• HOME
 • »
 • NEWS
 • »
 • life
 • »
 • Holi 2022 | ഓരോ നാട്ടിലും ഹോളി ആഘോഷിക്കുന്നത് എങ്ങനെ? വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളെ കുറിച്ച് അറിയാം

Holi 2022 | ഓരോ നാട്ടിലും ഹോളി ആഘോഷിക്കുന്നത് എങ്ങനെ? വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളെ കുറിച്ച് അറിയാം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഹോളി ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിയാം.

 • Share this:
  ലോകത്തെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ (India) വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് വൈവിധ്യമാർന്ന സംസ്കാരം (Cultural Diversity) തന്നെയാണ്. പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണ ശീലങ്ങൾ, ഉത്സവങ്ങൾ എന്നീ കാര്യങ്ങളിലെല്ലാം ആ വൈവിധ്യവും വ്യത്യസ്തതയും പ്രകടമാണ്. ഒരു ദേശീയ ഉത്സവം പോലും വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിലും പേരുകളിലുമാണ് ആഘോഷിക്കപ്പെടാറുള്ളത്. ഹോളി (Holi) ആഘോഷിക്കുന്ന കാര്യത്തിലും ഈ വ്യത്യസ്തത ദൃശ്യമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഹോളി ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിയാം.

  രംഗ് പഞ്ചമി (മഹാരാഷ്ട്ര)
  മഹാരാഷ്ട്രയിൽ ഷിഗ്മ അല്ലെങ്കിൽ രംഗ് പഞ്ചമി എന്നും ഹോളി അറിയപ്പെടുന്നു. പൂർണിമയിൽ സൂര്യാസ്തമനത്തിന് ശേഷം ഹോളിക കത്തിക്കുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഈ ആചാരം സൂചിപ്പിക്കുന്നത്. അടുത്ത ദിവസമാണ് രംഗ് പഞ്ചമി. അന്ന് ആളുകൾ പരസ്പരം നിറങ്ങൾ വാരിവിതറി ആഘോഷിക്കുന്നു.

  റോയൽ ഹോളി (രാജസ്ഥാൻ)
  രാജസ്ഥാനിൽ ഉദയ്പൂറിന്റെ വടക്കൻ പ്രദേശങ്ങളിൽ പ്രദേശവാസികൾ വ്യത്യസ്തമായ രീതിയിലാണ് ഹോളിക ദഹൻ എന്ന ആചാരം നടത്തുന്നത്. ഉദയ്പൂരിലെ മേവാർ രാജകുടുംബമാണ് ഇവിടെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നിരവധി കുതിരകളും റോയൽ ബാൻഡും അണിനിരക്കുന്ന ഗംഭീര ഘോഷയാത്രയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു. തുടർന്ന്, പരമ്പരാഗതമായ രീതിയിൽ ഹോളികയുടെ രൂപത്തിന് തീ കൊളുത്തുകയും ചെയ്യുന്നു.

  ഹോല മൊഹല്ല (പഞ്ചാബ്)
  പഞ്ചാബിന്റെ വടക്കു ഭാഗങ്ങളിലും ആഘോഷങ്ങളിൽ വ്യത്യസ്തത കാണാം. ഈ പ്രദേശത്ത് ഹോളി ഹോല മൊഹല്ല എന്നാണ് അറിയപ്പെടുന്നത്. ഹോളിയ്ക്ക് ശേഷം വരുന്ന ഈ ദിവസം സിഖ് വീരയോദ്ധാക്കളുടെ സ്മരണയെ സൂചിപ്പിക്കുന്ന ദിനമാണ്. സിഖുകാരിലെ ഒരു പ്രത്യേക വിഭാഗമായ നിഹാങ് സിഖുകാർ ഈ ആഘോഷത്തിന്റെ പേരിൽ പ്രസിദ്ധരാണ്. പരമ്പരാഗത ആയോധന കലകളുടെ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് സംഗീത, നൃത്ത പരിപാടികളും സംഘടിപ്പിക്കും.

  ലാത്ത്‌മാർ ഹോളി (ഉത്തർ പ്രദേശ്)
  ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ ഹോളി ആഘോഷങ്ങൾ വളരെയധികം പ്രത്യേകത നിറഞ്ഞവയാണ്. പ്രാദേശിക ഭോജ്‌പുരി ഭാഷയിൽ ലാത്ത്‌മാർ ഹോളി എന്നറിയപ്പെടുന്ന ആഘോഷങ്ങൾക്ക് സവിശേഷമായ രീതികളാണുള്ളത്. ആഘോഷവേളയിൽ സ്ത്രീകൾ വിനോദത്തിന് വേണ്ടി ചൂരലുകൾ ഉപയോഗിച്ച് പുരുഷന്മാരെയും ആൺകുട്ടികളെയും തമാശരൂപേണ പ്രഹരിക്കുന്നു. മറുവശത്ത് പുരുഷന്മാർ തങ്ങളെ പ്രതിരോധിക്കാനായി പരിചകൾ ഉപയോഗിക്കുന്നു.സ്ത്രീകളുടെ കൈയിലകപ്പെടുന്ന നിർഭാഗ്യവാന്മാരായ പുരുഷന്മാർ സ്ത്രീവേഷം കെട്ടി തെരുവിൽ നൃത്തം ചവിട്ടാൻ നിർബന്ധിതരാകുന്നു.

  വിനോദത്തിന് വേണ്ടിയാണ് ഈ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഹിന്ദു പുരാണങ്ങളിലാണ് ലാത്ത്മാർ ഹോളിയുടെ ഉത്ഭവം. ബർസാനയിൽ കൃഷ്ണൻ ഹോളി കളിക്കുന്നതിനിടെ രാധയെ കളിയാക്കിയതായി പുരാണങ്ങൾ പറയുന്നു. പ്രകോപിതരായ അയൽപക്കത്തെ സ്ത്രീകൾ കൃഷ്ണനെ ലാത്തി വീശി ഓടിക്കുകയായിരുന്നത്രെ!

  ഖടി ഹോളി അഥവാ ബൈഠക്കി ഹോളി (ഉത്തരാഖണ്ഡ്)
  ഉത്തരാഖണ്ഡിൽ ഹോളിയ്ക്ക് നിരവധി പേരുകളുണ്ട്. ബൈഠക്കി ഹോളി, മഹിളാ ഹോളി, ഖടി ഹോളി എന്നെല്ലാം ഈ ആഘോഷങ്ങൾ അവിടെ അറിയപ്പെടുന്നു. പരമ്പരാഗത വേഷങ്ങൾ ധരിച്ചുകൊണ്ട് നാടോടി ഗാനങ്ങൾ ആലപിച്ചും നൃത്തം ചവിട്ടിയുമാണ് ആളുകൾ ഇവിടെ ഹോളി ആഘോഷിക്കുന്നത്. പരസ്പരം നിറങ്ങൾ വാരിവിതറിയും ആടിയും പാടിയും ആഘോഷങ്ങൾ കൊഴുപ്പിക്കുന്നു.

  ദോൽ ജത്ര/ബസന്ത ഉത്സവ് (പശ്ചിമ ബംഗാൾ)
  രസഗുളയുടെ നാട് എന്നറിയപ്പെടുന്ന പശ്ചിമ ബംഗാളിൽ ഈ ഉത്സവം ദോൽ ജത്ര അഥവാ ബസന്ത ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകൾ ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. ഈ നിറം സമൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്. വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടാറുള്ളത് ബോൽപൂരിലെ ശാന്തിനികേതനിലാണ്.

  ഷിഗ്മോ (ഗോവ)
  ഗോവയിലെ വസന്തകാലത്തെ ഉത്സവമാണ് ഷിഗ്‌മോ. നിറങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് പുറമെ പരമ്പരാഗത നാടൻ പാട്ടുകളും നൃത്തരൂപങ്ങളും അവതരിപ്പിച്ചുകൊണ്ടുള്ള വലിയ ഘോഷയാത്രയും പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
  Published by:Rajesh V
  First published: