നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പുസ്തകങ്ങളെക്കുറിച്ച് സംശയം ഉണ്ടോ ? ഈ പുസ്തശേഖരത്തിലേക്ക് ഒന്നു പോയി നോക്കാം

  പുസ്തകങ്ങളെക്കുറിച്ച് സംശയം ഉണ്ടോ ? ഈ പുസ്തശേഖരത്തിലേക്ക് ഒന്നു പോയി നോക്കാം

  കേരളത്തിലെ വലിയ ഹോം ലൈബ്രറികളിൽ ഒന്ന് എന്നതു മാത്രമല്ല സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ബിപിൻ ചന്ദ്രന്റെ പുസ്തകശേഖരത്തിന്റെ പ്രത്യേകത. വലിയൊരു വായനാ സമൂഹത്തിന് പുസ്തകങ്ങളെക്കുറിച്ചും അതിലെ വിവരങ്ങളെക്കുറിച്ചും ഉള്ള സംശയങ്ങൾ മാറ്റാൻ സഹായകരമാകുന്നു എന്നതു കൂടിയാണ്.

  ബിപിൻ ചന്ദ്രൻ

  ബിപിൻ ചന്ദ്രൻ

  • Share this:
  അടുത്തിടെയായി ഫേസ്ബുക്കിൽ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മിക്കവർക്കും തൃപ്തികരമായ മറുപടിയുമായി ഒരു ഹാൻഡിൽ പതിവായി എത്തുന്നത് ' ശ്രദ്ധയിൽപെട്ടപ്പോഴാണ്'  ഇത് കൊള്ളാമല്ലോ എന്ന് തോന്നിയത്. ആനന്ദിന്റെ അപൂർവ പുസ്തകങ്ങൾ മുതൽ ദുർഗാ പ്രസാദ് ഖെത്രിയുടെയും തോമസ് പാലാ എന്ന ഹാസ്യ സാഹിത്യകാരന്റയും ഒക്കെ പുസ്തകങ്ങൾ തേടുന്നവർക്ക് തെളിവ് സഹിതം മറുപടി നല്കുന്നയാൾ. ഇത്രയധികം പുസ്തകങ്ങളുടെ നടുവിലാണോ ഇയാൾ ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പലപ്പോഴും മറുപടികൾ. തിരക്കഥാകൃത്തും അധ്യാപകനും എഴുത്തുകാരനും നടനും ഒക്കെയായ ബിപിൻ ചന്ദ്രനാണ് ഈ 'പുസ്തകപ്പുഴു'. തൊണ്ണൂറു മുതൽ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള പ്രധാന ആനുകാലികങ്ങൾ ഒക്കെയും ഇവിടെയുണ്ട്.  പൊൻകുന്നത്തെ വണ്ടങ്കൽ വീട്ടിലെ ചില ചുമരുകൾ അക്ഷരാർത്ഥത്തിൽ പുസ്തകം കൊണ്ടുള്ളതാണ്. മുകളിലെ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ ഒരു വശം മുഴുവൻ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളുടെ ശേഖരം ഒരു സാധാരണ മനുഷ്യന് അത്ര എളുപ്പത്തിൽ വായിച്ചു തീരാൻ കഴിയുന്ന ഒന്നല്ല.മറ്റു ഷെൽഫുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ പുസ്തകങ്ങൾക്ക് ചേക്കേറാൻ ഇടം തികയാതെ വന്നപ്പോഴാണ് ഇത്തരം ഒരു ചുമര് തന്നെ ഷെൽഫ് ആയി മാറിയത്.  അവിടെ മാത്രമല്ല പുസ്തകങ്ങളും ആനുകാലികങ്ങളും. ഈ വീട്ടിലെത്തിയാൽ നിങ്ങളുടെ കണ്ണു പോകുന്നിടത്തെല്ലാം പുസ്തകങ്ങൾ ആനുകാലികങ്ങളും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.ആദ്യം 'അമ്മ വാങ്ങിക്കൊടുത്ത ആനവാരിയും പൊൻകുരിശും (ബഷീർ)) മുതൽ അടുത്തിടെയിറങ്ങിയ നീലച്ചടയൻ (അഖിൽ. കെ ) വരെയുള്ള പുസ്തകങ്ങൾ ഇവിടെക്കാണാം. കള്ളൻ പവിത്രനിലെ 'പാത്രക്കാട്' പോലെ അടുക്കും ചിട്ടയും ഇല്ലാത്തതല്ല. അടുക്കിയടുക്കി വെച്ചിരിക്കുകയാണ് അക്ഷരഖനി.അതിന്റെ അടുക്കും ചിട്ടയും ഉടമയുടെ മനസിൽ ഉണ്ട്.ജീവിത പങ്കാളി ദീപ്തി സെബാസ്റ്റൈനും മക്കളായ ആദിത്യനും അഭയനും ഇതിനോട് താല്പര്യമായുള്ളവരുമാണ്. മുപ്പതു വർഷത്തോളമായ തന്റെ പുസ്തക 'ഭ്രാന്തിനെ'ക്കുറിച്ച് ബിപിൻ പറയുന്നു.  'ഞാൻ പുസ്തകം വാങ്ങിത്തുടങ്ങുന്നത് വരെ ഏതൊരു സാധാരണ വീട്ടിലെയും പോലെ വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമേ ഈ വീട്ടിലും ഉണ്ടായിരുന്നുള്ളു. ഇവിടത്തെ പുസ്തകങ്ങളുടെ എണ്ണവും അതിനു മുടക്കിയ തുകയും എനിക്ക് അറിയില്ല .എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പാണ്.ആനുകാലികങ്ങളും പുസ്തകങ്ങളുമായി ഇത്രയധികം ഉള്ള ഒരു സ്വകാര്യ വായനശാല ഉണ്ടാവാൻ ഇടയില്ല. പികെ ഹരികുമാറിന്റെ ( വൈക്കത്തെ ) വീട്ടിൽ ഏതാണ്ട് ഇത് പോലെ ഉണ്ടാകുമെന്നാണ് തോന്നുന്നത്. വാങ്ങിയിരുന്ന കാലത്ത് ഇതിനേക്കാൾ പുസ്തകങ്ങൾ പി.ഗോവിന്ദപ്പിള്ളയുടെയും എം കൃഷ്ണൻനായരുടേയും വീട്ടിൽ ഉണ്ടാകാം. പക്ഷെ അവരുടെ കാലമല്ല എന്റേത്. ഈ പ്രായത്തിനിടയിൽ ഇത്രയും അധികം പുസ്തകം ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നും സംശയമാണ്.  '  ജീവിതം തന്നെ മാറ്റിവെച്ചാണ് പുസ്തകങ്ങൾ ശേഖരിക്കുന്നതും പരിപാലിക്കുന്നതും.  ഒരു കാര്യം ഉറപ്പാണ്. ഈ തുക മുടക്കിയിരുന്നു എങ്കിൽ എറണാകുളത്ത് ഒരു കൊച്ചു താമസ സൗകര്യം വാങ്ങാൻ കഴിയുമായിരുന്നു.സിനിമയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ ഇത്  എനിക്ക് ഇത്  പിന്നീട് മുതലെടുക്കാൻ പറ്റിയ നിക്ഷേപമാണ്. ഒരു പക്ഷെ എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും  പക്ഷെ അങ്ങനെയൊന്നും സാധിക്കാത്ത എത്രയോ പേർ പുസ്തകങ്ങൾ വാങ്ങി ആത്മാവിൽ സന്തോഷവുമായി സമ്പത്തിന്റെ കാര്യത്തിൽ  ദരിദ്രരായി മരിക്കുന്നു.  പുസ്തകശേഖരത്തിന്റെ കാര്യത്തിൽ ആന്റി ലൈബ്രറി എന്നൊരു സങ്കല്പമുണ്ട്. തലേബിന്റെ ബ്ലാക്ക് സ്വാൻ എന്ന പുസ്തകത്തിൽ ഉംബെർട്ടോ എക്കോയുടെ ഈ സങ്കൽപം വിശദീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതു മാത്രമല്ല പുസ്തകങ്ങൾ വാങ്ങി വെക്കുന്നതും ഒരു സാംസ്ക്കാരിക പ്രവർത്തനമാണ്. ഒരാളുടെ ശേഖരത്തിലെ വായിക്കാത്ത പുസ്തകങ്ങൾക്കും അതിന്റെതായ ഒരു കർമം നിർവഹിക്കാനുണ്ട്. ഡോക്ടർ പി.കെ.രാജശേഖരൻ എഴുതിയതു പോലെ എല്ലാ പുസ്തക പ്രേമിയും നേരിടുന്ന ഒരു ചോദ്യമുണ്ട്. ഈ വാങ്ങി വെച്ചിരിക്കുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു തീർക്കാൻ കഴിയുമോ ? കഴിയില്ലായിരിക്കാം. പക്ഷെ ഇത് ഒരാളുടെ വ്യക്തിപരമായ വായനയ്ക്ക് മാത്രമുള്ളതല്ല. ഒരാൾ മാത്രം വായിച്ച് ജ്ഞാന വൃദ്ധനാകാൻ വേണ്ടിയുള്ളതല്ല ഇവയൊന്നും.മറ്റു പലർക്കും ഇതു കൊണ്ട് ഉപകാരമുണ്ടാകണം. എന്നാൽ മറ്റുള്ളവർക്ക് ആ വിവരങ്ങൾ നൽകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് എവിടെയാണ് ഇരിക്കുന്നത് എന്ന് ഓർമ വേണം.അത് എടുത്ത് ചിലപ്പോ ഫോട്ടോ എടുക്കണം. അത് തിരിച്ച് മറുപടിയായി പോസ്റ്റ് ചെയ്യുകയോ അയച്ചു കൊടുക്കുകയോ വേണം.ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് പോകും. പക്ഷേ അത് എത്രയോ പേർക്ക് സന്തോഷമുണ്ടാക്കുന്നതാണ്. ഒരു പക്ഷെ അവരുടെ ജീവിതത്തിൽ അത് അത്രമേൽ പ്രകാശം ചൊരിയുന്ന ഒരു പ്രവർത്തിയുമാകാം അത്.  പൊൻകുന്നത്തെ ബൂക്കിപീഡിയ

  പുസ്തക സംബന്ധിയായ സംശയങ്ങൾ ചോദിച്ചു കൊണ്ടുള്ള വിളികൾ സാധാരണമാണ്. പുസ്തകം ഇല്ലാത്തവർ മാത്രമല്ല ചില പുസ്തകങ്ങൾ സ്വന്തം വീട്ടിൽ എവിടെയാണ് ഇരിക്കുന്നത് എന്നറിയാത്തവരും വിളിക്കുന്നവരിൽ ഉൾപെടും. ചിലർ ലേഖനമോ മറ്റോ എഴുതുമ്പോഴായിരുക്കും ഉദ്ധരണികളിൽ സംശയം വരുന്നത്. ആ സംശയം വിളിച്ചു ചോദിയ്ക്കാൻ ഒരു വിളി മതി. ചിലർക്ക് ചില പേജുകൾ കോപ്പി ചെയ്തു കൊടുക്കേണ്ടി വരും. സ്വന്തം പുസ്തകത്തിലെ വരികൾ ചോദിച്ചവരുമുണ്ട് എന്നതാണ് രസകരം.  ഔട്ട് ഓഫ് പ്രിന്റായ ചില പുസ്തകങ്ങൾ ഇവിടെ നിന്നും പുനർജനിച്ചിട്ടുണ്ട്. ജോർജ് ജോസഫ് കെ യുടെ കുഞ്ഞുണ്ണി പറഞ്ഞ യയാതി വരാലിന്റെ കഥ എന്ന പുസ്തകം. പുതിയ പതിപ്പിന് ശ്രമിച്ചിട്ട് സാധ്യമാകാതെ ഇരുന്നപ്പോഴാണ് എന്നോട് ആവശ്യപ്പെട്ടത്. അതിന്റെ ടൈപ്പ് സെറ്റിങ് വീണ്ടും ചെയ്ത് പുതിയ പതിപ്പ് ഇറങ്ങുന്നത് അങ്ങനെയാണ്.

  പുസ്തകങ്ങളോടുള്ള പരിചയം ഉണ്ടാകുന്നതിനും അത് ഇഷ്ടം ആകുന്നതിനും പലരുടെയും സ്വാധീനം ഉണ്ട്. വായനയെ വഴിതിരിച്ചു വിട്ട ചിലർ. അയൽവാസിയും അച്ഛന്റെ സുഹൃത്തുമായ ജോസഫ് സാർ ആണ് അതിൽ ഒരാൾ.പിന്നെ ഞാൻ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി കാണുന്നത് അമ്മയുടെ സഹോദരീ ഭർത്താവ് ശങ്കുവിരുത്തിയിൽ വിശ്വനാഥൻ നായരുടെ വീട്ടിലേതാണ്. തമ്പലക്കാട് സ്വദേശിയായ അദ്ദേഹം എടപ്പള്ളിയിലാണ് താമസിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു തന്നാണ് പല പുസ്തകങ്ങളും വാരികകളും ഞാൻ കേൾക്കുന്നത്. അവിടെത്തെ അവധിക്കാല സന്ദർശനത്തിലാണ് പല പ്രധാനപ്പെട്ട കൃതികളും ഞാൻ കാണുകയും കേൾക്കുകയും ചെയ്തത്. പിന്നീട് വാരികകൾ വാങ്ങാൻ പ്രേരണയായത് അദ്ദേഹമാണ്.  പിന്നെ കോളേജ് പഠന കാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പരിചയപ്പെട്ട് സഹോദരനായി മാറിയ ജി.അമൃതരാജ്. എന്റെ എഴുത്തിനെയും വായനയേയും ചിന്തയെയും സ്വാധീനിച്ച സുഹൃത്തായ അദ്ദേഹം വഴി മലയാളം വരിക പത്രാധിപർ സജി ജെയിംസ് , പിന്നീട് മഹാരാജാസിലെ അധ്യാപകൻ കവി കെജി ശങ്കരപ്പിള്ള. പുസ്തകങ്ങളോടുള്ള സൗഹൃദത്തിന് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ ലൈബ്രറി, സഹൃദയ വായനശാല എന്നീ ഇടങ്ങൾക്ക് വലിയ പങ്കുണ്ട് . പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്ന കാലം വന്നപ്പോൾ ഒന്നും നോക്കാതെ കാഞ്ഞിരപ്പളളി, പൊൻകുന്നം, കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ നിന്നും വാങ്ങിച്ചു തുടങ്ങി. അതിനിടയിൽ മറക്കാൻ ആവാത്ത ഒരു പേരാണ് എറണാകുളം ബ്ലോസം ബുക്സിലെ അബ്ദുൽ ലത്തീഫിന്റേത്. എത്രയോ അപൂർവ പുസ്തകങ്ങൾ വലിയ വിലക്കൂടുതൽ ഇല്ലാതെ അവിടെ നിന്നും വാങ്ങിയിട്ടുണ്ട് .  പത്താം ക്‌ളാസ് മുതൽ സജീവമായി തുടങ്ങിയതാണ് പുസ്തകം വാങ്ങൽ. അന്ന് ആയിരം രൂപയുടെ പുസ്തകങ്ങൾ തലയിൽ വെച്ചുകൊണ്ടാണ് കൊണ്ടുവന്നത്. സത്യം പറഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തെ കഴുത്തിന് വേദനയും ഉണ്ടായിരുന്നു. ഇന്ന് മുന്നൂറു രൂപയുടെ പുസ്തകം വാങ്ങിച്ചാൽ അത് കക്ഷത്തിൽ വെക്കാൻ പോലും ഇല്ല.അതാണ് ഒരു പ്രധാന വ്യത്യാസം, ബിപിൻ പറഞ്ഞു.
  Published by:Chandrakanth viswanath
  First published: