• HOME
  • »
  • NEWS
  • »
  • life
  • »
  • INTERESTING INFORMATION ON BUTTERFLY CENSUS JK

ചിത്രശലഭങ്ങള്‍ കൂടുതല്‍ ആസാമില്‍; കുറവ് ഹരിയാനയിലും; ബട്ടര്‍ഫ്‌ളൈ സെന്‍സസിലെ കൗതുകകരമായ വിവരങ്ങള്‍

അമ്പതോളം പരിസ്ഥിതി സംഘടനകള്‍ ഒരുമിച്ചായിരുന്നു അഖിലേന്ത്യാ ചിത്രശലഭ സെന്‍സസ് നടത്തിയത്.

Credits: Getty Images via Canva

Credits: Getty Images via Canva

  • Share this:
    കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ കൗതുകകരമായ ഒരു സെന്‍സ് നടന്നിരുന്നു. നമ്മുടെ നാട്ടിലെ ചിത്രശലഭങ്ങളുടെ കണക്കെടുപ്പായിരുന്നു അത്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2020 സെപ്റ്റംബറില്‍ നടത്തിയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ ഈ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ചപ്പോള്‍ രസകരമായ പല വസ്തുതകളും അതിലുണ്ടായിരുന്നു.

    ഇന്ത്യയിലെ ജൈവവൈവിധ്യം നന്നായി മനസ്സിലാക്കുന്നതിനും രാജ്യമെമ്പാടുമുള്ള ചിത്രശലഭങ്ങളുടെ കണക്ക് തിരിച്ചുള്ള ഭൂപടം കണ്ടെത്തുന്നതിനുമായിരുന്നു ഈ ബട്ടര്‍ഫ്‌ളൈ സെന്‍സസ് നടത്തിയത്. അമ്പതോളം പരിസ്ഥിതി സംഘടനകള്‍ ഒരുമിച്ചായിരുന്നു അഖിലേന്ത്യാ ചിത്രശലഭ സെന്‍സസ് നടത്തിയത്. ഇതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് ഇന്ത്യയിലുടനീളം 550ല്‍ അധികം ചിത്രശലഭങ്ങളുടെ ഗണങ്ങളാണുള്ളത്.

    അസമിലാണ് ഏറ്റവും കൂടുതല്‍ ചിത്രശലഭങ്ങളുള്ളത്. 315 ഇനങ്ങള്‍ അസമില്‍ നിന്ന് കണ്ടെത്തി. രേഖപ്പെടുത്തിയതില്‍ ചിത്രശലഭങ്ങള്‍ ഏറ്റവും കുറവുള്ളത് ഹരിയാനയിലാണ്. ഹരിയാനയിലെ ആറ് സ്ഥലങ്ങളിലായി 60 എണ്ണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ട് ബട്ടര്‍ഫ്‌ളൈ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താന്‍ സാധിച്ചു.

    ഡല്‍ഹിയിലെ ചിത്രശലഭങ്ങളുടെ എണ്ണം 80 ആണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബട്ടര്‍ഫ്‌ളൈ സെന്‍സസിന്റെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് സ്പീഷീസുകള്‍ കൂടിയിട്ടുണ്ട്. അസം കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ചിത്രശലഭ ഇനങ്ങള്‍ ഉള്ള സംസ്ഥാനം പശ്ചിമ ബംഗാളിലാണ്. 238 ഇനം ചിത്രശലഭങ്ങളുമായി ബംഗാള്‍ രണ്ടാം സ്ഥാനത്താണ്.

    കേരളത്തില്‍ 208 ചിത്രശലഭ ഇനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 198 ഇനം ചിത്രശലഭങ്ങളുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും യഥാക്രമം 176, 162 ഇനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസമിലെ പല പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശില്‍ 138 സ്പീഷീസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഛത്തീസ്ഗഡിലും തമിഴ്‌നാട്ടിലും യഥാക്രമം 137ഉം 125ഉം സ്പീഷീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

    പരിസ്ഥിതിയിലെ മാറ്റങ്ങളോട് ചിത്രശലഭങ്ങള്‍ വേഗത്തില്‍ പ്രതികരിക്കുന്നതിനാല്‍ ഈ സെന്‍സസ് നിര്‍ണായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ഒരു പ്രധാന ജൈവവൈവിധ്യ സൂചകമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം.

    ബിഎന്‍എച്ച്എസിലെ അംഗമായ സൊഹൈല്‍ മദന്‍ പറയുന്നതനുസരിച്ച്, ഒരു പ്രദേശത്ത് കൂടുതല്‍ ചിത്രശലഭ ഇനങ്ങളെ കണ്ടെത്തിയാല്‍ അത് സൂചിപ്പിക്കുന്നത് വായു മലിനീകരണം കുറവാണെന്നും അവിടുത്തെ മണ്ണില്‍ കുറഞ്ഞ രാസപദാര്‍ത്ഥങ്ങളെ അടങ്ങിയിട്ടുള്ളൂവെന്നുമാണ്. ചിത്രശലഭങ്ങള്‍ക്ക് സസ്യങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. ഒരു പ്രദേശത്ത് കൂടുതല്‍ സ്പീഷീസുകള്‍ കണ്ടെത്തിയാല്‍, അവിടുത്തെ സസ്യജാലങ്ങളിലും ഇതിന് കൂടുതല്‍ വൈവിധ്യമുണ്ട് എന്നാണ് മദന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

    ഏകദേശം ആയിരം പേര്‍ ബട്ടര്‍ഫ്‌ളൈ സെന്‍സക്‌സില്‍ പങ്കെടുത്തു. സര്‍വേക്കായി ഇരുപതിനായിരത്തിലധികം ഫോട്ടോകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ചിത്രശലഭ ഇനങ്ങളില്‍ മുന്‍പന്തിയിലുള്ളത് ചോക്ലേറ്റ് പാന്‍സി, സാധാരണ മോര്‍മോണ്‍, ഗ്രാസ് യെല്ലോ, എഗ്ഗ് ഫ്‌ളൈ തുടങ്ങിയ സ്പീഷീസുകളാണ്.

    സസ്യങ്ങളെ പരാഗണം നടത്തുന്നതില്‍ ചിത്രശലഭങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. പരാഗണം പരിസ്ഥിതിക്ക് മാത്രമല്ല, കൃഷിക്കും വളരെ പ്രധാനമാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 75 ശതമാനം കാര്‍ഷികവും പരാഗണത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.
    Published by:Jayesh Krishnan
    First published:
    )}