ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിസ്വാർഥ സേവനത്തെ മാനിച്ച് ഇന്ന് അന്താരാഷ്ട്ര നഴ്സ് ദിനമായി (International Nurses Day) ആചരിക്കുകയാണ്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപക എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈംറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സ് ദിനമായി ആചരിക്കുന്നത്. "നഴ്സുമാർ: നേതൃനിരയിലെ ശബ്ദം - നഴ്സുമാർക്കായി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോഗ്യം സുരക്ഷിതമാക്കുക'' (Nurses: A Voice to Lead - Invest in Nursing and respect rights to secure global health) എന്നതാണ് ഈ വർഷത്തെ നഴ്സ് ദിനത്തിന്റെ തീം. ഡോക്ടർമാരെപ്പോലെ തന്നെ കോവിഡ് മഹാമാരിയുടെ സമയത്ത് ആതുര ശുശ്രൂഷാ രംഗത്തെ മുന്നണിപ്പോരാളികളായിരുന്നു നഴ്സുമാർ. മഹാമാരിക്കാലത്ത് നേഴ്സുമാരുടെ സ്തുത്യർഹ സേവനത്തെക്കുറിച്ച് ചിന്തിക്കാനും അവരെ ബഹുമാനിക്കാനും കൂടിയുള്ള ദിവസം കൂടിയാണ് ഇന്ന്.
കോവിഡ് കാലത്തെ നേഴ്സുമാരുടെ സേവനം
വിശ്രമമില്ലാതെ അധ്വാനിക്കുന്ന ഒരു വിഭാഗമാണ് നഴ്സുമാർ. പലപ്പോഴും അവരുടെ ആരോഗ്യവും ക്ഷേമവും പോലും മറ്റുള്ളവർക്കായി നഷ്ടപ്പെടുത്തുന്നു. എങ്കിലും അവരുടെ പോരാട്ടങ്ങളും വെല്ലുവിളികളും അപൂർവമായി മാത്രമേ വിലമതിക്കപ്പെടാറുള്ളൂ. എന്നാൽ ആരോഗ്യസംരക്ഷണ രംഗത്ത് അവർ നൽകിയ സംഭാവനകളെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
കോവിഡ് 19 (COVID-19) എന്ന ആഗോള മഹാമാരി നഴ്സുമാരുടെ ജോലിഭാരം വർധിപ്പിച്ചു. ആഗോളതലത്തിൽ തന്നെ മഹാമാരി കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ, അവരുടെ ജീവനെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ പോലും ശ്രദ്ധിക്കാതെ നഴ്സുമാർ ഡോക്ടർമാരോടൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ചു. ദുരിതത്തിലായ രോഗികളെ ആശ്വസിപ്പിക്കാനും പകർച്ചവ്യാധിയെ ചെറുക്കാൻ ആവശ്യമായ പരിചരണവും ധൈര്യവും അവർക്ക് നൽകാനും നഴ്സുമാർ അവരുടെ ദൈനംദിന ജോലികൾക്കപ്പുറം പരിശ്രമിച്ചു. ഗുജറാത്തിലെ ചില നഴ്സുമാർ രോഗികളെ ആശ്വസിപ്പിക്കാൻ പിപിഇ കിറ്റുകളണിഞ്ഞ് ബോളിവുഡ് പാട്ടുകളുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന വിഡിയോകൾ വരെ പുറത്തു വന്നിരുന്നു.
''ആയുഷ്കാലം മുഴുവൻ ആളുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നഴ്സുമാർ വഹിക്കുന്ന പ്രധാന പങ്ക് ഈ മഹാമാരിക്കാലത്ത് ലോകത്തിന് കൂടുതൽ ബോധ്യമായി,” ഇന്റർനാഷണൽ നേഴ്സസ് കൗൺസിൽ (International Council of Nurses) പ്രസിഡന്റ് ആനെറ്റ് കെന്നഡി (Annette Kennedy) പറഞ്ഞു.
കോവിഡ് മുന്നണിപ്പോരാളികളായി ഉയർന്നു വന്ന നഴ്സുമാർ ഇപ്പോൾ കോവിഡ്-19 നെ ചെറുക്കാനുള്ള സംരംഭങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. മഹാമാരിയെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കാളികളായി അവർ തുടരുകയും ചെയ്യും.
ആരോഗ്യ പരിരക്ഷ നേടുന്നതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും നേഴ്സിംഗ്, മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ കൂടുതൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ നഴ്സസ് കൗൺസിൽ പറയുന്നതനുസരിച്ച്, നഴ്സുമാരുടെ കുറവ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്സുമാരുടെ അവകാശങ്ങൾ, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പു വരുത്താൻ കൂടിയാണ് കൗൺസിലിന്റെ പ്രവർത്തനം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.