കാട്ടാനയെയും കാട്ടുപന്നിയെയും നേരിടാം; കാശുമുണ്ടാക്കാം; കണമലയുടെ എരിവുള്ള മാർഗം 

കാന്താരിയെങ്കിൽ കാന്താരി, പോത്തെങ്കിൽ പോത്ത്. ജീവിച്ചല്ലേ പറ്റൂ. നിങ്ങൾക്കും പറ്റുമോ എന്നാണ് കണമലയുടെ ചോദ്യം. ഒന്ന്  മുട്ടി നോക്കുന്നോ ?

Chandrakanth viswanath | news18-malayalam
Updated: July 2, 2020, 10:36 PM IST
കാട്ടാനയെയും കാട്ടുപന്നിയെയും നേരിടാം; കാശുമുണ്ടാക്കാം; കണമലയുടെ എരിവുള്ള മാർഗം 
News18 Malayalam
  • Share this:
കാട്ടുമൃഗങ്ങൾ അവരുടെ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്ക് ഇറങ്ങി കൃഷിയും ജീവനും നശിപ്പിക്കുന്നതാണല്ലോ സംസ്ഥാനത്തെ കർഷകരുടെ ഇപ്പോഴത്തെ പ്രധാന പ്രശ്‍നങ്ങളിൽ ഒന്ന്. അതിനെ ഒരു പരിധി വരെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതാണ് കണമലക്കാർ കാണിച്ചു തരുന്നത് .

കോട്ടയം ജില്ലയുടെ കിഴക്കേയറ്റത്തായി എരുമേലി പഞ്ചായത്തിൽ പത്തനംതിട്ട ജില്ലയോടു ചേർന്നാണ് ‌കണമലയും സമീപ ഗ്രാമങ്ങളും. സാധാരണക്കാരായ കർഷകരാണ് ഏറെയും. റബറിന്റെ പ്രതീക്ഷയൊക്കെ ഏതാണ്ട് അസ്തമിച്ചു. ഇനി വേറെ എന്തെങ്കിലും കൊത്തിക്കിളച്ചു ജീവിക്കാം എന്നു വെച്ചാൽ തൊട്ടടുത്ത വനത്തിൽ നിന്നും 'അതിഥികൾ' എത്തും, ക്ഷണിക്കപ്പെടാത്തവർ.

കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ  എന്നീ  മൃഗങ്ങളാണ് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. അങ്ങനെ അതിജീവനം കഠിനമായി, ആകെ പ്രതീക്ഷ അസ്തമിച്ചു നിൽക്കുമ്പോഴാണ് കണമല സർവീസ് സഹകരണ ബാങ്ക് അൽപം എരിവുള്ള ഒരു പരിഹാരവുമായി എത്തിയത്. കാന്താരി മുളക് കൃഷി ചെയ്യുക."എരുമേലി പഞ്ചായത്തിലെ നമ്മൾ താമസിക്കുന്നത് ഉൾപ്പടെ ഏതാണ്ട് പത്തോളം വാർഡുകളിൽ   വന്യമൃഗശല്യമുണ്ട്. എന്നാ കൃഷി ചെയ്താലും അതൊക്കെ കുത്തിമറിച്ച് നശിപ്പിക്കും. എന്നു വച്ച് വന്യ മൃഗങ്ങളെ അങ്ങനെയങ്ങ് കൊന്നൊടുക്കാനും പറ്റുകേലല്ലോ ? അതിന് താല്പര്യവുമില്ല. പക്ഷെ നമുക്ക് ജീവിക്കണം . മൃഗങ്ങൾ  നശിപ്പിക്കാത്ത എന്ത് വിള കൃഷി ചെയ്യും എന്ന് ആലോചിച്ചു. അങ്ങനെ കാന്താരി മുളക് കൃഷി എന്ന ആശയത്തിൽ എത്തി.

TRENDING:ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ? [NEWS]നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ [NEWS]

കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ  ഇവയൊന്നും കാന്താരിയെ തൊടുകേല. തേനും മീനും പോത്തും അങ്ങനെ തന്നെ. പിന്നെ  ബാങ്ക് 18 ഫാർമേഴ്‌സ് ക്ലബുകൾ തുടങ്ങി. അഞ്ഞൂറോളം അംഗങ്ങൾ ഉണ്ട്. ഇവർക്ക് ഈടില്ലാതെ ഏഴു ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്, "  ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് ജോസ്  മങ്കന്താനം ന്യൂസ് 18 നോട് പറഞ്ഞു. 

അങ്ങനെ കണമല കാന്താരി ഗ്രാമമായി. കാർഷിക ഉൽപന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ചാണ് കണമല സർവീസ് സഹകരണ ബാങ്ക്   ശ്രദ്ധനേടിയത്. സർക്കാർ സംവിധാനങ്ങൾക്കു കഴിയാതെ പോയതും കർഷകർ തങ്ങളുടെ നിലനിൽപ്പിനായുള്ള പ്രധാന ആവശ്യമായി കാലങ്ങളായി ഉന്നയിച്ചിരുന്നതും ഇതു തന്നെയായിരുന്നു. 

ബാങ്ക് മുൻകൂട്ടി വാഗ്ദാനം നൽകിയ പ്രകാരം  കിലോയ്ക്ക്  250 രൂപ തറവില നൽകിയാണ് കർഷകരിൽ നിന്നും കാന്താരി വാങ്ങിയത്. രണ്ടാഴ്ചയിൽ ഒരിക്കൽ നൂറു കിലോയ്ക്ക് മേലേ കാന്താരി കിട്ടുന്നുണ്ട്. തൃശൂരിലാണ് കാന്താരി  വിപണി.. എത്ര വില അധികം കിട്ടിയാലും ബാങ്കിന്റെ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾക്ക് അത് അവകാശപ്പെട്ടതാണ്. തറവിലയുടെ ആത്മവിശ്വാസത്തിൽ കർഷകർ കൃഷി ചെയ്യുന്നു." ആദ്യം 103 കിലോ കിട്ടി. പിന്നെ 123 കിലോ. അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ കിലോ വിളവ് ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ . കാന്താരി  എത്ര കിട്ടിയാലും എടുക്കാൻ തൃശൂരിലെ കച്ചവടക്കാർ തയാറാണ്.  ആയുർവേദ മരുന്നിന് ഉൾപ്പടെ ആവശ്യക്കാരുണ്ട്. അതാണ് പ്രധാന ആത്മവിശ്വാസം,' ബിനോയ് പറഞ്ഞു.

എരിവുള്ള കാന്താരി മാത്രമല്ല മധുരമുള്ള തേനും 

കണമല കാന്താരി ഗ്രാമമാണെങ്കിൽ തൊട്ടടുത്ത എരുത്വാപ്പുഴ തേൻ ഗ്രാമവും അതിനടുത്ത   പമ്പാവാലി പോത്ത് ഗ്രാമവും  മുക്കൂട്ടുതറ മീൻ ഗ്രാമവുമായാണ് പദ്ധതിയിടുന്നത്. ഫെബ്രുവരിയിൽ തേൻ കൃഷിക്ക് വേണ്ടി എല്ലാം ഒരുക്കി. അപ്പോഴാണ് കൊറോണയും തുടർന്ന്  ലോക്ക് ഡൗണും വന്നത് . അങ്ങനെ ആദ്യ ഘട്ടം കഴിഞ്ഞ് മുന്നോട്ടു പോകാൻ പറ്റിയിട്ടില്ല. സജീവ പരിഗണയിലാണ്  തേൻ ഗ്രാമം പദ്ധതി. പിന്നെ പോത്ത് കൃഷിയുടെ പദ്ധതിയും മീനും. വെറും പകൽ കിനാവല്ല. മണ്ണിൽ ഉറച്ചു തന്നെയാണ് കണമലക്കാർ പദ്ധതിയിടുന്നത്.തേനിന് കിലോ 200 രൂപയും പോത്തിറച്ചിയ്ക്കും മീനിനും  കിലോയ്ക്ക് 300 രൂപയുമാണ് തറവില. ഒരിക്കൽ പ്രതീക്ഷയായിരുന്ന റബറിന് വില കിലോയ്ക്ക്  120 രൂപ ആയപ്പോൾ  കാന്താരിക്ക്  വില 250 രൂപയുണ്ട്. അതായത് റബറിന്റെ ഇരട്ടി വില.  റബർ തോട്ടങ്ങളിൽ   ഇടവിളയായി  കാന്താരിയും ഒപ്പം തേനും ചെറുകിട  കർഷകരുടെ പ്രതീക്ഷയുടെ പ്രകാശ കിരണമാകുന്നത് ഇങ്ങനെയാണ്.

  

കർഷകർക്കായി ഒരു പുസ്തകപ്പുര

വെറുതെയങ്ങ് കൃഷി ചെയ്തു പോകുന്നതല്ല കൃഷി സംബന്ധിച്ച പുസ്തകങ്ങൾ  കർഷകന് ആവശ്യമെന്നാണ് ബാങ്കിന്റെ നിലപാട്. അങ്ങനയാണ് ഫാർമേഴ്സ് ലൈബ്രറിയും വിദ്യാർഥികൾക്കായുള്ള ഡിജിറ്റൽ പഠനമുറിയും ഒരുങ്ങിയത്.   മലയാളത്തിലും ഇംഗ്ലീഷിലുമായി ആദായകരമായ കൃഷിയുടെ വിവിധ വശങ്ങൾ തുറന്നു തരുന്ന  ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയുണ്ട്. കോവിഡ് സാഹചര്യങ്ങളിൽ ഭക്ഷ്യ പ്രശ്നവും ചർച്ചയായപ്പോൾ പലരും തരിശിട്ടിരുന്ന ഭൂമിയിൽ ബാങ്കിന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾ ഭക്ഷ്യകൃഷി ചെയ്തു. സംസ്ഥാനതല ഭക്ഷ്യ- ആരോഗ്യ സ്വരാജ് കാമ്പയിനിൽ പങ്കാളിയുമാണ്   പതിനായിരത്തിനടുത്ത് ഓഹരിയുടമകളുള്ള  കണമല ബാങ്ക്. 

ആനയെക്കാൾ വലിയ ആത്മവിശ്വാസം

കണ്ടാൽ ഭയന്നു പോകുന്ന വമ്പൻ ആന മുതൽ നമുക്കൊന്നും കാണാൻ പറ്റില്ലെങ്കിലും ഭയം തരുന്ന  കൊറോണ വൈറസ് വരെ കർഷകന് നാശമുണ്ടാക്കും. സംശയമില്ല.  പക്ഷെ എന്ത് വന്നാലും അങ്ങനെ വിട്ടുകൊടുക്കാൻ കണമലക്കാർ ഒരുക്കമല്ല. ഒന്ന് മുട്ടി നോക്കിയിട്ടേ വിടൂ. കാന്താരിയെങ്കിൽ കാന്താരി, പോത്തെങ്കിൽ പോത്ത്. ജീവിച്ചല്ലേ പറ്റൂ. നിങ്ങൾക്കും പറ്റുമോ എന്നാണ് കണമലയുടെ ചോദ്യം. ഒന്ന്  മുട്ടി നോക്കുന്നോ ?
First published: July 2, 2020, 9:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading