HOME » NEWS » Life » HOW DID IT COME TO REPRESENT QUEER PRIDE GH

ആരാണ് എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രതീകമായ പ്രൈഡ് പതാക രൂപകൽപ്പന ചെയ്തത്?

പ്രൈഡ് റാലികളിലും മാർച്ചുകളിലും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന പരിപാടികളിലുമൊക്കെ ഈ ഫ്ലാഗ് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഈ ജനവിഭാഗം എത്രമേൽ വൈവിധ്യം നിറഞ്ഞതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പതാകയുടെ സാന്നിധ്യം.

News18 Malayalam | Trending Desk
Updated: June 23, 2021, 3:11 PM IST
ആരാണ് എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രതീകമായ പ്രൈഡ് പതാക രൂപകൽപ്പന ചെയ്തത്?
Representative Image
  • Share this:
ലോകമെമ്പാടും ജൂൺ മാസം 'പ്രൈഡ് മാസ'മായാണ് ആഘോഷിക്കുന്നത്. ഗേ, ലെസ്ബിയൻ, ബൈ, ജെൻഡർ നോൺ കൺഫർമിങ്, ട്രാൻസ് തുടങ്ങിയ നിരവധി ലൈംഗിക സ്വത്വങ്ങളുടെ ഭാഗമായി സ്വയം തിരിച്ചറിയപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പ്രൈഡ് എന്ന വാക്ക് ഒരു പതാകയുടെ പര്യായം കൂടിയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങളും പ്രതിനിധീകരിക്കുന്ന ആ പതാക വ്യത്യസ്ത ലൈംഗികസ്വത്വങ്ങളെ ഉൾക്കൊള്ളുന്ന വലിയൊരു സാമൂഹികവിഭാഗത്തിന്റെ പ്രതിഫലനം കൂടിയാണ്. പ്രൈഡുമായി ബന്ധപ്പെട്ട പ്രതീകങ്ങൾക്കെല്ലാം മഴവിൽ നിറങ്ങളായിരിക്കുമെന്ന് അവ നിരീക്ഷിക്കുന്നവർക്ക് അറിയാം. പ്രൈഡ് റാലികൾ, പ്രൈഡ് മാർച്ചുകൾ എന്നിവയിലെല്ലാം മഴവിൽ പതാകകൾ പാറിപ്പറക്കാറുണ്ട്. ആ റാലികളിലൂടെ ദൃശ്യത നേടുന്ന വിശാലമായ ജനവിഭാഗം ഉൾക്കൊള്ളുന്ന വ്യത്യസ്തതകളുടെ ആവിഷ്കാരമാണ് മനോഹരമായ മഴവിൽ നിറങ്ങൾ. എന്നാൽ, ഈ പ്രൈഡ് പതാകയുടെ ഉദ്ഭവത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

ഗിൽബർട്ട് ബേക്കറും മഴവിൽ പതാകയും

2015-ൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഈ പതാക ഏറ്റെടുത്തു കൊണ്ട് അറിയിച്ചത് ആർട്ടിസ്റ്റ് ഗിൽബർട്ട് ബേക്കറാണ് ആ പതാകയുടെ ശില്പി എന്നാണ്. 'ഞങ്ങളുടെ ഡിസൈൻ ശേഖരത്തിന്റെ ഭാഗമായി പ്രസിദ്ധമായ ഈ മഴവിൽ പതാകയെ കൂടി ചേർക്കുകയാണെന്ന് അറിയിക്കുന്നു. സമാനമായ സാർവത്രിക സ്വഭാവമുള്ള പ്രതീകങ്ങളായ @ എന്ന ചിഹ്നം, ക്രിയേറ്റീവ് കോമൺസ് ലോഗോ, റീസൈക്ലിങ് ചിഹ്നം എന്നിവയുടെ കൂട്ടത്തിലാണ് മഴവിൽ പതാകയെക്കൂടി ചേർത്തു വെയ്ക്കുന്നത്. 1978ൽ സാൻഫ്രാൻസിസ്‌കോയിൽ വെച്ച് ആർട്ടിസ്റ്റ് ഗിൽബർട്ട് ബേക്കറാണ് ഈ പതാക രൂപകൽപ്പന ചെയ്തത്' - മ്യൂസിയം അവരുടെ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്തെ കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ മകളെ മുതുകിൽ കെട്ടിവച്ച് നദി നീന്തിക്കയറി

തന്റെ ഓർമക്കുറിപ്പുകൾ ചേർത്ത് പ്രസിദ്ധീകരിച്ച 'റെയ്ൻബോ വാരിയർ' എന്ന പുസ്തകത്തിൽ ഗിൽബർട്ട് ബേക്കർ വളരെ വിശദമായി ഈ പതാകയുടെ ഉദ്ഭവത്തെക്കുറിച്ചും അതിനിടയാക്കിയ ആശയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. താൻ ഈ പതാക അവതരിപ്പിക്കുന്നതിന് മുമ്പ് സ്വവർഗാനുരാഗികളുടെ മുന്നേറ്റത്തിന്റെ പ്രതീകം പിങ്ക് ത്രികോണമായിരുന്നു എന്ന് ഗിൽബർട്ട് എഴുതുന്നു. 'എന്നാൽ സ്വവർഗാനുരാഗികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തെയാണ് ആ ചിഹ്നം പ്രതിനിധീകരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് അഡോൾഫ് ഹിറ്റ്ലർ സ്വവർഗാനുരാഗികൾക്‌ക് എതിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായി അവതരിപ്പിച്ച ഒന്നാണ് പിങ്ക് ത്രികോണം. അത് അടിച്ചമർത്തലിനായുള്ള നാസികളുടെ ഉപാധികളിലൊന്നായിരുന്നു. ആ ചിഹ്നത്തെ മറികടക്കുന്ന, സ്‌നേഹത്തെ ആഘോഷമാക്കുന്ന പോസിറ്റീവ് ആയ ഒരു പ്രതീകമാണ് നമുക്കാവശ്യം എന്ന് ഞങ്ങൾക്കെല്ലാം അന്ന് തോന്നിയിരുന്നു'. - ഗിൽബർട്ട് എഴുതുന്നു.

ക്വീർ ഐക്കണോഗ്രഫിയുടെ ഭാഗമായി മുമ്പ് പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ത്രികോണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഗേ, ലെസ്ബിയൻ വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികളെ സൂചിപ്പിക്കാൻ നാസികൾ ഉപയോഗിച്ചിരുന്ന ഈ ചിഹ്നങ്ങൾ പിന്നീട് എൽ ജി ബി ടി കമ്മ്യൂണിറ്റി തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. അതു കൂടാതെ പൗരാണിക ചിഹ്നമായ രണ്ടു തലയുള്ള ലാബ്രിസ് എന്ന മഴുവും ക്വീർ പ്രതീകങ്ങളിൽ ഇടം പിടിച്ചിരുന്നു.

'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്

'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകമായ ത്രിവർണ പതാകയിലെ ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളെക്കുറിച്ചാണ് ഞാൻ ആദ്യം ആലോചിച്ചത്. ഇരു പതാകകളുടെയും ഉത്ഭവം കലാപം, കലഹം, വിപ്ലവം എന്നിവയിലാണെന്നതും ഞാൻ ഓർത്തു. അധികാരത്തെക്കുറിച്ചുള്ള ആശയപ്രകാശനത്തിനായി ഒരു ഗേ രാഷ്ട്രത്തിന് അതിന്റേതായ പതാക അനിവാര്യമാണെന്ന് ഞാൻ കരുതിയിരുന്നു' - ഗിൽബർട്ട് കൂട്ടിച്ചേർക്കുന്നു. ഒരു ആൾക്കൂട്ടത്തിനിടയിൽ നൃത്തം ചവിട്ടുമ്പോഴാണ് ആ പതാകയെക്കുറിച്ചുള്ള ദൃശ്യപരമായ ആശയം ഉടലെടുത്തതെന്നും ഗിൽബർട്ട് എഴുതുന്നുണ്ട്.

ഡാനിയൽ ക്വാസറിന്റെ പ്രോഗ്രസ് പ്രൈഡ് പതാക

എന്നാൽ, മഴവില്ല് എന്ന പ്രതീകത്തിന്റെ രൂപകൽപ്പനയുടെ ഏക ഉത്തരവാദി ഗിൽബർട്ട് ബേക്കർ ആണെന്ന അവകാശവാദത്തെ ലോസ് ആഞ്ചലസ്‌ ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം നിഷേധിക്കുന്നുണ്ട്. സാൻ ഫ്രാൻസിസ്കോയിൽ വെച്ച് 1978ൽ നടന്ന പ്രൈഡ് റാലിയുടെ അലങ്കാര സമിതിയിൽ അംഗമായിരുന്ന മറ്റു സന്നദ്ധ പ്രവർത്തകരുമായുള്ള സഹകരണത്തിലൂടെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന പ്രൈഡ് ചിഹ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി എട്ട് നിറങ്ങളുള്ള പുതിയ പതാക സൃഷ്ടിക്കാനുള്ള തീരുമാനം ഉണ്ടാവുകയായിരുന്നു.

2018ൽ ഗ്രാഫിക് ഡിസൈനറായ ഡാനിയൽ ക്വാസർ അഞ്ച് നിറങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഷെവ്റൺ കൂടി എൽ ജി ബി ടി മഴവിൽ പതാകയിൽ കൂട്ടിച്ചേർക്കുകയുണ്ടായി. ഉൾക്കൊള്ളൽ, പുരോഗതി എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയത്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നീ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ആറു നിറങ്ങളുള്ള മഴവിൽ പതാകയിൽ അമ്പിന്റെ ആകൃതിയിൽ അഞ്ച് വരകൾ കൂടി കൂട്ടിച്ചേർത്തതാണ് ക്വാസറിന്റെ പ്രോഗ്രസ് പ്രൈഡ് പതാക. ഈ പതാകയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബ്രൗൺ, കറുപ്പ് വരകൾ നിറത്തിന്റെ പേരിലുള്ള പാർശ്വവൽക്കരണം നേരിടുന്ന എൽ ജി ബി ടി വിഭാഗങ്ങളെ സൂചിപ്പിക്കുന്നു.

അതോടൊപ്പം ട്രാൻസ്‌ജെൻഡർ പ്രൈഡ് പതാകയിൽ ഉപയോഗിച്ചിട്ടുള്ള പിങ്ക്, ഇളം നീല, വെള്ള എന്നീ നിറങ്ങളും ഈ പതാകയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 2017 ജൂണിൽ ഫിലാഡൽഫിയ നഗരം സ്വീകരിച്ച രൂപകൽപ്പനയെ അധികരിച്ചു കൊണ്ടാണ് ക്വാർസ് തന്റെ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ വംശവിഭാഗങ്ങളിൽപ്പെടുന്ന എൽ ജി ബി ടി ജനവിഭാഗത്തെ സൂചിപ്പിക്കാനായി മഴവിൽ പതാകയുടെ മുകളിൽ ബ്രൗൺ, കറുപ്പ് വരകൾ ചേർത്ത രൂപകൽപ്പനയ്ക്കാണ് ഫിലാഡൽഫിയ അംഗീകാരം നൽകിയത്. എയ്ഡ്‌സ് രോഗബാധിതരായി ജീവിക്കുന്നവരും മരിച്ചവരുമായ ജനങ്ങളെക്കൂടി ബ്രൗൺ, കറുപ്പ് വരകൾ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ക്വാസർ തന്റെ പതാകയിൽ ട്രാൻസ്‌ജെൻഡർ പ്രൈഡ് പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾ കൂടി കൂട്ടിച്ചേർത്തു.

പ്രൈഡ് റാലികളിലും മാർച്ചുകളിലും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന പരിപാടികളിലുമൊക്കെ ഈ ഫ്ലാഗ് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഈ ജനവിഭാഗം എത്രമേൽ വൈവിധ്യം നിറഞ്ഞതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പതാകയുടെ സാന്നിധ്യം.
Published by: Joys Joy
First published: June 23, 2021, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories