• HOME
  • »
  • NEWS
  • »
  • life
  • »
  • പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ചു; ഇന്ത്യന്‍ പര്‍വതാരോഹകക്ക് ബേസ് ക്യാമ്പില്‍ വെച്ച് ദാരുണാന്ത്യം

പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ചു; ഇന്ത്യന്‍ പര്‍വതാരോഹകക്ക് ബേസ് ക്യാമ്പില്‍ വെച്ച് ദാരുണാന്ത്യം

പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു സൂസന്റെ യാത്ര

  • Share this:

    പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് സൃഷ്ടിക്കാനാഗ്രഹിച്ച പര്‍വതാരോഹകയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ സൂസന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59കാരിയാണ് നേപ്പാളിലെ ബേസ് ക്യാംപില്‍ വെച്ച് മരിച്ചത്. പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു സൂസന്റെ യാത്ര. എന്നാല്‍ ബേസ് ക്യാംപില്‍ വെച്ച് രോഗബാധിതയായ സൂസന്‍ വ്യാഴാഴ്ചയാണ് മരിച്ചത്. എവറസ്റ്റ് ബേസ് ക്യാംപിലെ പരിശീലനത്തിനിടെ സൂസന് ശാരീരികസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു മരണം. ബേസ് ക്യാംപിലെ അക്ലൈമറ്റൈസേഷന്‍ പരിശീലനത്തിനിടെയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്.

    സാധാരണ വേഗത നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ പര്‍വതാരോഹണം ഉപേക്ഷിക്കാന്‍ സൂസനോട് പറഞ്ഞിരുന്നതായി നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യുവരാജ് ഖതിവാഡ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ സൂസന്‍ തയ്യാറായിരുന്നില്ല. തനിക്ക് എവറസ്റ്റില്‍ കയറണമെന്നും താന്‍ ഫീസ് നല്‍കിയതാണെന്നും പറഞ്ഞ് സൂസന്‍ ഇതിനെ ന്യായീകരിതച്ചെന്നും യുവരാജ് പറഞ്ഞു. അതേസമയം സൂസനെ വളരെയധികം നിര്‍ബന്ധിച്ചാണ് താഴേക്ക് എത്തിച്ചത് എന്നാണ് യാത്ര സംഘാടകനായ ദെണ്ഡി ഷെര്‍പ്പ പറഞ്ഞത്. തുടര്‍ന്ന് ലൂക്‌ലയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Also read-ജനിതക വൈകല്യമുള്ള 23കാരിയ്ക്ക് യോനി പുനർനിർമിച്ചു; ബെം​ഗളൂരുവിൽ അപൂർവ ശസ്ത്രക്രിയ

    ” ദൗത്യം ഉപേക്ഷിക്കാന്‍ അഞ്ച് ദിവസ് മുമ്പേ ഞങ്ങള്‍ സൂസനോട് പറഞ്ഞിരുന്നു. എന്നാല്‍ എവറസ്റ്റില്‍ കയറണമെന്ന വാശിയിലായിരുന്നു സൂസന്‍,” എന്നും ദെണ്ഡി ഷെര്‍പ്പെ കൂട്ടിച്ചേർത്തു. അക്ലൈമറ്റൈസേഷന്‍ പരിശീലനത്തില്‍ സൂസന്‍ യോഗ്യത നേടിയില്ലെന്നും ഷെര്‍പ്പ പറഞ്ഞു. ഇക്കാര്യം അറിയിച്ച് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് ഷെര്‍പ്പ കത്തയയ്ക്കുകയും ചെയ്തിരുന്നു. ബേസ് ക്യാംപിന് മുകളിലുള്ള ക്രോപ്ടണ്‍ പോയിന്റിലേക്ക് എത്താന്‍ സൂസന്‍ എടുത്തത് അഞ്ച് മണിക്കൂറാണ്. ബേസ് ക്യാംപില്‍ നിന്ന് വെറും 250 മീറ്റര്‍ മാത്രം ദൂരമുള്ള പോയിന്റാണ് ഇതെന്നും ഷെര്‍പ്പ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    സാധാരണ പര്‍വതാരോഹകര്‍ 15-20 മിനിറ്റില്‍ നടന്ന് കയറുന്ന ദൂരം സഞ്ചരിക്കാനാണ് സൂസന്‍ അഞ്ച് മണിക്കൂറിലധികം എടുത്തത്. രണ്ടാമത്തെ ശ്രമത്തില്‍ 6 മണിക്കൂര്‍ എടുത്താണ് അവര്‍ ഈ ദൂരം പൂര്‍ത്തിയാക്കിയത്. മൂന്നാമത്തെ ശ്രമത്തില്‍ ഏകദേശം 12 മണിക്കൂറാണ് എടുത്തതെന്നും ഷെര്‍പ്പ പറഞ്ഞു. ”തന്റെ യാത്രയിലൂടെ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് സൂസന്‍ ശ്രമിച്ചത്. പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഏഷ്യന്‍ വനിതയെന്ന റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം,” ഷെര്‍പ്പ പറഞ്ഞു. സൂസന് തൊണ്ടയിലും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും ഭക്ഷണം പോലുമിറക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഷെര്‍പ്പ കൂട്ടിച്ചേർത്തു.

    Also read- ഭർത്താവിന്റെ അമിത മദ്യപാനം കുറയ്ക്കാന്‍ ഭാര്യ ‘മദ്യപാനിയായി’

    മാര്‍ച്ച് മുതലാണ് എവറസ്റ്റിലേക്കുള്ള പര്‍വതാരോഹണം ആരംഭിച്ചത്. ഏപ്രിലിലും ഇന്ത്യന്‍ പര്‍വതാരോഹകന്‍ അപകടത്തില്‍പ്പെട്ടിരുന്നു. അനുരാഗ് മാലൂ എന്ന യുവാവാണ് പര്‍വ്വതാരോഹണത്തിനിടെ താഴേക്ക് പതിച്ചത്. ക്യാംപ് മൂന്നില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു ഇദ്ദേഹം. അന്നപൂര്‍ണ പര്‍വതത്തിനു സമീപമായിരുന്നു അപകടം. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ പര്‍വതമാണ് അന്നപൂര്‍ണ. മുമ്പ് ഇന്ത്യന്‍ പര്‍വതാരോഹകനായ ബാല്‍ജീത്ത് കൗറിനെയും അന്നപൂര്‍ണയില്‍ നിന്ന് കാണാതായിരുന്നു. പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.

    Published by:Vishnupriya S
    First published: