• HOME
 • »
 • NEWS
 • »
 • life
 • »
 • വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കാമോ? പുതിയ പഠനത്തിലെ കണ്ടെത്തലുകൾ

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കാമോ? പുതിയ പഠനത്തിലെ കണ്ടെത്തലുകൾ

ഈ പരീക്ഷണത്തിന്റെ ഫലമായി, മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഗണ്യമായി ഉയരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്...

Gym

Gym

 • Share this:
  ലോക്ക്ഡൗൺ ആയതുകൊണ്ട് ജിമ്മിൽ പോകാൻ പറ്റാത്തതിന്റെ നിരാശയിൽ കഴിയുന്നവരാണോ നിങ്ങൾ? മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് എന്തെങ്കിലും ആശങ്കകൾ ഉണ്ടോ? അത്തരം ആശങ്കകൾക്കെല്ലാം വിരാമമിടുകയാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനഫലം. തുണി കൊണ്ടുള്ള മാസ്കുകളും എൻ 95 മാസ്കും വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും അവ ഫലപ്രദമാണെന്നുമാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

  കോവിഡിന് കാരണമാകുന്ന SARS-Cov-2 വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരുന്നത് നിയന്ത്രിച്ചു നിർത്താനാണ് വിശ്രമിക്കുമ്പോഴും എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴുമൊക്കെ മാസ്ക് ധരിക്കണമെന്ന് നിഷ്കർഷിക്കുന്നത്. മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നത് അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും അത് മൂലം ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ജാമ നെറ്റ്‌വർക്ക് ഓപ്പൺ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്.

  യു എസിലെ ഓഹിയോവിലെ ക്ലെവലാൻഡ് ക്ലിനിക്കിലെ ഒരു സംഘം ഗവേഷകരാണ് മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി ഇതുവരെ പുകവലിക്കാത്തവരും മെച്ചപ്പെട്ട ആരോഗ്യനില ഉള്ളവരുമായ 11 പുരുഷന്മാരെയും 9 സ്ത്രീകളെയും ഉൾക്കൊള്ളിച്ച് പരീക്ഷണം സംഘടിപ്പിച്ചു. മാസ്ക് ധരിക്കാതെയും എൻ 95, തുണി കൊണ്ടുള്ള മാസ്ക് എന്നിവ പ്രത്യേകം ധരിപ്പിച്ചും ഇവരെക്കൊണ്ട് ട്രെയ്‌ഡ്‌മില്ലിൽ വ്യായാമം ചെയ്യിച്ചാണ് ഈ പരീക്ഷണം നടത്തിയത്.

  Also Read- കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? എത്രത്തോളം ഫലപ്രദമാണ്? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

  ഈ പരീക്ഷണത്തിന്റെ ഫലമായി, മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഗണ്യമായി ഉയരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ക്ലെവലാൻഡ് ക്ലിനിക്കിലെ ഓർത്തോപീഡിക്സ് വിഭാഗത്തിലെ സെന്റർ ഓഫ് സ്പോർട്സ് മെഡിസിനിൽ നിന്നുള്ള ഗവേഷകൻ മാത്യു കാംപെർട്ട് പറയുന്നു. "മാസ്ക് ധരിക്കാതെ വ്യായാമം ചെയ്യുന്നതിനെ അപേക്ഷിച്ച് മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കിലും കുറവ് ഉണ്ടാകുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള വ്യത്യാസങ്ങളൊക്കെ സാധാരണ നിലയിൽ കണക്കാക്കപ്പെടുന്ന പരിധിയ്ക്കുള്ളിൽ തന്നെയാണ് നിലകൊള്ളുന്നത്. ക്ലിനിക്കൽ സ്വഭാവമുള്ള സുരക്ഷാ ആശങ്കകളൊന്നും ഇത് മൂലം ഉണ്ടാകുന്നില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

  മാസ്ക് ധരിച്ചു കൊണ്ട് വ്യായാമത്തിൽ ഏർപ്പെടുമ്പോൾ വ്യായാമം ചെയ്യാനുള്ള ശേഷിയുടെ കാര്യത്തിൽ ഭൗതികമായ പരിമിതി അനുഭവപ്പെട്ടേക്കാമെങ്കിലും അതിന് ക്ലിനിക്കലായി യാതൊരു പ്രസക്തിയും ഇല്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിൽ ഏതെങ്കിലും ഗുരുതര രോഗമുള്ളവരെയോ ഹൃദ്രോഗമോ ശ്വാസകോശരോഗമോ ഉള്ളവരെയോ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, അത്തരത്തിൽ രോഗബാധിതരായ ആളുകൾ ഡോക്റ്ററുമായി സംസാരിച്ചതിന് ശേഷം മാത്രമേ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
  Published by:Anuraj GR
  First published: