തിരുവനന്തപുരം: കൊറോണയ്ക്ക് ആയുര്‍വേദത്തിലും യുനായിയിലും ഹോമിയോപ്പതിയിലും മരുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ വിഞ്ജാപനം. കൊറോണയ്ക്കുള്ള ഹോമിയോ മരുന്നുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആയുഷ് വകുപ്പ് ചൊവ്വാഴ്ച പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് ശേഷമാണ് കേന്ദ്രത്തിന്റെ വിഞ്ജാപനം. ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി, തുടങ്ങിയ മരുന്നുകളാണ് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. യൂനാനിയിലെ ഒരു ഡസന്‍ മരുന്നുകള്‍ ഫലപ്രദമെന്നും ആയുഷ് വകുപ്പ് അവകാശപ്പെടുന്നു. ഒരോ മരുന്നും എത്ര അളവിൽ കഴിക്കണമെന്നതും നിർദ്ദേശിക്കുന്നുണ്ട്.
എതിർപ്പുമായി ഐഎംഎ
ആയുഷ് വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ഇല്ല. കേന്ദ്രം പ്രചരിപ്പിക്കുന്നത് കപട ശാസ്ത്രമാണ്. കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും ഇത്തരം കപട ശാസ്ത്രങ്ങളെ നിരോധിക്കണം. കൊറോണ വൈറസ് രാജ്യത്ത് എത്തും മുൻപ് തന്നെ ഹോമിയോയും യൂനാനിയിലും ആയുർവേദത്തിലും മരുന്ന് കണ്ടുപിടിച്ചു എന്ന് പറയുന്നത് തന്നെ ശരിയല്ല. കേന്ദ്രം മാറ്റി വിഞ്ജാപനം ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
മരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ച് പറയുമ്പോഴാണ് കേന്ദ്രത്തിന്റെ അവകാശവാദം. കൊറോണ വൈറസിന്റെ ഘടനപോലും വ്യക്തമാകാതെ ചൈനയും അമേരിക്കയും പ്രതിസന്ധിയില്‍ തുടരുന്നതിനിടെ ആണ് ആയുഷ് വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്.
കേരളത്തിൽ നടപ്പാക്കുന്നത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടൊകോൾ
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സ രീതി മാത്രമെ കേരളത്തിൽ നടപ്പാക്കുകയുള്ളു എന്ന് ആരോഗ്യവകുപ്പ്. ശാസ്ത്രീയ അടിത്തറ ഉള്ളത് ഈ ചികിത്സ രീതിയ്ക്കാണ്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അതിനാൽ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് പ്രധാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റ് ചികിത്സ രീതികൾ കേരളത്തിൽ നടപ്പാക്കുന്നത് ആലോചനയിൽ ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayush ministry, Corona in Kerala, Corona virus, IMA, Kerala Health department, Medicine for corona