നിറങ്ങളുടെ ഉത്സവമാണ് ഹോളി (Holi). ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണിത്. ഹോളി ദിനത്തിൽ എല്ലാവരും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേരുകയും പരസ്പരം നിറങ്ങൾ വാരി വിതറി ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ വിവിധ നിറങ്ങളിലുള്ള പൊടികളിൽ നിന്ന് സ്വയം രക്ഷ നേടാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. കാരണം ഈ വർണപ്പൊടികൾ കണ്ണുകളിൽ ചൊറിച്ചിൽ, അസ്വസ്ഥത, അണുബാധ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. കൂടാതെ, കൃത്രിമമായ നിറങ്ങൾ കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും കാരണമായേക്കും.
ആഘോഷങ്ങളേക്കാൾ ഉപരി കണ്ണുകളുടെ സംരക്ഷണത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. പ്രിയപ്പെട്ടവരോടൊപ്പം വർണ്ണാഭമായി ഹോളി ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർ വർണപ്പൊടികളിൽ നിന്ന് കണ്ണുകളെ രക്ഷിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടുക
കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടിയാൽ നിറങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും അത് സഹായിക്കുന്നു. ഈ എണ്ണ കണ്ണിനകത്തേയ്ക്ക് പടരില്ല. കൺപോളകളിൽ ഒട്ടിപ്പിച്ച് കണ്ണുകളെ സംരക്ഷിക്കും. ഇതിനായി നിങ്ങൾക്ക് വെളിച്ചെണ്ണയോ കടുകെണ്ണയോ ഉപയോഗിക്കാം.
വെള്ളം ഉപയോഗിച്ച് കണ്ണുകൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക
ഹോളി ആഘോഷങ്ങൾക്ക് ശേഷം ശരീരത്തിലെ നിറങ്ങൾ കളയാൻ എല്ലാവരും വെള്ളം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ കണ്ണുകൾക്ക് ഇത് ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ നിറം കൂടുതൽ വ്യാപിക്കുന്നതിനും അസ്വസ്ഥതയുണ്ടാകുന്നതിനും അത് കാരണമാകും. കണ്ണുകളിൽ നിന്നുള്ള നിറങ്ങൾ ഫലപ്രദമായി വൃത്തിയാക്കുന്നതിന് നിങ്ങൾക്ക് ഐ ക്ലീനർ ഉപയോഗിക്കാം.
കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക
ഹോളി ദിനത്തിൽ കണ്ണിൽ നിറങ്ങൾ ചെന്നിട്ടുണ്ടെങ്കിൽ ഒരിക്കലും നിങ്ങളുടെ കണ്ണുകൾ തിരുമ്മരുത്. അങ്ങനെ ചെയ്താൽ കണ്ണിൽ പോറലുകൾ ഉണ്ടാകുന്നതിനും കളറിലെ കെമിക്കലുകൾ കണ്ണിൽ പടരുന്നതിനും സാധ്യതയുണ്ട്. കൂടാതെ കണ്ണിൽ പൊള്ളലും ചൊറിച്ചിലും ഉണ്ടായേക്കാം. ഒരു കോട്ടൺ തുണിയും ഐ ക്ലീനറും ഉപയോഗിച്ച് കണ്ണുകൾ മൃദുവായി വൃത്തിയാക്കുക. വിദഗ്ധരുടെ അഭിപ്രായത്തിൽ നിറങ്ങളുടെ പാർശ്വഫലങ്ങളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് കുഴമ്പ് രൂപത്തിൽ ലഭിക്കുന്ന ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത്.
ആഘോഷം അതിരു കടക്കാതിരിക്കാൻ ശ്രമിക്കുക
നമ്മുടെ സുഹൃത്തുക്കളുടെ കൈകളിൽ നിറങ്ങൾ കണ്ടാൽ രക്ഷപ്പെടാനായി നമ്മൾ ആദ്യം ചെയ്യുന്ന കാര്യം ഓടുകയാണ്. എന്നാൽ ഇത് നമ്മുടെ കണ്ണുകളിൽ നിറം വീഴാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ നിറങ്ങൾ വിതറുമ്പോൾ അത് സൗമ്യമായി ചെയ്യാനും മുഖത്ത് പൊടികൾ തേക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിയ്ക്കുക.
ഹോളി ആഘോഷങ്ങൾ ഇന്ത്യയിൽ വളരെ ആവേശത്തോടെയാണ് നടത്താറ്. എല്ലാവരും നിറങ്ങൾ പരസ്പരം വാരിയെറിയുമ്പോൾ ആരും കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പക്വതയോടെ പെരുമാറേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മറ്റൊരാളുടെ കണ്ണുകളിലേക്ക് വർണപ്പൊടികൾ എറിയാതിരിക്കാനും സ്വയം പ്രതിരോധിക്കാനും നമ്മൾ ശീലിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Holi 2022, Holi festival