• HOME
  • »
  • NEWS
  • »
  • life
  • »
  • International Mountain Day 2021 | ഇന്ന് അന്താരാഷ്ട്ര പർവ്വത ദിനം: പർവ്വതങ്ങൾക്ക് വേണ്ടിയുള്ള ദിനാചരണത്തിന്റെ ലക്ഷ്യമെന്ത്?

International Mountain Day 2021 | ഇന്ന് അന്താരാഷ്ട്ര പർവ്വത ദിനം: പർവ്വതങ്ങൾക്ക് വേണ്ടിയുള്ള ദിനാചരണത്തിന്റെ ലക്ഷ്യമെന്ത്?

ഐക്യരാഷ്ട്രസഭയുടെ (United Nations) കണക്കനുസരിച്ച്, ലോകജനസംഖ്യയുടെ 15 ശതമാനവും പർവതനിരകളിലാണ് താമസിക്കുന്നത്.

  • Share this:
    പർവതങ്ങളുടെ (Mountains) പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണത്തിനും വേണ്ടി എല്ലാ വർഷവും ഡിസംബർ 11 അന്താരാഷ്ട്ര പർവത ദിനമായി (International Mountain Day) ആചരിക്കുന്നു. ഭൂമിയുടെ 27% ഭാഗവും പർവതങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ (United Nations) കണക്കനുസരിച്ച്, ലോകജനസംഖ്യയുടെ 15 ശതമാനവും പർവതനിരകളിലാണ് താമസിക്കുന്നത്. നിരവധി കടന്നുകയറ്റങ്ങൾക്കും ആഗോളതാപനത്തിനും വിധേയമാകുന്നതുകൊണ്ട് പർവതങ്ങൾ ഇന്ന് വലിയ ഭീഷണിയാണ് നേരിടുന്നത്.

    പർവതങ്ങളുടെ നിലനിൽപ്പിനു നേരെ വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം അന്താരാഷ്ട പർവത ദിനമായി ആചരിക്കുന്നത്.പ്രകൃതിയിൽ പർവ്വതങ്ങൾക്കുള്ള പ്രാധാന്യം ഓർമിക്കാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകം മുഴുവൻ അറിയിക്കുന്നതിനും കൂടി വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള പർവതങ്ങളുടെ സൗന്ദര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

    അന്താരാഷ്ട്ര പർവത ദിനം 2021: ചരിത്രം

    1992 ലെ സുസ്ഥിര വികസന കമ്മീഷന്റെ (Commission on Sustainable Development (CSD)) സമയത്ത് "ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം: സുസ്ഥിര പർവത വികസനം" (Managing Fragile Ecosystems: Sustainable Mountain Development) എന്ന വിഷയത്തെ അടിസ്ഥാനമായി ഒരു റിപ്പോർട്ട് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇത് പർവതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ലോകരാജ്യങ്ങളെ സഹായിച്ചു. അങ്ങനെ 2003 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭപർവത സംരക്ഷണത്തിനായി ഡിസംബർ 11 അന്താരാഷ്ട്ര പർവത ദിനമായി പ്രഖ്യാപിച്ചു.

    അന്താരാഷ്ട്ര പർവത ദിനം 2021: പ്രമേയം

    എല്ലാ വർഷവും അന്താരാഷ്ട്ര പർവ്വത ദിനം ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് ആചരിക്കുന്നത്. ഈ വർഷത്തെ പർവത ദിനത്തിന്റെ പ്രമേയം 'സുസ്ഥിര പർവ്വത വിനോദസഞ്ചാരം' എന്നതാണ്.

    അന്താരാഷ്ട്ര പർവത ദിനം 2021: പ്രാധാന്യം

    ഭൂമിയിലുള്ള നാലിലൊന്ന് മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം പർവ്വതങ്ങളാണ്. കൂടാതെ ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങൾക്ക് ശുദ്ധജലവും ഭക്ഷണവും നൽകുന്നത് പർവ്വതങ്ങളാണ്.
    ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് ഭക്ഷ്യവിളകളുടെ ആവാസമാണ് ഈ പർവതങ്ങൾ. ആവാസവ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പർവ്വതങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാരണങ്ങളാൽ ഏറ്റവും വലിയ പ്രകൃതി സമ്പത്തായ പർവ്വതങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം നിലനിൽപ്പിന് തന്നെ ആവശ്യമാണ്. പക്ഷേ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും പർവതങ്ങളെ അപകടത്തിലാക്കിയിരിക്കുന്നു.

    ഇത് പർവതങ്ങളിൽ താമസിക്കുന്നവരുടെ ഉപജീവനത്തെയും ബാധിക്കുകയും അതിജീവനം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യുന്നു. മനോഹരമായ ഭൂപ്രകൃതിയും പ്രകൃതിസമ്പത്തും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ്പ്രധാനമായും എല്ലാ വർഷവും ഡിസംബർ 11 അന്താരാഷ്ട്ര പർവ്വത ദിനമായി ആചരിക്കുന്നത്.
    Published by:Sarath Mohanan
    First published: