ടികളെ ശീലിപ്പിക്കുക. ചെറുപ്പം മുതലേ കുട്ടികളെ അങ്ങനെ ചെയ്യാൻ പഠിപ്പിക്കാം. അനാഥാലയങ്ങൾ, നഴ്‌സിംഗ് ഹോമുകൾ, ഫോസ്റ്റർ ഹോമുകൾ എന്നിവയ്ക്ക് സംഭാവനകൾ നൽകുമ്പോൾ കുട്ടികളെക്കൂടി ഉൾപ്പെടുത്തുക. മറ്റുള്ളവർക്കായി വരുമാനത്തിന്റെ ഒരു പങ്ക് നീക്കി വെക്കുമ്പോൾ അത് കുട്ടികളോട് പറയുക. സംഭാവന നൽകാനുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങാൻ കുട്ടികളെ ഒപ്പം കൂട്ടുക.

    മൃഗസ്നേഹം വളർത്തുക

    മൃഗങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പഠിക്കുന്ന കുട്ടികൾ കൂടുതൽ
    സ്നേഹവും ഉത്തരവാദിത്തവും ഉള്ളവരായാണ് വളരുക. മൃഗങ്ങളെ പരിപാലിക്കുന്നതും ദിവസേന ഭക്ഷണം നൽകുന്നതും കുട്ടികളെ സ്നേഹത്തിന്റെ പുതിയ തലങ്ങൾ പഠിപ്പിക്കുന്നു.
    Published by:Arun krishna
    First published: