• HOME
 • »
 • NEWS
 • »
 • life
 • »
 • Coral Reefs| ആഗോളതാപനത്തില്‍ നിന്ന് പവിഴപ്പുറ്റുകളെ എങ്ങനെ സംരക്ഷിക്കാം? പുതിയ പഠനങ്ങൾ നൽകുന്ന പ്രതീക്ഷകൾ

Coral Reefs| ആഗോളതാപനത്തില്‍ നിന്ന് പവിഴപ്പുറ്റുകളെ എങ്ങനെ സംരക്ഷിക്കാം? പുതിയ പഠനങ്ങൾ നൽകുന്ന പ്രതീക്ഷകൾ

ജലത്തിനടിയിൽ ഏറ്റവും വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളുടെ പട്ടികയില്‍ ഒന്നാമത്തെ സ്ഥാനം പവിഴപ്പുറ്റുകൾക്കാണ്.

 • Share this:
  ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകള്‍ (Coral Reefs) ഭീഷണിയിലാണ്. അവയെ സംരക്ഷിക്കാന്‍ ശാസ്ത്രജ്ഞരും എന്‍ജിഒകളും നിരവധിയായ ശ്രമങ്ങൾ നടത്തുന്നുണ്ട് . പവിഴപ്പുറ്റുകളുടെ ഘടനയ്ക്ക് സമാനമായ ഓര്‍ഗാനിക് ടിഷ്യുവിന്റെ കണ്ടെത്തൽ, വിവിധ ജീവിവര്‍ഗങ്ങളുടെ അതിജീവന തന്ത്രങ്ങള്‍ അന്വേഷിക്കല്‍, ലബോറട്ടറി ക്രമീകരണത്തിലൂടെ പവിഴപ്പുറ്റ് പുനര്‍നിര്‍മ്മിക്കൽ തുടങ്ങിയവ അതിൽപ്പെടുന്നു. ജലത്തിനടിയിൽ ഏറ്റവും വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളുടെ പട്ടികയില്‍ ഒന്നാമത്തെ സ്ഥാനം പവിഴപ്പുറ്റുകൾക്കാണ്.

  ജൈവവൈവിധ്യത്തിനും (Biodiversity) മനുഷ്യന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ പവിഴപ്പുറ്റുകള്‍ സമുദ്രത്തിലെ താപതരംഗങ്ങളാല്‍ കടുത്ത ഭീഷണി നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം (Climate Change) മൂലം ഈ അവസ്ഥ കൂടുതല്‍ വഷളാകുന്നു. ജലത്തിലെ താപനില ഉയരുന്നത് സമുദ്രത്തിന്റെ അസിഡിഫിക്കേഷനിലേക്ക് നയിക്കുന്നു. ഇത് പവിഴപ്പുറ്റുകളില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഒടുവില്‍ ബ്ലീച്ചിംഗിലേക്കോ അല്ലെങ്കില്‍ പവിഴപുറ്റുകളുടെ നാശത്തിലേക്കോ നയിക്കുന്നു.

  ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഫെബ്രുവരി ഒന്നിന് പിഎൽഒഎസ് ക്ലൈമറ്റ് (PLOS Climate) ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകത്തിലെ 99% പവിഴപ്പുറ്റുകള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രത്യാഘാതത്തെ ചെറുക്കാനാവില്ല. പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തിര പരിഹാരങ്ങളിലൊന്ന് ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുക എന്നതാണ്.

  ലീഡ്സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നത്, ദീര്‍ഘകാലത്തേക്ക് പവിഴപ്പുറ്റുകളുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യം പോലും പര്യാപ്തമല്ല എന്നാണ് (പാരീസ് ഉടമ്പടിയുടെ ലക്ഷ്യം ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുക എന്നതാണ്). അതിന് പകരം പവിഴപ്പുറ്റുകളുടെ അതിജീവനം ഉറപ്പു വരുത്താൻ ഉയര്‍ന്ന താപനിലയുമായി അവയെ പൊരുത്തപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത് എന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.
  Also Read-Air Pollution | അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വഴികൾ

  പവിഴപ്പുറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ലോകമെമ്പാടും സമീപ വര്‍ഷങ്ങളില്‍ നടത്തിയ നിരവധി ശാസ്ത്രീയ പഠനങ്ങളുടെ കണ്ടെത്തലുകള്‍ പ്രതിഫലിക്കുന്ന ഒരു കാഴ്ചപ്പാടാണിത്. യുഎസിലെ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാലയിലെ ജീവശാസ്ത്രജ്ഞര്‍ 2022ന്റെ തുടക്കത്തില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സമുദ്രത്തിലെ അമ്ലീകരണ പ്രതിഭാസത്തെ ഏറ്റവുമധികം പ്രതിരോധിക്കാന്‍ കഴിയുന്ന മൂന്ന് വ്യത്യസ്ത ഇനം പവിഴപ്പുറ്റുകളെക്കുറിച്ചായിരുന്നു പ്രതിപാദിച്ചിരുന്നത്.

  രൂപരഹിതമായ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയ പവിഴപുറ്റിന്റെ അടിസ്ഥാനഘടനയുടെ ക്രിസ്റ്റലൈസേഷന്റെ വേഗതയുമായി ഈ പ്രതിരോധത്തെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ക്രിസ്റ്റലൈസേഷന്റെ വേഗത കൂടുന്നതിനനുസരിച്ച് സമുദ്രത്തിലെ അസിഡിഫിക്കേഷനോടുള്ള പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷി വർധിക്കുമെന്ന് അവർ മനസ്സിലാക്കി.

  പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്ന മറ്റൊരു മാര്‍ഗ്ഗം അവയുടെ മൈക്രോബയോം ഘടനയെ സംബന്ധിച്ചതാണ്. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, പവിഴപുറ്റ് സ്പീഷിസുകളുടെ താപ സമ്മര്‍ദ്ദത്തോടുള്ള പ്രതികരണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കളെ തിരിച്ചറിഞ്ഞു. ഇത് പവിഴപ്പുറ്റുകളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു കണ്ടെത്തലാകുമെന്ന് കരുതപ്പെടുന്നു.
  Also Read-Afterlife | മരണാനന്തര ജീവിതം സാധ്യമാണോ? മരണത്തിന് പിന്നിലെ ശാസ്ത്രം വെളിപ്പെടുത്തി ഭൗതികശാസ്ത്രജ്ഞൻ

  പവിഴപ്പുറ്റുകളുടെ സംരക്ഷണം

  പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പവിഴപ്പുറ്റുകൾ ഉൾപ്പെട്ട, സമുദ്രത്തിനടിയിലെ പ്രദേശങ്ങളെ മനുഷ്യന്റെ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ച് നിർത്തുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. അതായത്, പവിഴപ്പുറ്റ് മേഖലകളിലേക്ക് അമിത മത്സ്യബന്ധനമോ വിനോദസഞ്ചാരമോ പോലുള്ള മനുഷ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക. പവിഴപ്പുറ്റുകള്‍ ധാരാളമുള്ള വിനോദസഞ്ചാര മേഖലയായ പാലാവുവിന്റെയും ഹവായിയുടെയും മാതൃക പിന്തുടര്‍ന്ന് 2021ല്‍ തായ്ലന്‍ഡ് സമുദ്രജീവികള്‍ക്ക് വിഷകരമാകുന്ന കെമിക്കല്‍ സണ്‍സ്‌ക്രീന്‍ ഘടകങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത് മാതൃകാപരമായ നടപടിയായിരുന്നു.

  പവിഴപ്പുറ്റുകളുടെ ഘടനയ്ക്ക് സമാനമായ ജൈവ, ബയോഡീഗ്രേഡബിള്‍ തുണിത്തരങ്ങള്‍ കൊണ്ട് ചില പാറകള്‍ മൂടുന്നത് മറ്റൊരു മാർഗമാണ്. കരിബീയന്‍ ഉള്‍ക്കടലിലെ ഗ്വാഡലൂപ്പില്‍ ഇപ്പോള്‍ ഒരു പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആ മേഖലയിലെ പവിഴമുട്ടകള്‍ സംരക്ഷിക്കുന്നതിനും വേട്ടക്കാരില്‍ നിന്ന് അവയ്ക്ക് സംരക്ഷണം നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഓഷ്യന്‍ ക്വസ്റ്റ് ഗ്ലോബല്‍ എന്ന സന്നദ്ധ സംഘടനയാണ് പാറകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനായിട്ടുള്ള രീതി വികസിപ്പിച്ചെടുത്തത്.

  യുനെസ്‌കോയുടെ പിന്തുണയോടുകൂടിയുള്ള സമീപകാലത്തെ പര്യവേക്ഷണ ദൗത്യങ്ങളും പുതിയ പ്രതീക്ഷ നല്‍കുന്നവയാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതി ദ്വീപില്‍ 30 മീറ്ററിലധികം താഴ്ചയിലുള്ള വളരെ അപൂര്‍വമായ പവിഴപ്പുറ്റുകളെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. പൂര്‍ണ ആരോഗ്യമുള്ളവയായിരുന്നു ആ പവിഴപ്പുറ്റുകൾ.
  പുതുതായി കണ്ടെത്തിയ ഈ പാറകള്‍ ആഗോളതാപനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ഒരു കാരണം അവയുടെ ആഴം കൂടുതലാണ് എന്നതാവാം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെയാണ് ഈ പാറക്കെട്ടുകള്‍ പ്രതിരോധിച്ചതെന്ന് നന്നായി മനസ്സിലാക്കുന്നതിനായി ബന്ധപ്പെട്ട പവിഴപ്പുറ്റുകളുടെ പ്രദേശത്ത് താപനില സെന്‍സറുകള്‍ ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ മറ്റ് പവിഴപ്പുറ്റുകളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

  പവിഴപ്പുറ്റുകള്‍

  കടല്‍ അനിമോണുകളുടെയും ജെല്ലി മല്‍സ്യങ്ങളുടേയും അടുത്ത ഗണത്തില്‍പ്പെട്ട പവിഴപ്പൊളിപ്പുകള്‍ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസര്‍ജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേര്‍ന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നത്. പവിഴപ്പൊളിപ്പുകള്‍ക്ക് കടല്‍വെള്ളത്തില്‍ ആടങ്ങിയിരിക്കുന്ന കാല്‍സ്യം, ലവണങ്ങള്‍ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാല്‍സ്യം കാര്‍ബണേറ്റാക്കി മാറ്റാന്‍ കഴിവുണ്ട്. പവിഴ ദ്വീപുകളും അവയെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉള്‍പ്പെടെ ഉള്ള ഭൂഭാഗത്തെ അറ്റോള്‍ (Atoll) എന്ന പേരില്‍ അറിയപ്പെടുന്നു. പവിഴപ്പുറ്റുകള്‍ക്ക് വളരുന്നതിനായി താപനില (180 മുതല്‍ 300 വരെ), തെളിഞ്ഞ ജലം, ഉപ്പിന്റെ അളവിലുള്ള സ്ഥിരത തുടങ്ങിയ ചില അനുകൂല സാഹചര്യങ്ങള്‍ ആവശ്യമുണ്ട്. 50 മീറ്റര്‍ ആഴത്തില്‍ ഇവ വളരുകയുമില്ല. ജലോപരിതലത്തില്‍ എത്തുന്നതോടെ വളര്‍ച്ച നില്‍ക്കുകയും ചെയ്യും. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകള്‍, നൂറു കണക്കിന് വിവിധ തരത്തിലുള്ള മല്‍സ്യങ്ങള്‍, ചെറിയ സസ്യങ്ങള്‍, വിവിധ തരത്തിലുള്ള ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകള്‍.
  Published by:Naseeba TC
  First published: