• HOME
  • »
  • NEWS
  • »
  • life
  • »
  • Human Fraternity Day | ഇന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; ലോക സമാധാനത്തിന് ഒത്തൊരുമയോടെ ജീവിക്കാം

Human Fraternity Day | ഇന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; ലോക സമാധാനത്തിന് ഒത്തൊരുമയോടെ ജീവിക്കാം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന മതപരമായ അസഹിഷ്ണുതകൾക്കിടയിലും വൈവിധ്യമാർന്ന മതങ്ങളും സംസ്‌കാരങ്ങളും മനുഷ്യരാശിയെന്ന നിലയിൽ നമ്മുടെ ജീവിതത്തെയും പുരോഗതിയെയും എങ്ങനെ സമ്പന്നമാക്കുന്നുവെന്ന് ഈ ദിനം അടയാളപ്പെടുത്തുന്നു.

  • Share this:
    ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായാണ് (International Day of Human Fraternity) ആചരിക്കുന്നത്. ലോകത്തെ നിലവിലുള്ള മതപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ബഹുമാനിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ (United Nations) എല്ലാ വർഷവും അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന മതപരമായ അസഹിഷ്ണുതകൾക്കിടയിലും വൈവിധ്യമാർന്ന മതങ്ങളും സംസ്‌കാരങ്ങളും മനുഷ്യരാശിയെന്ന നിലയിൽ നമ്മുടെ ജീവിതത്തെയും പുരോഗതിയെയും എങ്ങനെ സമ്പന്നമാക്കുന്നുവെന്ന് ഈ ദിനം അടയാളപ്പെടുത്തുന്നു.

    അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിന് പിന്നിലെ ചരിത്രം

    2020ൽ, യുഎൻ ജനറൽ അസംബ്ലിയാണ് 75/200 എന്ന പ്രമേയത്തോടെ ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ ഈ ദിനത്തിന് പിന്നിലെ പ്രത്യയശാസ്ത്രം 1999 മുതൽ നിലവിലുണ്ട്. 1999ലെ 53/243 പ്രമേയത്തിലൂടെ സമാധാനപരമായ സംസ്‌കാരത്തെക്കുറിച്ചുള്ള പ്രഖ്യാപനവും പ്രവർത്തന പരിപാടികളും പൊതുസഭ അംഗീകരിച്ചിരുന്നു. ഭാവി തലമുറകൾ ഉൾപ്പെടെ എല്ലാ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്ന സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ മുൻതൂക്കം നൽകുന്നത്.

    സഹിഷ്ണുത, പരസ്പര ബഹുമാനം, മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യം എന്നിവ മനുഷ്യ സാഹോദര്യത്തെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം അംഗീകരിക്കുന്നു.

    Also Read- World Cancer Day 2022 | ഇന്ന് ലോക കാൻസർ ദിനം: അർബുദത്തെ അറിയാം, അവബോധം വളർത്താം

    യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളാണ് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം ആചരിക്കണമെന്ന ശുപാർശ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. 2019 ഫെബ്രുവരി 4ന് അബുദാബിയിൽ വെച്ച് നടന്ന വിശുദ്ധ മാർപ്പാപ്പ ഫ്രാൻസിസും അൽ-അസ്ഹറിന്റെ ഹിസ് എമിനൻസ് ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യിബും തമ്മിലുള്ള കൂടിക്കാഴ്ച പ്രമേയത്തിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടിരുന്നു. പ്രമേയത്തിന് 34 യുഎൻ അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു.

    അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിന്റെ പ്രാധാന്യം

    ലോകമെമ്പാടുമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്ന സമയത്താണ് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം നിലവിൽ വന്നത്. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾ മുതൽ ചൈനയിലെ ഉയ്ഗൂർ മുസ്ലീങ്ങൾ, പശ്ചാത്യ രാജ്യങ്ങളിലെ ഏഷ്യക്കാർ തുടങ്ങി ന്യൂനപക്ഷ ആക്രമണങ്ങൾ നേരിടുന്ന നിരവധി സമൂഹങ്ങളുണ്ട്.

    2020ൽ പാസാക്കിയ പ്രമേയത്തിൽ, “മത വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ പ്രവൃത്തികളിൽ യുഎൻ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു, പ്രത്യേകിച്ചും കൊറോണ വൈറസിനെ തുടർന്നുള്ള പ്രതിസന്ധിയെ ലോകം അഭിമുഖീകരിക്കുന്ന ഈ സമയത്ത്. മഹാമാരിയ്ക്കെതിരെ പോരാടാൻ ഐക്യം, ഐക്യദാർഢ്യം, ബഹുമുഖ സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആഗോള പ്രതികരണങ്ങൾ ആവശ്യമാണ്."

    പ്രമേയം എല്ലാ മതങ്ങളും വിശ്വാസങ്ങളും മനുഷ്യരാശിയ്ക്ക് നൽകിയ സംഭാവനകളെ അംഗീകരിക്കുകയും ഒപ്പം സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ പങ്ക് അടിവരയിട്ട് കാണിക്കുകയും ചെയ്യുന്നു.
    Published by:Rajesh V
    First published: