വർഷം 1985. മാർച്ച് മാസത്തിലെ വേനലിൽ ജോസ് എന്ന പത്താം ക്‌ളാസ്സുകാരന്റെ കൈയ്യിൽ ഇംഗ്ലീഷ് ചോദ്യപേപ്പർ ഇരുന്നു വിറച്ചു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പാടുപെട്ട ആ വിദ്യാർത്ഥി പരീക്ഷയിൽ തോറ്റു. പൊതു പരീക്ഷയിൽ ഇംഗ്ലീഷിന് മാർക്ക് എട്ട്.
നാലക്ഷരം പഠിക്കാൻ കഴിവില്ലാത്തവനെ വർക്ഷോപ്പിൽ ജോലിക്ക് വിടാനായിരുന്നു കുടുംബത്തിന് താത്പ്പര്യം. ജോസും അത് അംഗീകരിച്ചു.
വർക്ഷോപ്പിലെ കരിപിടിച്ച ദിനങ്ങളിൽ ഒന്നിൽ ആ പതിനഞ്ച് കാരൻ ചിന്തിച്ചു, ഇനി റിപ്പയർ ചെയ്യേണ്ടത് വാഹനങ്ങളല്ല തൻ്റെ ജീവിതമാണ്. മുന്നോട്ട് ഓടേണ്ടത് തൻ്റെ സ്വപ്നങ്ങളാണ്. നെറ്റിയിലെ വിയർപ്പ് തുടച്ച് അന്ന് എഴുന്നേറ്റതാണ് ജോസ്. ഇംഗ്ലീഷിൻ്റെ അടിസ്ഥാന പാഠങ്ങൾ പോലും കൈവശമില്ലാതിരുന്ന ആ പാവപ്പെട്ട പയ്യന് പുത്തൻ കുതിപ്പ് അത്ര എളുപ്പമല്ലായിരുന്നു.
കിതച്ചു കിതച്ചു നിൽക്കുമെന്ന് തോന്നിയിടത്തൊന്നും ജീവിതമെന്ന വണ്ടി നിർത്താൻ ജോസ് പിന്നെ തയ്യാറായിട്ടേയില്ല. ഇപ്പോൾ ഫുൾ കണ്ടീഷനിലാണ്. ഇംഗ്ലീഷിന് മുന്നിൽ വിറച്ച് നിന്ന ആ പയ്യനിന്ന് ഡിവൈഎസ്പി ജോസാണ്. റാങ്കുകളോടെ ഒട്ടേറെ ബിരുദങ്ങൾ നേടി ഇപ്പോൾ ഡോക്ടറേറ്റും കരസ്ഥമാക്കി. തോൽവിയല്ല ജീവിതത്തിൻ്റെ അവസാന വാക്കെന്ന് ഒരുപാട് ചെറുപ്പക്കാരോട് ഡിവൈഎസ്പി ജോസ് ഒരു ചെറു ചിരിയോടെ പറയുമ്പോൾ ആ ജീവിതം ചിലർക്കെങ്കിലുമൊരു പാഠപുസ്തകമാകുകയാണ്.
![]()
തിരുവനന്തപുരം നെയ്യാറ്റിൻകര തമിഴ്നാട് അതിർത്തിയിലെ കൂതാളിയിലാണ് ജോസിൻ്റെ കുട്ടിക്കാലം. പ്ലാൻ്റേഷനിലെ ചെറിയ ജോലികൾ കരാറിനെടുത്ത് ചെയ്തിരുന്ന ആളായിരുന്നു അച്ഛൻ രാജയ്യ. അമ്മ മേരി വീട്ടമ്മ. നാലു മക്കൾ. കൂതാളി സ്കൂളിലെ പിൻബഞ്ചുകാരായിരുന്നു ജോസും കൂട്ടുകാരും. സ്കൂളിൽ പോകുന്നതു പോലും കൂട്ടുകാരുമായി കമ്പനിയടിക്കാൻ ആയിരുന്നു. ഇംഗ്ലീഷ് അക്ഷരമാല പോലും പൂർണമായി അറിയാതെയാണ് ആ വിദ്യാർത്ഥി പത്താംതരം വരെ എത്തിയത്.
ഒരിക്കൽ അധ്യാപകനായ സെൽവരാജ് ഒരു ഇംഗ്ലീഷ് കവിത വായിക്കാനായി ജോസിനോട് പറഞ്ഞു. അധ്യാപകൻ എത്ര പറഞ്ഞിട്ടും ഒരക്ഷരം പോലും വായിച്ചില്ല. സാറ് പൊതിരെ തല്ലി. ഒടുവിൽ ആ സത്യം ജോസ് പറഞ്ഞു തനിക്ക് വായിക്കാനറിയില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ പത്താം ക്ലാസ് തോറ്റു.
ജോസിൻ്റെ തോൽവി വീട്ടുകാരേയോ അധ്യാപകരേയോ ഞെട്ടിച്ചില്ല. കൂതാളിയിലെ അനേകായിരം കൂലി തൊഴിലാളികളിൽ ഒന്നായി ജോസും മാറി. വർക്ക്ഷോപ്പ് ജീവിതവുമായി മുന്നോട്ട് നീങ്ങി. ഇതിനിടയിൽ എപ്പോഴോ കൂതാളിക്ക് പുറത്തേക്കുള്ള ലോകം ജോസിനെ വിളിച്ചു. പുറത്ത് കടക്കണമെങ്കിൽ ആദ്യം പത്താം ക്ലാസ് എന്ന കടമ്പ കടക്കണം. പരീക്ഷ വീണ്ടും എഴുതണമെന്ന തീരുമാനമെടുത്ത ദിവസമാണ് ജീവിതത്തിലെ നാഴികക്കല്ല്.
രാവെന്നോ പകലെന്നോ ഇല്ലാതെ ജോസ് പഠിച്ചു. അങ്ങനെ എല്ലാവരുടേയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് ജോസ് പത്താംതരം പാസായി. പത്താം ക്ലാസ് പാസായതോടെ ഇനി വിട്ടു കൊടുക്കില്ലെന്നായി. പ്രീഡിഗ്രിക്ക് തേർഡ് ഗ്രൂപ്പെടുത്ത് പാരലൽ കോളേജിൽ പഠനം. സെക്കൻഡ് ക്ലാസോടെ പ്രീ ഡിഗ്രി പാസായി. പിന്നെ ബിരുദ പഠനത്തിനായി ധനുവച്ചപുരം വിടിഎം എൻ.എസ്.എസ്. കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം. കാര്യവട്ടം ക്യാമ്പസിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ നേടി. മലപ്പുറത്ത് പഞ്ചായത്ത് ക്ലർക്കായി ജോലി ലഭിച്ചെങ്കിലും അവധിയെടുത്ത് പഠനം തുടർന്നു.
![]()
സിവിൽ സർവീസിനായി ശ്രമിച്ചെങ്കിലും നാല് മാർക്കിന് പരാജയപ്പെട്ടു. പിന്നീട് നിരവധി സർക്കാർ ജോലികൾ ലഭിച്ചെങ്കിലും പൊലീസിനോടായിരുന്നു കമ്പം. 2003ൽ പൊലീസിൽ പ്രവേശിച്ചു. ജനങ്ങളുമായി അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജനമൈത്രി പോലീസ് ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും, സേനയ്ക്ക് ലഭിച്ച ഗുണങ്ങളെ കുറിച്ചുമായിരുന്നു ഗവേഷണത്തിനായി തിരഞ്ഞെടുത്ത വിഷയം. അങ്ങനെ പത്താം ക്ലാസ് തോറ്റവൻ ഡോക്ടറേറ്റ് വരെ നേടി.
പന്തളം എസ്.ഐ. ആയിരിക്കെ 2006ൽ യു.ജി.സി. സ്കെയിലിൽ കോളേജ് അധ്യാപകനായി ജോലി ലഭിച്ചെങ്കിലും പൊലീസിനോടും പൊതുജന സേവനത്തോടുമുള്ള ഇഷ്ടം മൂലം സേനയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലൈബ്രറി സയൻസ് പഠനകാലത്തെ സഹപാഠിയായിരുന്ന ഷൈനിയുമായുണ്ടായ പ്രണയം വിഹാത്തിലേക്കെത്തി.
![]()
ഷൈനി അധ്യാപികയാണ്. മീനാക്ഷിയും, അനഘയുമാണ് മക്കൾ.
സംസ്ഥന പൊലീസ് മേധാവി നൽകുന്ന ഉന്നത ബഹുമതി കരസ്ഥമാക്കുന്ന ഏക സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് ജോസ്. ഇപ്പോൾ ചെങ്ങന്നൂരിൽ ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.