• HOME
  • »
  • NEWS
  • »
  • life
  • »
  • കൊള്ളക്കാരന്റെ സമ്മതം; മലയാളി പുരാവസ്തു ​ഗവേഷകന്റെ ബുദ്ധി; ബടേശ്വറിലെ ക്ഷേത്രസമുച്ചയം പുനർനിർമിച്ച വഴി

കൊള്ളക്കാരന്റെ സമ്മതം; മലയാളി പുരാവസ്തു ​ഗവേഷകന്റെ ബുദ്ധി; ബടേശ്വറിലെ ക്ഷേത്രസമുച്ചയം പുനർനിർമിച്ച വഴി

കുപ്രസിദ്ധമായ ചമ്പൽ താഴ്‌വരയിലാണ് ബടേശ്വർ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് കൊള്ളസംഘങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം

  • Share this:
#അഭിഷേക് മണ്ടേ ഭോട്ട്

മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ബടേശ്വറിലുള്ള ക്ഷേത്ര സമുച്ചയത്തിലെത്തും. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ഇരുന്നൂറോളം ക്ഷേത്രാവശിഷ്ടങ്ങളുടെ കൂമ്പാരം ഇവിടെ കാണാമായിരുന്നു. പലർക്കും ഇവിടെ എത്തിച്ചേരാൻ പോലും സാധിച്ചിരുന്നില്ല. 1924-ൽ ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഇത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവർക്കു പോലും ഈ സ്ഥലം സന്ദർശിച്ച് ഇവിടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനായിരുന്നില്ല.

കുപ്രസിദ്ധമായ ചമ്പൽ താഴ്‌വരയിലാണ് ബടേശ്വർ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് കൊള്ളസംഘങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. അങ്ങനെ ഇവിടെയെത്തിയ കൊള്ളക്കാരിലൊരാളായ നിർഭയ് സിംഗ് ഗുജ്ജാർ അവിടം തന്റെ താവളമാക്കി മാറ്റി. എ ഡി എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഉത്തരേന്ത്യയുടെ ഭൂരിഭാഗവും ഭരിച്ച ഗുർജാര പ്രതിഹാര രാജവംശം നിർമിച്ച ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ രാജവംശത്തിലെ രാജാക്കന്മാർ ശിൽപികളെ സംരക്ഷിക്കുന്നതിന് പേരുകേട്ടവരായിരുന്നു. ഖജുരാഹോയിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ അവരുടെ ഭരണകാലത്ത് നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഖജുരാഹോയ്‌ക്കും മുൻപുള്ള ബടേശ്വറിലെ ക്ഷേത്രങ്ങൾ വിനോദസഞ്ചാര ഭൂപടത്തിലേ ഉണ്ടായിരുന്നില്ല.

രണ്ടായിരാമാണ്ട് പകുതിയിലാണ് ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ പുരാവസ്തു ഗവേഷകനായ കെ.കെ മുഹമ്മദിനെ മധ്യപ്രദേശിൽ നിയമിച്ചത്. കൊള്ളസംഘങ്ങൾ ചമ്പലിൽ മലയിടുക്കുകൾ ഭരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നെന്നും അവിടം സന്ദർശിക്കാൻ പോലും തന്റെ ടീമിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ഒരു പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. അവിടെ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ, കൊള്ളക്കാരെ പ്രത്യേകിച്ച് ഗുജ്ജാറിനെ, തനിക്കൊപ്പം നിർത്തണമെന്ന് അദ്ദേഹം മനസിലാക്കി. ഇടനിലക്കാർ വഴി മുഹമ്മദ് ​ഗുജ്ജാറിനെ ബന്ധപ്പെടാൻ തുടങ്ങി. തങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

സ്ഥലത്തെ പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് മുഹമ്മദ് ഗുജ്ജാറിന് ഉറപ്പ് നൽകി. ഗുജ്ജാർ, കുറച്ചുകാലത്തേക്ക് തന്റെ താവളം മറ്റൊരിടത്തേക്ക് മാറ്റാൻ സമ്മതിക്കുകയും ഗവേഷണ ടീമിനെ സ്ഥലത്തെത്താൻ അനുവദിക്കുകയും ചെയ്തു. അവർ ബടേശ്വറിൽ എത്തിയപ്പോൾ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളാണ് കണ്ടത്. ഒന്നുരണ്ട് ചെറിയ ക്ഷേത്രങ്ങൾ മാത്രം വലിയ കേടുപാടുകൾ കൂടാതെ അവിടെ ഉണ്ടായിരുന്നു. ഒരു ക്ഷേത്രത്തിന്റെ അകത്തുകൂടി ഒരു മരം വളർന്ന് അതിനെ പൂർണമായും നശിപ്പിച്ചിരുന്നു. ഒരു വലിയ ക്ഷേത്ര സമുച്ചയം ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ സൂചനകളായിരുന്നു ഇവ. ഇവിടെ തങ്ങളുടെ ടീമിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നെന്ന് മുഹമ്മദ് പറയുന്നു.

