എന്‍. രവിശങ്കര്ഈയിടെ അന്തരിച്ച അനൂപ് സ്കറിയ കാശി ആര്‍ട്ട് കഫെ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങുന്നത് 1997 ലാണ്. അതെ വര്‍ഷമാണ് ഞാന്‍ ദില്ലി വിട്ടു നാട്ടില്‍ തിരിച്ചെത്തുന്നത്. പക്ഷെ, എനിക്ക് അനൂപിനെ അതിനും പത്തു വർഷം മുമ്പ് തന്നെ അറിയാമായിരുന്നു.
ഒരു പക്ഷെ, കേരളത്തിലെ തന്നെ കലാലോകത്ത് തികച്ചും നൂതനമായ ഒരു ആശയമായിരുന്നു കാശി ആര്‍ട്ട് കഫെ. ചിത്രങ്ങള്‍ ഗാലറികളില്‍ മാത്രം കണ്ടു ശീലിച്ചിരുന്ന മലയാളികള്‍ക്ക് ഒരു കഫെ തന്നെ ചിത്ര പ്രദര്‍ശന ശാലയാവുന്നത് അത്ഭുതമായിരുന്നു. അറിയപ്പെടുന്ന എത്രയോ കലാകാരന്മാരുടെ ചിത്രങ്ങള്‍ കാശിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. നാടകാവതരണങ്ങള്‍ക്ക് പോലും കാശി വേദിയായി. കലാരംഗത്തെ പല കൂട്ടുകാര്‍ക്കും കാശി ഒരു അഡ്ഡ ആയി. അനൂപിന്റെ സവിശേഷമായ വ്യക്തിപ്രഭാവമായിരുന്നു അതിനു പിന്നില്‍.
1985 ല്‍ അനൂപിന്റെ ചേട്ടന് ആനന്ദ് ആണ് എന്നെ ആദ്യം പരിചയപ്പെടുന്നതും കൂടെ താമസിക്കുന്നതും. ഇപ്പോള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആയ അബുല്‍ കലാം ആസാദും താമസിയാതെ എത്തി. തുടര്‍ന്ന് അനൂപും. ആദ്യമായി കാണുമ്പോള്‍ അനൂപ് ഒരു ട്രാവല്ലെര്സ് ക്യാമ്പില്‍ ആയിരുന്നു. മുടി നീട്ടി വളര്‍ത്തി പോണിടെയില്‍ ആയി
കെട്ടി നിര്‍ത്തുന്ന സ്വഭാവം അന്നേ ഉണ്ടായിരുന്നു. അനൂപിന് അന്നും എന്നും ഉണ്ടായിരുന്ന മണം കഞ്ചാവിന്റെതായിരുന്നു.
പിന്നീട് അനൂപ് തന്റെ ആസ്ത്രിയന്‍ പെണ്‍സുഹൃത്തുമായി എന്റെ ഫ്ലാറ്റില്‍ ഒരു മാസം താമസിച്ചു. ഒരു സര്‍ക്കാര്‍ ജീവനക്കാരനായത് കൊണ്ടും ഫ്ലാറ്റ് സര്‍ക്കാര്‍ ഫ്ലാറ്റ് ആയതു കൊണ്ടും സംശയദൃഷ്ടിയോടെയാണ് സദാചാരികളായ അയല്‍ക്കാര്‍ ഞങ്ങളെ വീക്ഷിച്ചിരുന്നത്. പക്ഷെ, പിന്നീട് അത്തരം ജീവിതം ആ ഫ്ലാറ്റിന്റെ തന്നെ മുഖമുദ്രയായി മാറി. അവര്‍ പോയപ്പോള്‍ ഉപയോഗിച്ചിരുന്ന പിങ്ക് നിറത്തിലുള്ള ഒരു ചൈനീസ് ടേപ്പ് റിക്കൊര്ഡര് എനിക്ക് തന്നിട്ട് പോയി. വര്‍ഷങ്ങളോളം എന്റെ മോളുടെ കളിപ്പാട്ടം അതായിരുന്നു.
എന്നും, പുതിയ ആശയങ്ങള്‍ അനൂപിന്റെ തലയില്‍ കൂടി പ്രവഹിച്ചുകൊണ്ടിരുന്നു. ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കൊച്ചി കാര്‍ണിവല്‍ പോലും അനൂപും സംഘവും തുടങ്ങി വെച്ച ഒന്നാണ്. ലഹരിയില്‍ തുടങ്ങി ലഹരിയില്‍ ഒടുങ്ങുന്ന ആളുകളെപ്പോലെ അല്ലായിരുന്നു അനൂപ്. ലഹരിയില്‍ ഉദിക്കുന്ന ആശയങ്ങള്‍ നടപ്പാക്കാന്‍ അസാധ്യ കഴിവായിരുന്നു. വാസ്കോ ദ ഗാമ ബീച്ചിലെ പല സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈ അനൂപിനായിരുന്നു. ദില്ലിയില്‍ നിന്ന് നാട്ടില്‍ ലീവില്‍ വരുമ്പോഴൊക്കെ ഞാന്‍ കൂട്ടത്തില്‍ ചേരുമായിരുന്നു. ആ ഭാഗത്തെ പല മരങ്ങളും നട്ടതും സംരക്ഷിച്ചതും അനൂപ്, ആസാദ്, എബി, ആനന്ദ് എന്നിവരുടെ സംഘമാണ്. കാശി ആര്‍ട്ട് കഫെയാണ് ബിനാലെ ഇവിടെ എത്തുന്നതിനു മുന്നേ അതിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഒരിടം.
കാശി വിജയപാതയില്‍ എത്തിയതിനു ശേഷം അനൂപിന് പടം ചെയ്താല്‍ കൊള്ളാമെന്ന മോഹമുണ്ടായി. സ്ക്രിപ്റ്റ് എഴുതാന്‍ എന്നെ വിളിച്ചു. ടെലിവിഷനും ക്രിക്കറ്റും ഒരു തുരുത്തിലെ ഗ്രാമത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചായിരുന്നു ആ പടം. ‘മൂന്നു വടിയും ഒരു പെട്ടിയും’ എന്നായിരുന്നു ടൈറ്റില്‍. ഏകദേശം ഒരു ഐഡിയ കിട്ടാനായി ഞങ്ങള്‍ അരൂക്കുറ്റി ഭാഗത്ത് കുറെ അലഞ്ഞു. സ്ക്രിപ്റ്റ് തയ്യാറായപ്പോള്‍ ഒരു പ്രോമോ വേണമെന്നായി. അതിനായി രണ്ടു ദിവസം ഷൂട്ട് നടന്നു. പ്രോമോയോടെ പടം നിലച്ചു.
കേരളത്തില്‍ പിന്നീട് പ്രശസ്തനായ ചിലിയന്‍ സംവിധായകന് പാബ്ലോ പെരെല്‍മാന്‍ 2001 ല്‍ ഒരു ഡോക്യു എടുക്കാനായി കേരളത്തില്‍ വന്നു. ചിലിയില്‍ നിന്ന് തന്നെയുള്ള നാടകസംവിധായകനായ ഏലിയാസ് കോഹന് മലയാളികളെ വെച്ച് പെഡ്രോ പരാമോ എന്ന നാടകം സംവിധാനം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ആ ഡോക്യു. നാടകത്തില്‍ അഭിനേതാക്കള്‍ ആയിരുന്ന കെ കെ രാജനും, (ഇന്ന് ഊരാളി എന്ന് പ്രശസ്തനായ) മാര്‍ട്ടിനും, ഞാനും അതിന്റെ ഭാഗമായി. അനൂപായിരുന്നു കൊച്ചി ഭാഗത്ത് അതിന്റെ ഷൂട്ടിന്റെ മാനേജര്‍. കായല്‍ക്കരയിലെ ഒരു കള്ള് ഷാപ്പില് രണ്ടു കുടിയന്മാര് തല്ലു കൂടുന്ന ഒരു സീന്‍ ഷൂട്ട് ചെയ്തപ്പോള്‍, ഞാനും അനൂപുമായിരുന്നു ആ കുടിയന്മാര്. ഗംഭീരപ്രകടനമായിരുന്നു അനൂപിന്റെത്. സത്യത്തില്‍, അവന്റെ ഒപ്പം എത്താന്‍ ഞാന്‍ കിതച്ചു പോയി എന്ന് പറയാം. ഒരൊറ്റ ഷോട്ടിലാണ് ആ വഴക്ക് മുഴുവന്‍ ഷൂട്ട് ചെയ്തത്.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു പ്രണയസമാഗമത്തിനായി ഹോം സ്റ്റേ അറേഞ്ച് ചെയ്തത് അനൂപാണ്. (വളരെ പിന്നീടു ഞാന്‍ എഴുതിയ Red Star Resort എന്ന കവിത ആ സമാഗമത്തെ കുറിച്ചുള്ളതാണ്.) അന്ന്, അനൂപിന്റെ വീട്ടില്‍ രണ്ടാളും പോയി അത്താഴം കഴിച്ചിരുന്നു. അനൂപ് ഒരിക്കലും ആ ബന്ധത്തെ കുറിച്ചോ അതിന്റെ പശ്ചാത്തലത്തെ കുറിച്ചോ ചോദിച്ചില്ല. സാധാരണ മലയാളികളുടെ സദാചാരബോധം അനൂപിന് എന്നും അന്യമായിരുന്നു. അത്ഭുതമെന്നു തോന്നാം, അന്നത്തെ ആ സമാഗമത്തിന് ശേഷം ഞാന്‍ അവളെയോ അനൂപിനെയോ
കണ്ടിട്ടില്ല.
പിന്നീടു, അനൂപ് കാശി കഫെ വിറ്റതായും മൂന്നാറിലേക്ക് താമസം മാറിയതായും അറിഞ്ഞു. അടുത്ത കാലത്താണ് അവന് കൊച്ചിയില്‍ രോഗഗ്രസ്തനായി തിരിച്ചെത്തിയത് ഞാന്‍ അറിഞ്ഞത്. ഞങ്ങള്‍ തമ്മില്‍ പിന്നീടൊരു കൂടിക്കാണല്‍ ഉണ്ടായതെയില്ല.
അരൂക്കുറ്റി ഗ്രാമത്തിലെ ഷൂട്ടിങ്ങിനിടയ്ക്കു അനൂപ് എന്നെ ഒരു തുരുത്ത് കാണാന്‍ കൊണ്ട് പോയി. അനൂപ് വാങ്ങിയ ദ്വീപായിരുന്നു അത്. ഒരു ചെറുവള്ളത്തില്‍ ആണ് പോയത്. അനൂപ് തന്നെ തുഴഞ്ഞു. കായലിനു നടുക്കെത്തിയപ്പോള്‍ അനൂപ് തുഴച്ചില്‍ നിര്‍ത്തി ഒരു ചോദ്യം “ രവിക്ക് നീന്തല്‍ അറിയുമോ?” “അയ്യോ, ഇല്ല!” ഞാന്‍ പറഞ്ഞു. അനൂപ് തന്റെ തുറന്ന ചിരി ചിരിച്ചു. “സാരമില്ല, രവി. എനിക്കും
അറിയില്ല.”
തോണിയില്‍ നിന്ന് അവന് പെട്ടെന്ന് അപ്രത്യക്ഷനായ പോലെ.
(കൊച്ചിയെ ആർട്ട് ഗ്യാലറികളുടെ കേന്ദ്രമാക്കി മാറ്റുന്നതിൽ വഴിതെളിച്ച കാശി ആർട്ട് കഫെയുടെ സ്ഥാപകനായ അനൂപ് സ്കറിയ ഒക്ടോബർ 20നാണ് അന്തരിച്ചത്. 1997ൽ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള ബർഗർ സ്ട്രീറ്റിൽ ആരംഭിച്ച കാശി ആർട്ട് കഫെ, ഇത്തരത്തിൽ കേരളത്തിൽ ആദ്യത്തേതായിരുന്നു. ആറു വർഷം മുമ്പ് അനൂപ് കാശി ആർട്ട് കഫെയിൽ നിന്ന് പിൻമാറി. ഡോറിയാണ് അനൂപിന്റെ ഭാര്യ. മക്കൾ: ജ്യോതി, നിത്യ)ചിത്രത്തിന് കടപ്പാട്- അബ്ദുൽ കലാം ആസാദ് പട്ടണം ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.