ആക്രമണത്തിന് ഇരകളാകുന്ന നിരപരാധികളായ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം (International Day of Innocent Children Victims of Aggression) ആണിന്ന്. കുട്ടികൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽ പെടുന്നതിനാൽ ലോകമെമ്പാടും അവർ കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും ഇരകളാകാറുണ്ട്. വൈകാരികവും ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാകുന്ന കുട്ടികൾ അനുഭവിക്കുന്ന വേദനകളെയും കഷ്ടപ്പാടുകളെയും മനസിലാക്കിയും അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടുമാണ് ജൂൺ 4 ആക്രമണത്തിന് ഇരകളാകുന്ന നിരപരാധികളായ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്.
ചരിത്രം
1982 ആഗസ്ത് 19-ന് നടന്ന അടിയന്തര സമ്മേളനത്തിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (The United Nations General Assembly) ജൂൺ 4 ആക്രമണത്തിന് ഇരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ആ വർഷം ജൂൺ 6-നാണ് ലെബനൻ യുദ്ധം ആരംഭിച്ചത്. പലസ്തീൻ, ലെബനീസ് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. "ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയായ നിരപരാധികളായ പലസ്തീനിയൻ, ലെബനീസ് കുട്ടികളെക്കുറിച്ചുള്ള വാർത്ത കേട്ട് ഞങ്ങൾ നടുങ്ങിയിരിക്കുകയാൻ്" എന്ന് യുഎൻ അന്ന് പറഞ്ഞിരുന്നു.
പ്രാധാന്യം
സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴെല്ലാം അതിന്റെ ഭാരം വഹിക്കുന്നതും കെടുതികൾ കൂടുതലും അനുഭവിക്കുന്നതും കുട്ടികളാണെന്ന് യുഎൻ പറയുന്നു. യുദ്ധത്തിൽ പ്രായപൂർത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യുന്നതും അവരെ അതിനായി ഉപയോഗിക്കുന്നതും, കൊലപാതകം, ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകൽ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക പ്രവേശനം നിഷേധിക്കൽ എന്നിവയാണ് ലോകമെമ്പാടും കുട്ടികൾക്കെതിരെ നടക്കുന്ന പ്രധാനപ്പെട്ട ആറ് ലംഘനങ്ങൾ ആയി ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രതിജ്ഞാബദ്ധതയും ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അവർക്കായുള്ള ഈ അന്താരാഷ്ട്ര ദിനം വീണ്ടും ഓർമിപ്പിക്കുകയാണ്. യെമൻ, സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധങ്ങളിലും സംഘർഷങ്ങളിലും നിരവധി നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ദിവസം ആചരിക്കുന്നതിലൂടെയും ഇത്തരം വിഷയങ്ങൾ വീണ്ടും വെളിച്ചത്തുകൊണ്ടുവരുന്നതിലൂടെയും കുട്ടികളുടെ ദുരിതവും അവർക്കെതിരായ അക്രമങ്ങളും ഇല്ലാതാക്കാനാണ് എൻ ലക്ഷ്യമിടുന്നത്.
അതേസമയം, ലൈംഗിക പീഡനത്തിന് ഇരകളാകുന്ന കുട്ടിയുടെ രക്ഷിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പ് നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. “കുട്ടിയുടെ രക്ഷിതാക്കൾ നടത്തുന്ന ഒത്തുതീർപ്പ് നടപടികൾ കുട്ടിയുടെ അഭിമാനത്തെ വീണ്ടും മുറിവേൽപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ നിയമങ്ങൾക്ക് എതിരായ പ്രവൃത്തിയാണിത്. ഇരയുടെ ബന്ധുക്കളും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന് കരുതി കേസ് ഒഴിവാക്കാൻ സാധിക്കില്ല. ഭരണഘടനാപരമായി തെറ്റായ കാര്യങ്ങളോട് കൂട്ടുനിൽക്കാനാവില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് ലോകത്തെവിടെയും ഉണ്ടാവുന്നത്,” എന്നാണ് പങ്കജ് ജെയ്ൻെറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. 2019ൽ എടുത്ത ഒരു പോക്സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിർസ സ്വദേശിയായ പ്രതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.