കൊള്ളക്കാർ പ്രവേശനം നൽകിയതോടെ, മുഹമ്മദിന്റെ ടീമും നാട്ടുകാരിൽ ചിലരും ഉൾപ്പെട്ട സംഘം ക്ഷേത്ര പുനർനിർമാണത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ തുടങ്ങി. ഗുജ്ജാറിന്റെ സമ്മതം ഉണ്ടായിരുന്നതിനാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണം തടസം കൂടാതെ നടന്നുപോന്നു. 2005ലായിരുന്നു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സ്വതവേ പരുക്കൻ സ്വഭാവക്കാരനായ ഗുജ്ജാർ, നിർമാണ പുരോഗതി കാണാനായി സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നെന്നും അതിൽ സന്തോഷം പ്രകടിപ്പിച്ചെന്നും മുഹമ്മദ് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ വർഷങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്ന് ഇവിടെ നാം കാണുന്നത്. ഓരോ ക്ഷ്രേത്രത്തിലെയും പ്രതിഷ്ഠ ഏതാണെന്നു കണ്ടെത്താനുള്ള സംഘത്തെയും മുഹമ്മദ് സഹായിച്ചിരുന്നു.

ഗുജ്ജാറും മുഹമ്മദും

തുടർന്നുള്ള വർഷങ്ങളിൽ ക്ഷേത്ര പുനരുദ്ധാരണം പുരോ​ഗമിച്ചു കൊണ്ടിരുന്നു. ഇതിനിടെ ഒരിക്കലും ​ഗുജ്ജാറും മുഹമ്മദും തമ്മിൽ കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു വൈകുന്നേരം പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടിരുന്നതിനിടെ, ​ഗുജ്ജാർ അമ്പലത്തിന് പുറത്തു നിന്നു ബീഡി വലിക്കുന്നത് മുഹമ്മദ് കണ്ടു. ക്ഷുഭിതനായ അദ്ദേഹം ക്ഷേത്രത്തോട് അനാദരവ് കാണിച്ചതിന് ​ഗുജ്ജാറിനെ ശകാരിച്ചു. ഇതു കണ്ട നാട്ടുകാരിൽ ഒരാൾ ഓടിച്ചെന്ന് മുഹമ്മദിനോട് നിശബ്ദനായിരിക്കാൻ അഭ്യർത്ഥിച്ചു.

താൻ ആരോടാണ് സംസാരിക്കുന്നതെന്ന് മുഹമ്മദ് അപ്പോഴാണ് ഓർത്തത്. പെട്ടെന്ന് മുഹമ്മദ് കോപമടക്കി ​ഗുജ്ജാറിന്റെ അടുക്കലിരുന്ന് അയാളോട് സംസാരിക്കാൻ ആരംഭിച്ചു. ചെയ്ത ജോലികളെക്കുറിച്ചും ഇനി ചെയ്യാനിരിക്കുന്ന ജോലികളെക്കുറിച്ചും അവർ ദീർഘ നേരം സംസാരിച്ചു. ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടത് അയാൾ കാരണമാണെന്ന് ​ഗുജ്ജാറിനെ ബോധ്യപ്പെടുത്തി. അപ്പോഴും പല ജോലികളും ബാക്കിയുണ്ടായിരുന്നു.

താനിനി എന്താണെന്ന് ചെയ്തു തരേണ്ടതെന്ന് ഗുജ്ജാർ മുഹമ്മദിനോട് ചോദിച്ചു. അക്കാര്യം നേരിട്ടു പറയുന്നതിനു പകരം, മുഹമ്മദ് അദ്ദേഹത്തോട് ഗുർജാര-പ്രതിഹാര രാജവംശത്തിന്റെ കഥയും അവരുടെ പ്രതാപത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും പറയുകയാണ് ഉണ്ടായത്. താങ്കൾ ആ രാജവംശത്തിന്റെ പിൻ​ഗാമിയാണെന്നും മുഹമ്മദ് ​ഗുജ്ജാറിനോട് പറഞ്ഞു.

പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വഴിത്തിരിവായ സംഭവം എന്നാണ് മുഹമ്മദ് ഇതിനെ വിശേഷിപ്പിക്കുന്നത്. തന്റെ താവളം ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറാമെന്ന് ഗുജ്ജർ ഉടൻ തന്നെ സമ്മതിച്ചു. ഒരു ഹനുമാൻ ക്ഷേത്രത്തിൽ ആരാധന നടത്താൻ തന്നെ അനുവദിക്കണമെന്നും എല്ലാ കവർച്ചക്കും മുൻപ് തന്റെ സംഘം വർഷങ്ങളായി നടത്തിയിരുന്ന ഒരു ആചാരമാണിതെന്നും അയാൾ പറഞ്ഞു. മുഹമ്മദ് അത് സമ്മതിച്ചു. അന്നു വൈകുന്നേരം ആറു മണിക്ക് താൻ സ്ഥലം വിടുമെന്ന് ​ഗുജ്ജാർ ഉറപ്പു നൽകി.

ഗുജ്ജാറിന്റെ സുഹൃത്തുക്കളായിരുന്ന പ്രദേശവാസികൾക്കൊപ്പമാണ് മുഹമ്മദ് അതുവരെ പ്രവർത്തിച്ചിരുന്നത്, എന്നാൽ ബടേശ്വറിന് പുറത്തുള്ള ആർക്കും ഇവിടേക്ക് കാലെടുത്തുവെക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഗുജ്ജാർ സ്ഥലത്തു നിന്നും പോയതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കാര്യമായി സംഭാവന ചെയ്യാൻ കഴിയുന്ന കൽപ്പണിക്കാരെ ദൂരെയുള്ള ചന്ദേരിയിൽ നിന്ന് മുഹമ്മദ് എത്തിച്ചു.

അങ്ങനെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടർന്നു. ഒന്നിനു പുറകെ ഒന്നായി ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചു. ഒടുവിൽ ഗുജ്ജാറിനെയും ബടേശ്വറിലും പരിസരത്തുമായി താമസിച്ചിരുന്ന മറ്റ് കൊള്ളക്കാരെയും പോലീസ് പിടികൂടി. ഗുജ്ജാറിന്റെ മരണത്തോടെ, ആർക്കിയോളജിക്കൽ സർവേ പ്രവർത്തകർക്ക് ബടേശ്വറിലുണ്ടായിരുന്ന പിൻബലം ഇല്ലാതായി. കൊള്ളക്കാർ ഇല്ലാതായതോടെ ഖനന മാഫിയ സ്ഥലത്തെത്തുകയും അവി‍ടെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

കല്ല് പൊട്ടിക്കുന്ന ഖനികൾ ഈ മേഖലയിലെ ഒരു പ്രധാന വ്യവസായമാണ്. എന്നാൽ ആവർത്തിച്ചുള്ള സ്ഫോടനങ്ങൾ പുരാതന ക്ഷേത്ര സമുച്ചയത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമായിരുന്നു. കൊള്ളക്കാർ ഖനി ഉടമകളെ ഇവിടേക്ക് അടുപ്പിച്ചിരുന്നില്ല. എന്നാൽ അവർ ഇല്ലാതായതോടെ ഖനന മാഫിയ ബടേശ്വറിന് ചുറ്റും ഖനനം നടത്തുകയും അതിന്റെ പ്രത്യാഘാതത്താൽ പുനഃസ്ഥാപിച്ച ക്ഷേത്രങ്ങളിൽ ചിലത് തകരുകയും ചെയ്തു.

സംസ്ഥാന സർക്കാരുകളോടും കേന്ദ്ര സർക്കാരുകളോടും മുഹമ്മദ് ആവർത്തിച്ച് അഭ്യർത്ഥനകൾ നടത്തിയെങ്കിലും ഒന്നും കാര്യമായ നടപടികളിലേക്ക് നീങ്ങിയില്ല. പിന്നീട് മുഹമ്മദ് രാഷ്ട്രീയ സ്വയംസേവക് സംഘത്തെ സഹായത്തിനായി സമീപിച്ചു. ഇത്തരമൊരു സംഘടനയിൽ നിന്നും സഹായം തേടാൻ ഒരു സർക്കാർ ജീവനക്കാരന് സാധാരണ അനുവാദമില്ല. എന്നാൽ ഇത്തരമൊരു നീക്കത്തിലൂടെ ഈ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഇന്ന് ബടേശ്വറിൽ പുനഃസ്ഥാപിക്കപ്പെട്ട എൺപതിലധികം ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. ഇപ്പോഴും അവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഒരു കൊള്ളക്കാരന്റെ പിന്തുണയും ഒരു പുരാവസ്തു ഗവേഷകന്റെ ബുദ്ധിയുമാണ് ഇതിനെല്ലാം കാരണമെന്നും നാം ഓർക്കേണ്ടതുണ്ട്.
Published by:user_57
First published: