• HOME
  • »
  • NEWS
  • »
  • life
  • »
  • International Widows Day | ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം; അവരുടെ അവകാശങ്ങളറിയാം, അം​ഗീകരിക്കാം

International Widows Day | ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം; അവരുടെ അവകാശങ്ങളറിയാം, അം​ഗീകരിക്കാം

വിധവകളുടെ അവകാശങ്ങള്‍ക്കും അവരെ അംഗീകരിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്

  • Share this:
    ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം (International Widows Day). ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കും വരുമാനത്തിനും അവരുടെ കുട്ടികള്‍ക്കും വേണ്ടി ദീര്‍ഘകാലം പോരാടേണ്ടി വരാറുണ്ട്. വിധവകളുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ഉയര്‍ത്തിക്കാട്ടുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂണ്‍ 23ന് അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 258 മില്യണിലധികം വിധവകളുണ്ട്. അവരില്‍ പലര്‍ക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല. പലപ്പോഴും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

    മറ്റ് പല പ്രശ്‌നങ്ങള്‍ക്കും പുറമേ പല വിധവകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിന് ശേഷം അവരുടെ ദൈനംദിന ആവശ്യങ്ങളും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളും നിറവേറ്റാനും പലരും ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്താനും ഈ ദിവസം നമ്മെ ഓർമപ്പെടുത്തുന്നു.

    അന്താരാഷ്ട്ര വിധവാ ദിനം: ചരിത്രം

    2011 ലാണ് വിധവകളുടെ പ്രശ്നങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വിധവാ ദിനത്തിന് തുടക്കം കുറിച്ചത്. വിധവകളുടെ അവകാശങ്ങള്‍ക്കും അവരെ അംഗീകരിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയ്ക്ക് മുമ്പ്, ലൂംബ ഫൗണ്ടേഷനാണ് (loomba foundation) ഈ ദിനം ആചരിക്കാന്‍ തുടക്കം കുറിച്ചത്. 1954 ജൂണ്‍ 23നാണ് അന്താരാഷ്ട്ര വിധവ ദിനമായി ഫൗണ്ടേഷന്‍ ആചരിക്കാന്‍ തുടങ്ങിയത്. ഈ ദിവസമാണ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ രജീന്ദര്‍ പോള്‍ ലൂംബയുടെ അമ്മ ശ്രീമതി പുഷ്പ വതി ലൂംബ വിധവയായത്. അതിനാല്‍ ഈ ദിവസം അന്താരാഷ്ട്ര വിധവാ ദിനമായി അവർ തിരഞ്ഞെടുക്കുകയായിരുന്നു.

    2010 ഡിസംബര്‍ 21 ന് ഐക്യരാഷ്ട്ര സഭ ജൂൺ 23 ഔദ്യോഗികമായി അന്താരാഷ്ട്ര വിധവാ ദിനമായി അംഗീകരിച്ചു. 2010-ലെ അന്താരാഷ്ട്ര വിധവാ ദിനത്തിന് ശേഷം ശ്രീലങ്ക, അമേരിക്ക, യുകെ, നേപ്പാള്‍, സിറിയ, കെനിയ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കാന്‍ തുടങ്ങി.

    അന്താരാഷ്ട്ര വിധവാ ദിനം: പ്രാധാന്യം (Significance)

    സമൂഹത്തില്‍ വിധവകളുടെ ശബ്ദം ഉയര്‍ത്തിക്കാട്ടുകയാണ് ഈ ദിവസത്തിന്റെ ഉദ്ദേശ്യം. വിധവകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവരുടെ അവകാശങ്ങളും അംഗീകാരങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

    Also Read- വെറുതയല്ല ഈ വരകൾ; ടൂത്ത് പേസ്റ്റിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അര്‍ത്ഥമെന്ത്?

    വിധവകള്‍ക്ക് അനന്തരാവകാശത്തിന്റെ ന്യായമായ വിഹിതം ലഭ്യമാക്കുക. തുല്യ വേതനം, പെന്‍ഷന്‍, സാമൂഹിക സംരക്ഷണം, മാന്യമായ ജോലി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണം നല്‍കുക എന്നീ കാര്യങ്ങൾക്കായും ഈ ദിവസം മാറ്റിവെയ്ക്കുന്നു. വിധവകളെ ശാക്തീകരിക്കുക എന്ന കാര്യവും ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നു.

    ലോകമെമ്പാടുമുള്ള വിധവകളില്‍ പത്തില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ ചില ഭാഗങ്ങളില്‍ 50 ശതമാനം സ്ത്രീകളും വിധവകളാണെന്നാണ് റിപ്പോര്‍ട്ട്.
    Published by:Rajesh V
    First published: