• HOME
 • »
 • NEWS
 • »
 • life
 • »
 • Sleep Tips | ഉറക്കം ഒരു പ്രശ്നമാണോ? ഇതാ എളുപ്പം ഉറങ്ങാൻ ആറു വഴികൾ

Sleep Tips | ഉറക്കം ഒരു പ്രശ്നമാണോ? ഇതാ എളുപ്പം ഉറങ്ങാൻ ആറു വഴികൾ

എളുപ്പം ഉറങ്ങുന്നതിനുള്ള ചില പൊടിക്കൈകൾ ലോകപ്രശസ്തായ മയോക്ലിനിക്കിലെ ഡോക്ടർമാർ പങ്കുവെക്കുന്നു...

sleep

sleep

 • Last Updated :
 • Share this:
  ഉറക്കം (Sleep) വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരുന്ന അവസ്ഥ ചിലരെയെങ്കിലും മാനസികമായും ശാരീരികമായും അസ്വസ്ഥപ്പെടുത്തുന്നതാണ്. ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കില്ലെങ്കിൽ അതിന്‍റെ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൂടാതെ സ്ഥിരമായുള്ള ഉറക്കക്കുറവ് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇവിടെയിതാ, എളുപ്പം ഉറങ്ങുന്നതിനുള്ള ചില പൊടിക്കൈകൾ ലോകപ്രശസ്തായ മയോക്ലിനിക്കിലെ (mayo clinic) ഡോക്ടർമാർ പങ്കുവെക്കുന്നു...

  1. ഉറക്കത്തിന് ഒരു സമയം നിശ്ചയിക്കുക

  പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം ശരിയാകാൻ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. തുടർച്ചയായി ഒരേ സമയം ഉറങ്ങാൻ തുടങ്ങിയാൽ ആരോഗ്യകരമായ ഉറക്കം കൈവരിക്കാനാകും. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാത്ത അവസ്ഥയുണ്ടെങ്കിൽ, കിടപ്പുമുറിയിൽ പുറത്ത് വരുകയും മനസിന് ആയാസം നൽകാത്ത ഏതെങ്കിലും ലഘുവായ പ്രവർത്തികളിൽ ഏർപ്പെടുക. ചെറിയ ശബ്ദത്തിൽ സംഗീതം ആസ്വദിക്കുകയോ, എന്തെങ്കിലും വായിക്കുകയോ ചെയ്യു. അൽപ്പസമയത്തിനകം ക്ഷീണം തോന്നുമ്പോൾ കിടപ്പുമുറിയിലേക്ക് പോയി ഉറങ്ങാൻ ശ്രമിക്കുക.

  2. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം

  ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാരം കഴിക്കാതെയോ അമിതമായി കഴിച്ചുകൊണ്ടോ ഉറങ്ങാനായി പോകരുത്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കക. കൂടാതെ കഫീൻ പോലെയുള്ള രാസവസ്തുക്കൾ അടങ്ങിയ ചായ, കോഫി എന്നിവ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. മദ്യപാനം ഉറക്കത്തിന് ഇടയാക്കുമെങ്കിലും ഉറക്കത്തിനിടയിൽ ഉണരാനും, പിന്നീട് ഉറക്കം നഷ്ടമാകാനും അത് ഇടയാക്കും.

  3. വിശ്രമം അത്യാവശ്യം

  ഉറങ്ങാൻ അനുയോജ്യമായ ഒരു മുറി സജ്ജീകരിക്കുക. ചൂട് കുറവുള്ളതും ആവശ്യത്തിന് തണുത്തതും ഇരുണ്ടതും ശാന്തവുമായ മുറി വേണം ഉറക്കത്തിനായി തെരഞ്ഞെടുക്കേണ്ടത്. അമിതമായ പ്രകാശം കടന്നുവരുന്ന മുറി ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയും ടിവി കാണാതാരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ മുറിയിൽ ഇരുണ്ട നിറത്തിലുള്ള ഷേഡുകൾ, ഇയർപ്ലഗുകൾ, ഫാൻ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കണം. ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് ശരീരത്തിനും മനസിനും കുളിർമ നൽകുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യും.

  4. പകൽ ഉറക്കം ഒഴിവാക്കുക

  നീണ്ട പകൽ ഉറക്കം രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തും. പകൽ ഉറങ്ങിയേ മതിയാകുവെങ്കിൽ, അത് പരമാവധി 30 മിനിട്ട് മാത്രമായി നിജപ്പെടുത്തുക. അതേസമയം രാത്രി ജോലി ചെയ്യുന്നവർക്ക് പകൽ ഉറങ്ങേണ്ടിവരും. ഇതിന് പരിഹാരമായി ജോലിക്ക് മുമ്പുള്ള പകൽ, മതിയായ സമയം ഉറങ്ങാൻ മാറ്റിവെക്കുക എന്നതാണ്.

  5. വ്യായാമം പ്രധാനം

  ശരിയായ ഉറക്കത്തിന് സഹായിക്കുന്ന പ്രധാന ഘടകമാണ് വ്യായാമം. ദിവസവും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക. വ്യായാമം, നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയിൽ ഏതെങ്കിലുമൊന്ന് പരിഗണിക്കാം. ഇത് മതിയായ ഉറക്കത്തെ സഹായിക്കും. എന്നാൽ ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ ശാരീരിക വ്യായാമം ഒഴിവാക്കുക.

  6. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക

  ഉറക്കത്തെ നശിപ്പിക്കുന്നതിൽ പ്രധാനപ്പെട്ടവയാണ് മാനസികസമ്മർദ്ദങ്ങളും അനാവശ്യ ടെൻഷനുമൊക്കെ. ഈ പ്രശ്നം പരിഹരിക്കാൻ ചില സ്ട്രെസ് മാനേജ്മെന്‍റ് വിദ്യകൾ പിന്തുടരാം. ജോലി സംബന്ധമായും അല്ലാത്തതുമായ ടെൻഷനും ആശങ്കകളും പരിഹരിച്ചാൽ ഉറക്കം എളുപ്പമാകും. മനസിലുള്ള ആശങ്കകൾ എഴുതിവെക്കുക. പിറ്റേ ദിവസം ഈ പ്രശ്നം പരിഹരിക്കുമെന്ന ദൃഢനിശ്ചയത്തോടെ ഉറങ്ങാൻ പോകുക. കൂടാതെ ദിവസവും പത്ത് മിനിട്ട് ധ്യാനത്തിനായി മാറ്റിവെക്കുന്നത് മാനസികസമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കാൻ സഹായിക്കും.
  Published by:Anuraj GR
  First published: