വസ്ത്രധാരണവുമായി (clothing) ബന്ധപ്പെട്ട ചില മുൻവിധികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ 5 ന് അന്താരാഷ്ട്ര ബിക്കിനി ദിനമായി (International Bikini Day) ആചരിക്കുന്നത്. ബിക്കിനി ധരിച്ച് കടല്‍ തീരങ്ങളില്‍ ദിവസം മുഴുവന്‍ ചെലവഴിച്ച് സ്ത്രീകള്‍ ചിലയിടങ്ങളിൽ ഈ ദിവസം ആഘോഷമാക്കാറുണ്ട്. ഈ ദിവസത്തിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് കൂടുതലറിയാം.
ഫ്രഞ്ച് ഓട്ടോമൊബൈൽ എഞ്ചിനീയർ ആയിരുന്ന ലൂയിസ് റിയാർഡ് (Louis Reard) ആണ് ആദ്യമായി ബിക്കിനി ഉണ്ടാക്കിയത്. അമ്മയിൽ നിന്നും അടിവസ്ത്രങ്ങൾ വിൽക്കുന്ന ബിസിനസ് ഏറ്റെടുത്തതിനു ശേഷമാണ് ലൂയിസിന് അത്തരമൊരാശയം മനസിൽ തോന്നിയത്. 1946 ജൂലായ് 5നാണ് ഈ ബിക്കിനി കളക്ഷൻ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ബീച്ചുകളിലെത്തുന്ന സ്ത്രീകൾ കൂടുതൽ സൂര്യപ്രകാശം ശരീരത്തിൽ പതിക്കാൻ ആഗ്രഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞതാണ് ബിക്കിനി ഉണ്ടാക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിക്കിനി അറ്റോൾ (Bikini Atoll) എന്ന സ്ഥലപ്പേരിൽ നിന്നാണ് ബിക്കിനിയുടെ പേരിന്റെ ഉത്ഭവം. 1946 ജൂലൈ 1 ന് ബിക്കിനി അറ്റോളിൽ അമേരിക്ക ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയിരുന്നു.
ഒരു വേനൽക്കാല വസ്ത്രമായാണ് ബിക്കിനി കൂടുതലും ഉപയോഗിക്കുന്നത്. ഏറ്റവും നീളം കുറഞ്ഞ ബാത്ത് സ്യൂട്ട് എന്നും ഇത് അറിയപ്പെടുന്നു. വിവിധ ആകൃതികളിലും വലുപ്പത്തിലും നിറങ്ങളിലുമൊക്കെയുള്ള ബിക്കിനികൾ പല തരത്തിലുണ്ട്. കടലും കടൽത്തീരവും ആസ്വദിക്കാനെത്തുന്നവരുടെ ഇഷ്ട വസ്ത്രമാണിത്.
ബിക്കിനിയെക്കുറിച്ച് ചില അറിയാക്കഥകൾ...
1. ബിക്കിനികൾ നിർമ്മിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും മുന്നിൽ നിൽക്കുന്ന രാജ്യം ചൈനയാണ്. ബിക്കിനി വിപണിയുടെ 70 ശതമാനവും ചൈനയിൽ നിർമിക്കപ്പെടുന്നതാണെന്നാണ് റിപ്പോർട്ട്.
2. മുസ്ലീം സ്ത്രീകൾക്ക് ഭയം കൂടാതെ ബിക്കിനി ധരിക്കാൻ കഴിയുന്ന ഒരു ബീച്ചാണ് ഈജിപ്തിലെ ലാ ഫെമ്മെ.
3. ലോകസുന്ദരി മത്സരത്തിന്റെ കിരീടധാരണ ചടങ്ങിൽ ബിക്കിനി ധരിച്ച ആദ്യത്തെയും അവസാനത്തെയും മോഡലാണ് കികി ഹകാൻസൺ 1951 ലായിരുന്നു അത്.
4. ലോകത്തിലെ ഏറ്റവും വിലകൂടിയ ബിക്കിനിക്ക് 30 ദശലക്ഷം യുഎസ് ഡോളറാണ് വില. സൂസൻ റോസൻ എന്നയാളാണ് ഇത് രൂപകൽപന ചെയ്തത്. 150 കാരറ്റിലധികം വജ്രങ്ങൾ കൊണ്ടാണ് ഈ ബിക്കിനി അലങ്കരിച്ചത്.
5. ലോകത്ത് ബിക്കിനി ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ വത്തിക്കാൻ ഉൾപ്പെടെ പലയിടത്തും ഈ വസ്ത്രം നിരോധിക്കപ്പെട്ടു. പലരും ഈ വസ്ത്രം ധരിക്കുന്നത് 'പാപം' ആണ് എന്നു പോലും പറഞ്ഞു. ബിക്കിനി നിരോധിക്കപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ അമേരിക്കയിലെ ഫ്ലോറിഡ പോലുള്ള നഗരങ്ങളും ഉണ്ട്.
സാംസ്കാരിക അതിരുകൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ ചില ഘടകങ്ങൾ മൂലം ഇന്ത്യയിലും പലയിടത്തും ബിക്കിനി ധരിക്കുന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ബിക്കിനി ധരിക്കുന്നത് ഒരു പ്രശ്നമേയല്ലാത്ത ചില ബീച്ചുകളും ഇന്ത്യയിലുണ്ട്.
Summary: Why is International Bikini Day observed on June 5 and its significanceഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.