HOME » NEWS » Life » INDIAN ORIGIN JOURNALIST MEGHA RAJAGOPALAN WINS PULITZER PRIZE FOR EXPOSING CHINA S DETENTION CAMPS NEW

മുസ്ലീങ്ങളെ തടങ്കലിൽ പാർപ്പിച്ച പാളയങ്ങൾ തുറന്നുകാട്ടി; ഇന്ത്യന്‍ വംശജ മേഘാരാജഗോപാലിന് പുലിറ്റ്സര്‍

എവിടെയാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായി ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തുടര്‍ന്ന് 260 തടങ്കല്‍ പാളയങ്ങള്‍ കണ്ടെത്തുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 12, 2021, 6:49 PM IST
മുസ്ലീങ്ങളെ തടങ്കലിൽ പാർപ്പിച്ച പാളയങ്ങൾ തുറന്നുകാട്ടി; ഇന്ത്യന്‍ വംശജ മേഘാരാജഗോപാലിന് പുലിറ്റ്സര്‍
മേഘ രാജഗോപാലൻ
  • Share this:
ന്യൂയോര്‍ക്ക്: ചൈനയുടെ രഹസ്യ തടങ്കല്‍ പാളയങ്ങൾ  ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സർ  പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നീല്‍ ബേദിയെന്ന ഇന്ത്യന്‍ വംശജയ്ക്കാണ്.

ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെ 2017ല്‍ ചൈന തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെ മേഘ തടങ്കല്‍പാളയങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കി. കെട്ടിടങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ സ്പെഷ്യലിസ്റ്റായ അലിസൺ കില്ലിങ്, പ്രോഗ്രാമർ ക്രിസ്റ്റോ ബുഷ്ചെക്ക് എന്നിവരുടെ സഹായത്തോടെയാണ് ലണ്ടനിൽ നിന്ന് മേഘ റിപ്പോർട്ട് തയാറാക്കിയത്.

എവിടെയാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായി ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തുടര്‍ന്ന് 260 തടങ്കല്‍ പാളയങ്ങള്‍ കണ്ടെത്തുകയായിരുന്നു. പതിനായിരം പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളായിരുന്നു ഇവയില്‍ ചിലത്. ഇതിനു പുറമേ ഖസാക്കിസ്ഥാനിലെത്തി തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടിവന്നവരുടെ അനുഭവ കഥകളും മേഘ ലോകത്തിന് മുന്നില്‍ എത്തിച്ചു. ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവർത്തകയാണ് മേഘ.

എന്നാൽ പുലിറ്റ്സർ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ചടങ്ങ് തത്സയം വീക്ഷിച്ചിരുന്നില്ലെന്നും എഡിറ്റർ ഫോണിൽ വിളിച്ചപ്പോഴാണ് പുരസ്കാര ലബ്ധിയെ കുറിച്ച് അറിഞ്ഞതെന്നും മേഘ പ്രതികരിച്ചു. ''പെട്ടെന്ന് ഈ വാർത്ത കേട്ടപ്പോഴുള്ള ഞെട്ടലിലാണ് ഞാൻ. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല'' - മേഘ പറയുന്നു.



ബ്രേക്കിങ് ന്യൂസിനുള്ള പുലിറ്റ്സർ  പുരസ്കാരം സ്റ്റാർ ട്രിബ്യൂൺ കരസ്ഥമാക്കി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടർച്ചയായ റിപ്പോർട്ടുകൾക്കാണ് സ്റ്റാര്‍ ട്രിബ്യൂണിന് പുരസ്‌കാരം ലഭിച്ചത്. അനീതിക്കെതിരെയുള്ള മാധ്യമ ഇടപെടലിന്റെ ഉദാത്ത മാതൃകയാണിതെന്ന് അവാർഡ് ദാന സമിതി വിലയിരുത്തി. ജോർജ് ഫ്ലോയിഡിന്റെ മരണ ശേഷമെടുത്ത അമേരിക്കൻ നഗര ചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്.

Also Read- ഡയറിക്കുറിപ്പുകളിലൂടെ ലോകം അറിഞ്ഞ ആൻഫ്രാങ്കിന്‍റെ പ്രശസ്ത ഉദ്ധരണികൾ അറിയാം

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകർ പങ്കിട്ടു. കോവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മാധ്യമ മേഖലയിൽ നിന്നല്ലാതെ മറ്റൊരാൾ കൂടി ഈ തവണ പുലിറ്റ്സര്‍ അംഗീകാരത്തിന് അർഹയായി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതക രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച കൗമാരക്കാരി ഡാർനേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമർശം. ഡാർനേലയുടെ ഇടപെടൽ പുതു തലമുറയ്ക്ക് മാതൃകയാണെന്ന് അവാർഡ് സമിതി പറഞ്ഞു. അതേസമയം മികച്ച കാർട്ടൂണിന് ഇത്തവണ പുരസ്‌കാരം ഉണ്ടായിരുന്നില്ല.
Published by: Rajesh V
First published: June 12, 2021, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories