• HOME
  • »
  • NEWS
  • »
  • life
  • »
  • Queen Elizabeth | ലോക്ക‍്‍ഡൗൺ കാലത്ത് എലിസബത്ത് രാജ്ഞി എന്ത് ചെയ്യുകയായിരുന്നു? വെളിപ്പെടുത്തലുമായി പുസ്തകം

Queen Elizabeth | ലോക്ക‍്‍ഡൗൺ കാലത്ത് എലിസബത്ത് രാജ്ഞി എന്ത് ചെയ്യുകയായിരുന്നു? വെളിപ്പെടുത്തലുമായി പുസ്തകം

രാജ്ഞിയുടെ ഇത് വരെ പുറത്ത് വരാത്ത പുതിയ ചിത്രങ്ങളും ഹേപ്പർ കോളിൻസ് പുറത്തിറക്കുന്ന പുസ്തകത്തിലുണ്ടാവും

എലിസബത്ത് രാ‍ജ്ഞി

എലിസബത്ത് രാ‍ജ്ഞി

  • Share this:
    എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങൾ കോർത്തിണക്കിയുള്ള പുസ്തകത്തിൻെറ പുതിയ പതിപ്പ് പുറത്ത് വരുന്നു. 'ദി അദർ സൈഡ് ഓഫ് ദി കോയിൻ: ദി ക്യൂൻ, ദി ഡ്രസ്സർ ആൻറ് ദി വാർഡ‍്‍റോബ്' ( The Other Side of The Coin: The Queen, The Dresser, And The Wardrobe) എന്ന പുസ്തകത്തിൻെറ പുതിയ പതിപ്പാണ് വരുന്നത്. പുസ്തകം രചിച്ചത് രാജ്ഞിയുടെ അടുത്ത സഹായിയായ ഏഞ്ചല കെല്ലിയാണ് (Angela Kelly). 2019-ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഏഞ്ചല കെല്ലി കഴിഞ്ഞ 30 വ‍ർഷമായി രാജ്ഞിയുടെ വലംകൈയ്യായി ബക്കിങ്ഹാം പാലസിലുണ്ട്. പ്രധാനമായി എലിസബത്ത് രാ‍ജ്ഞിയുടെ (Queen Elizabeth) വസ്ത്രധാരണത്തിലും ആഭരണങ്ങളുടെയും മറ്റും കാര്യത്തിലും മേൽനോട്ടം വഹിക്കുന്നയാളാണ് കെല്ലി.

    പുതിയ പതിപ്പിൻെറ ഏറ്റവും വലിയ പ്രത്യേകത കോവിഡ് 19 ലോക്ക‍്‍ഡൗൺ കാലത്ത് രാജ്ഞി എങ്ങനെയാണ് ജീവിതം ചെലവഴിച്ചതെന്നതുമായി ബന്ധപ്പെട്ട വിവരണങ്ങളാണ്. ലോകത്ത് കോവിഡ് പട‍ർന്ന് പിടിച്ച് തുടങ്ങിയ സമയത്ത്, 95കാരിയായ രാജ്ഞി ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം ബക്കിങ്ഹാം പാലസിൽ നിന്ന് വിൻഡ്സ‍ർ കാസിലിലേക്ക് താമസം മാറി. കോവിഡ് കാലത്തിനിടയിൽ 99ാം വയസ്സിൽ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചിരുന്നു. എലിസബത്ത് രാജ്ഞിയോട് വളരെ അടുപ്പമുള്ള ഒരു സംഘം മാത്രമാണ് വിൻഡ്സ‍ർ കാസിലിലേക്ക് മാറുമ്പോൾ ഒപ്പമുണ്ടായിരുന്നത്. സഹായികളുടെ സംഘത്തെ നയിച്ചത് ഏഞ്ചല കെല്ലിയായിരുന്നു.

    പുസ്തകത്തിൻെറ പുതിയ പതിപ്പിൽ എലിസബത്ത് രാജ്ഞി കോവിഡ് 19 ലോക്ക‍്‍ഡൗൺ കാലത്ത് ജീവിതം മുന്നോട്ട് നയിച്ചത് എങ്ങനെയാണെന്നുള്ള വിവരണമുണ്ടാവും. ഫിലിപ്പ് രാജകുമാരൻെറ വിയോഗത്തെ രാജ്ഞി എങ്ങനെ അതിജീവിച്ചുവെന്നും കെല്ലി പുസ്തകത്തിലൂടെ ലോകത്തെ അറിയിക്കും. ലോകം മുഴുവൻ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സമയത്താണ് അവ‍ർ അവസാനദിനങ്ങൾ ഒരുമിച്ച് ചെലവഴിച്ചത്. പ്രത്യേക ബയോ ബബിൾ സംവിധാനത്തിലായിരുന്നു രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻെറയും വിൻഡ്സ‍ർ കാസിലിലെ ജീവിതം.

    ഇത് കൂടാതെ കെല്ലിക്ക് രാ‍ജ്ഞിയുടെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടിയിരുന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രാജ്ഞിയുടെ വസ്ത്രധാരണത്തിലും ഒപ്പം മുടി മുറിക്കുന്നതിലുമെല്ലാം കെല്ലിയുടെ മേൽനോട്ടമുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഹെയ‍ർ സ്റ്റൈലിന് അവരുടെ വ്യക്തിത്വവുമായി വലിയ ബന്ധമുണ്ട്. 70 വ‍ർഷങ്ങൾക്ക് മുമ്പ് രാജ്ഞിയായി ചുമതലയേറ്റെടുത്തതിന് ശേഷം വെറും മൂന്ന് തവണ മാത്രമാണ് അവ‍ർ ഹെയർ സ്റ്റൈൽ മാറ്റിയിട്ടുള്ളത്.

    ഏറ്റവും പുതിയതും എക്സ്ക്ലൂസീവുമായിട്ടുള്ള വിശദാംശങ്ങൾ ഉണ്ടായിരിക്കുമെന്നതാണ് പുസ്തകത്തിൻെറ പുതിയ പതിപ്പിൻെറ പ്രത്യേകത. രാജ്ഞിയുടെ ഇത് വരെ പുറത്ത് വരാത്ത പുതിയ ചിത്രങ്ങളും ഹേപ്പർ കോളിൻസ് പുറത്തിറക്കുന്ന പുസ്തകത്തിലുണ്ടാവും. ജൂണിൽ എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരിക്കും പുസ്തകം പുറത്തിറക്കുകയെന്നാണ് റിപ്പോ‍ർട്ട്. "റോയൽ ബബിളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ പുസ്തകം നിങ്ങളോട് പറയും. ലോകം പ്രതിസന്ധിയിലായ കാലത്ത് രാജ്ഞിയുടെ സുരക്ഷ ഉറപ്പാക്കാൻ കെല്ലിയും സംഘവും എന്തെല്ലാം മുൻകരുതലുകളാണ് എടുത്തതെന്നും നമുക്ക് അറിയാൻ സാധിക്കും," പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ പബ്ലിഷിങ് ഡയറക്ടർ കത്യ ഷിപ്പ്‌സ്റ്റർ പറഞ്ഞു.
    Published by:user_57
    First published: