ട്രാന്‍സ്ജെന്‍ഡര്‍ വനിതയ്ക്ക് (transwoman) ഗര്‍ഭപാത്രം മാറ്റിവയ്ക്കാൻ (womb transplantation) ഒരുങ്ങി ഇന്ത്യന്‍ ഡോക്ടര്‍. ദി മിറര്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലൂടെ, പുരുഷനായി ജനിച്ച ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീക്ക് ഐവിഎഫ് (IVF) വഴി ഗര്‍ഭിണിയാകാന്‍ കഴിയും. ശസ്ത്രക്രിയയിലൂടെ മരണപ്പെട്ട ദാതാവിന്റെയോ അല്ലെങ്കില്‍ പുരുഷനായി മാറിയ മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രമോ എടുത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയിലേയ്ക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്.
ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഡോ.നരേന്ദ്ര കൗശിക് (dr. narendra kaushik) ആണ് ഈ രീതിയിലൂടെ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളും കഴിയുന്നത്ര ഒരു സ്ത്രീയാകാനാണ് ആഗ്രഹിക്കുന്നതെന്ന് ശസ്ത്രക്രിയയെ കുറിച്ച് സംസാരിക്കവെ ഡോക്ടര്‍ പറഞ്ഞു. സ്ത്രീയാകുക എന്നതിനര്‍ത്ഥം ഗര്‍ഭം ധരിക്കാനുള്ള കഴിവ് കൂടി ഉണ്ടാകണമെന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃക്ക മാറ്റിവയ്ക്കല്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും അവയവമാറ്റ ശസ്ത്രക്രിയ എന്നിവ പോലെ ഗര്‍ഭപാത്രം മാറ്റിവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.കൗശിക് പറഞ്ഞു.
ഭാവിയില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രാധാന്യമുണ്ടാകുമെന്നും അത് ഉടന്‍ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്നും ശസ്ത്രക്രിയ വിജയകരമാകുമെന്നതില്‍ വളരെ ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഓപ്പറേഷനിൽ ശ്രദ്ധിക്കേണ്ട കാര്യം സ്ത്രീയുടെ ഗര്‍ഭപാത്രം ഫാലോപ്യന്‍ ട്യൂബുകളുമായി ബന്ധിപ്പിക്കുന്നില്ല എന്നതാണ്.ഇതിനര്‍ത്ഥം ശസ്ത്രക്രിയയ്ക്ക് ശേഷവും ട്രാൻസ് യുവതിയ്ക്ക് ഐവിഎഫ് വഴി ഗര്‍ഭധാരണം സാധ്യമാണ്. തന്റെ രോഗികളില്‍ ഏകദേശം 20 ശതമാനവും വിദേശികളാണെന്നും, പ്രത്യേകിച്ച് യുകെയില്‍ നിന്നുള്ളവരാണെന്നും ഡോ.കൗശിക് പറഞ്ഞു. രോഗിയുടെ ജീവിതം കഴിയുന്നത്ര സാധാരണ രീതിയിലാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്ജെന്‍ഡര്‍ വനിതയ്ക്ക് ഗര്‍ഭപാത്രം മാറ്റിവെച്ച ഒരേയൊരു കേസ് മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അവര്‍ മരണപ്പെട്ടിരുന്നു. 1931 ലായിരുന്നു ശസ്ത്രക്രിയ നടന്നത്. ചിത്രകാരിയും ട്രാന്‍സ് വുമണുമായ ലിലി എല്ബെയിലാണ് ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അണുബാധയെ തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയില്‍ ഒരു ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അമ്മയുടെ ഗര്ഭപാത്രമാണ് മകള്‍ക്ക് നല്‍കിയത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച മകള്‍ക്ക് ഗര്‍ഭം ധരിക്കുന്നതിനു വേണ്ടിയാണ് 43കാരിയായ അമ്മ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ തയ്യാറായത്. പൂനെ ഗ്യാലക്സി കെയര്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് പൂനെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.