ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ് (International Yoga). ഇന്ത്യയിൽ 5,000 വർഷങ്ങൾക്ക് മുൻപേ യോഗ നിലവിലുണ്ടെങ്കിലും അതിന്റെ പ്രധാന്യം മനസിലാക്കി, ലോകമെമ്പാടും ഉള്ളവർ ഇപ്പോൾ യോഗ അഭ്യസിക്കാറുണ്ട്. ശാരീരിക ക്ഷമത വർധിപ്പിക്കുക മാത്രമല്ല, മനസും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും യോഗ സഹായിക്കുന്നു. മറ്റ് തരത്തിലുള്ള വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഗക്ക് ഒരു തരത്തിലുള്ള വാം അപ്പ് സെഷനും (warm-up) ആവശ്യമില്ല. എന്നാൽ യോഗയുടെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ യോഗ ചെയ്യുന്നതിനു മുൻപും ചെയ്തതിനു ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
യോഗക്കു മുൻപ് എന്തൊക്കെ ചെയ്യണം?
1. ലഘു ഭക്ഷണം - വെറും വയറ്റിലോ അല്ലെങ്കിൽ മിതമായി അളവിലുള്ള ഭക്ഷണം കഴിച്ച് അൽപ സമയത്തിനു ശേഷമോ ആയിരിക്കണം യോഗ പരിശീലിക്കേണ്ടത്. യോഗ പരിശീലിക്കുന്നതിനു തൊട്ടു മുൻപ് ഭക്ഷണം കഴിക്കരുത്. യോഗ ചെയ്യുന്നതിനു മുൻപുള്ള മൂന്ന് മണിക്കൂറിൽ വയറു നിറച്ച് ഭക്ഷണം കഴിക്കരുത്.
2. വെള്ളം കുടിക്കുക - എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ നിങ്ങൾ യോഗ ചെയ്യുന്നതിനു മുൻപുള്ള സമയത്ത് ഒരുപാട് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വ്യായാമത്തിന് മുൻപ് വയർ നിറഞ്ഞിരുന്നാൽ ചില യോഗാസനങ്ങൾ ചെയ്യുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം.
Also Read- ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; ദിവസവും സൂര്യ നമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ
3. യോഗ ചെയ്യാൻ അനുയോജ്യമായ വസ്ത്രം ധരിക്കുക - യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രം ധരിക്കുക. പക്ഷേ ഒരുപാട് അയഞ്ഞത് ആയിരിക്കരുത്. എന്തെങ്കിലും അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ആഭരണങ്ങളും യോഗ ചെയ്യുമ്പോൾ ധരിക്കരുത്. നിങ്ങൾക്ക് നീളമുള്ള മുടിയാണ് ഉള്ളതെങ്കിൽ യോഗ ചെയ്യുന്ന സമയത്ത് അത് കെട്ടി വെയ്ക്കാനും ശ്രദ്ധിക്കുക
യോഗക്കു ശേഷം എന്തൊക്കെ ചെയ്യണം?
1. വിശ്രമം - യോഗ ചെയ്തതിനു ശേഷം, നിങ്ങൾ 10 മിനിറ്റ് ശവാസനം ചെയ്യുകയോ അല്ലെങ്കിൽ ചെറുതായൊന്ന് മയങ്ങുകയോ ചെയ്യാം. വിശ്രമാവസ്ഥയിലുള്ള, എന്നാൽ നമ്മൾ ചുറ്റുപാടുകളെക്കുറിച്ച് പൂർണ അവബോധത്തോടെ ഇരിക്കുന്ന പോസ് ആണിത്.
2. കുളിക്കുക - യോഗ ചെയ്തു കഴിഞ്ഞ് 20-30 മിനിറ്റു നേരം കഴിഞ്ഞ് ഒന്നു കുളിച്ച് ശരീരം തണുപ്പിക്കാം. അതിനു മുൻപ് വിയർപ്പ് ഉണങ്ങാൻ അനുവദിക്കുക. ശരീരം സാധാരണ താപനിലയിലേക്ക് എത്തിയതിനു ശേഷം മാത്രം കുളിക്കുക.
3. വെള്ളം കുടിക്കുക - യോഗ ചെയ്തതിനു ശേഷം നിങ്ങൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. സാധാരണ വെള്ളമോ അല്ലെങ്കിൽ തേങ്ങാ വെള്ളമോ കുടിക്കുന്നത് നല്ലതാണ്.
4. യോഗ ചെയ്ത് അൽപ സമയത്തിനു ശേഷം ഭക്ഷണം കഴിക്കുക - യോഗ ചെയ്തതിനു ശേഷം ഉടൻ തന്നെ ഭക്ഷണം കഴിക്കരുത്. യോഗയ്ക്ക് ശേഷം പതിനഞ്ചോ മുപ്പതോ മിനിറ്റ് കഴിഞ്ഞ് ലഘുഭക്ഷണം കഴിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.