എല്ലാ വർഷവും മെയ് 15നാണ് അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നത്. അധികൃതർക്കും പൊതുജനങ്ങൾക്കും കുടുംബങ്ങളുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രത്യേക പരിപാടികളും ഈ ദിവസം സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനം, ‘കുടുംബങ്ങളും പുതിയ സാങ്കേതികവിദ്യകളും’ എന്ന വിഷയത്തിനാണ് പ്രാധാന്യം നൽകുന്നത്. പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും കുടുംബ ക്ഷേമത്തിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ലോകത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് അറിയാൻ, നാം അധികം ദൂരത്തേക്ക് നോക്കേണ്ടതില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ന് എല്ലാവരുടെയും വിരൽതുമ്പിൽ ലഭ്യമാണ്. ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ നാം മനസ്സിലാക്കുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത കുടുംബങ്ങളിൽ പോലും ഇന്ന് സ്മാർട്ട്‌ഫോണുകൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നഗരങ്ങളിലെ മിക്കവാറും എല്ലാവരും വ്യക്തിഗത ആശയവിനിമയത്തിനും, ജോലി അല്ലെങ്കിൽ വിനോദ മാർഗങ്ങൾക്കായും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ഉപകരണങ്ങളുടെ ഉപയോഗം കുടുംബജീവിതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോണുകളുടെ കടന്നു വരവോടെ കുടുംബാംഗങ്ങൾ വീട്ടിൽ സമയം ചെലവഴിക്കുന്ന രീതിയിൽ തന്നെ മാറ്റം വന്നു. ഇത് അവരുടെ വ്യക്തിജീവിതത്തെ കൂടുതൽ സ്വകാര്യമാക്കി മാറ്റി. പല കുടുംബങ്ങളിലും വ്യക്തികളുടെ സ്വകാര്യ ജീവിതവും കുടുംബ ജീവിതവും അപകടത്തിലാക്കുകയും ദമ്പതികൾ തമ്മിലുള്ള തെറ്റിദ്ധാരണ, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇത് പല കുടുംബത്തിലും മാതാപിതാക്കളിലും കുട്ടികളിലും മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.
എന്നാൽ മറുവശത്ത്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ കുടുംബങ്ങൾക്ക് നിരവധി സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വേഗത്തിലുള്ള ഡിജിറ്റൽ പരിവർത്തനങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനമുണ്ടാക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് പലരുടെയും കുടുംബ വരുമാനം വർധിപ്പിച്ചു. കുടുംബങ്ങൾക്ക് സാമൂഹിക പരിരക്ഷ നൽകുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ കൈമാറുന്നതിന് പോലും സർക്കാരുകളും ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങി. എന്നിരുന്നാലും, ഡിജിറ്റൽ വിഭജനം ഇപ്പോഴും മറികടക്കാനാകാത്ത ഏറ്റവും വലിയ തടസ്സമാണ്.
ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സമാനതകളില്ലാത്ത ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാനും സുസ്ഥിര അഭിവൃദ്ധി കൈവരിക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് കഴിവുണ്ട്. അതേ സമയം അവയ്ക്ക് നമ്മെ അകറ്റാനും അസമത്വം വർദ്ധിപ്പിക്കാനും കഴിയും.
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതെന്തോ അതാണ് കുടുംബം. എന്നാൽ സാങ്കേതിക വിദ്യകളുടെ അമിത ഉപയോഗവും മറ്റും ഈ ഇമ്പം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ അവസരം നല്‍കുന്നതിെന്റ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്.
Keywords: Family, International Day of Families 2021, Family Day, Technology, സാങ്കേതിക വിദ്യ, കുടുംബം, അന്താരാഷ്ട്ര കുടുംബ ദിനം, അന്താരാഷ്ട്ര കുടുംബ ദിനം 2021
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.