കോവിഡ് (Covid ) മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതോടെ ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസം മേഖല വൻ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ, ഏകദേശം രണ്ട് വർഷത്തിന് ശേഷം നിയന്ത്രണങ്ങൾ മാറി അന്താരാഷ്ട്ര വിമാന (international flights) സർവീസ് പുനരാരംഭിച്ചതോടെ ടൂറിസം മേഖല സജീവമാകാൻ തുടങ്ങി.
അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിച്ച് ഏകദേശം ഒരു മാസത്തോട് അടുക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രികർ (Indian tourists) വിദേശ രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഏഷ്യൻ രാജ്യങ്ങൾ (Asian countries) സന്ദർശിക്കാനാണ് ഇത്തവണ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ കൂടുതൽ താൽപര്യം കാണിച്ചത്. യുഎഇ, മാലിദ്വീപ്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ കൂടുതലായി എത്തിയത്. യൂറോപ്പിൽ സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളോടായിരുന്നു സന്ദർശകർക്ക് പ്രിയം കൂടുതൽ. ഇതിന് പുറമെ തുർക്കി, ഓസ്‌ട്രേലിയ, യുകെ, യുഎസ് തുടങ്ങിയ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരവധി പേർ എത്തിയതയതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ പറയുന്നു.
Also Read-
ഗോവ മുതല്‍ ശ്രീനഗര്‍ വരെ; അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍“മാലദ്വീപ്, തായ്‌ലൻഡ്, യുഎഇ, യുകെ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള യാത്രാപ്രിയരുടെ അന്വേഷണങ്ങളിൽ ഈ വർഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ദുബായ് ആണ് ഈ പട്ടികയിൽ മുന്നിൽ തുടരുന്നത്. പ്രത്യേകിച്ചും ഹ്രസ്വകാല അവധികൾ ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ദുബായ് തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്" ഓൺലൈൻ ട്രാവൽ കമ്പനിയായ ഈസ്മൈട്രിപ്പിന്റെ സഹസ്ഥാപകൻ നിശാന്ത് പിറ്റി പറഞ്ഞു.
"അവസാന നിമിഷങ്ങളിലെ ഫ്ളൈറ്റ് ബുക്കിങിലും ട്രാവൽ ബുക്കിങ്ങുകളിലും 30 ശതമാനം വർധനയാണ് ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. വേനൽക്കാല മാസങ്ങളിൽ ഈ പ്രവണത കൂടുതൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും,"പിറ്റി കൂട്ടിച്ചേർത്തു.
2022ലെ വേനൽക്കാല ഷെഡ്യൂളിൽ ഇന്ത്യയിൽ നിന്ന് 1,783 പ്രതിവാര അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ 40 രാജ്യങ്ങളിൽ നിന്നുള്ള 60 എയർലൈനുകൾക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളെ സംബന്ധിച്ച് മാർച്ച് 27 നും ഒക്ടോബർ 29 നും ഇടയിലുള്ള വേനൽക്കാല ഷെഡ്യൂളിൽ 1,466 പ്രതിവാര അന്താരാഷ്ട്ര വിമാനങ്ങൾ വരെ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്.
പടിഞ്ഞാറൻ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 മടങ്ങ് വളർച്ച രേഖപ്പെടുത്തി, ദുബായ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 40-50 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് തോമസ് കുക്കിലെ (ഇന്ത്യ) ഗ്ലോബൽ ബിസിനസ് ട്രാവൽ പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ ഇൻഡിവർ റസ്തോഗി പറഞ്ഞു. തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള യാത്ര ആവശ്യകതയിൽ 40 ശതമാനവും യുഎസിലേക്കുള്ള യാത്ര ആവശ്യകതയിൽ 100 ശതമാനവും വർധന ഉണ്ടായി.
“ഹ്രസ്വദൂര യാത്രകൾക്കുള്ള ആവശ്യകതയിൽ പരമാവധി ഉയർച്ച കാണുന്നുണ്ട്. പ്രത്യേകിച്ച് തായ്ലൻഡിലേക്കുള്ള യാത്രകളിൽ ആഴ്ചതോറും മൂന്ന് മടങ്ങ് വർധനയാണ് പ്രകടമാകുന്നത്. സിംഗപ്പൂരും ഇന്തോനേഷ്യയും ആണ് തൊട്ട് പിന്നിൽ. കൂടാതെ, മാലിദ്വീപ് (30%), മൗറീഷ്യസ് (35%) തുടങ്ങിയ ദ്വീപുകളിലേക്കും അയർ രാജ്യമായ നേപ്പാളിലേക്കും പോകാൻ താൽപര്യം കാണിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്, ”റസ്തോഗി പറഞ്ഞു.
അന്താരാഷ്ട്ര വിമാന യാത്രകൾ പുനരാരംഭിക്കുന്നത് വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച് ആശ്വാസകരമാണ്. അന്താരാഷ്‌ട്ര യാത്രകൾ ഉയരാൻ ഇത് കാരണമാകും. എന്നാൽ, യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള യാത്രകളെ ഹ്രസ്വകാലയളവിൽ ബാധിക്കാൻ ഇടയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.