ചെറുപ്പകാലം ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാലഘട്ടമാണ്. ആ സമയത്തെ അനുഭവങ്ങളും മനസ്സിലാക്കുന്ന കാര്യങ്ങളുമൊക്കെയാണ് കുട്ടിയെ മുന്നോട്ട് നയിക്കുന്നത്. കുട്ടികൾ പൊതുവിൽ വളരെ വൈകാരികമായി പ്രതികരിക്കുന്നവരായിരിക്കും. അവർ ഒന്നും മറച്ചുവെക്കില്ല. എന്താണോ തോന്നുന്നത് അത് ചെയ്യാൻ ശ്രമിക്കുന്നവരായിരിക്കും. ചെറിയ കാര്യങ്ങൾ പോലും അവരെ വളരെ പെട്ടെന്ന് തന്നെ ബാധിക്കും. അത് മുതിർന്നവർ അത്രയ്ക്ക് ശ്രദ്ധിക്കണമെന്നില്ല.
ചില കുട്ടികൾക്ക് ചെറുപ്പത്തിൽ എല്ലാത്തിനോടും അകാരണമായ ഭയമുണ്ടാവും. രക്ഷിതാക്കൾ ഇതിൻെറ യഥാർഥ കാരണം എന്താണെന്നൊന്നും പലപ്പോഴും ആലോചിക്കില്ല. പ്രായമാവുമ്പോൾ മാറുമെന്ന് കരുതും. ഭയം ഉണ്ടാവുന്ന കാര്യത്തിൽ കുട്ടിയ സമാധാനിപ്പിക്കുകയും ചെയ്യും. ഭയം ചിലപ്പോഴൊക്കെ വളരെ സാധാരണമാണ്. അമിതമായി അത് ശ്രദ്ധിക്കേണ്ട കാര്യവുമില്ല. എന്നാൽ ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്നത് പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ, മോശം അനുഭവമോ ഇതിന് പിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ മനസ്സിലാക്കാൻ മുതിർന്നവർ ശ്രമിക്കണം.
കുട്ടി വളരെ പെട്ടെന്ന് ഭയപ്പെടുന്നയാളാണോ? എങ്കിൽ അവരോട് നിങ്ങൾ സംസാരിക്കണം. കാര്യങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും വേണം. അമിതമായ ഭയം ഉണ്ടാവുന്നതിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
പാരമ്പര്യംനിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ എന്തെങ്കിലും തരത്തിലുള്ള ഭയമോ ഫോബിയയോ ഉണ്ടെങ്കിൽ സ്വാഭാവികമായും അത് കുട്ടിക്കും ലഭിക്കാൻ സാധ്യതയുണ്ട്. ചില കുട്ടികളുടെ മനസ്സ് വളരെ ലോലമായിരിക്കും. അവർ എളുപ്പത്തിൽ വൈകാരികമായി പ്രതികരിക്കുന്നവരുമായിരിക്കും. കുട്ടികൾക്ക് ചില കാര്യങ്ങളിൽ ഭയം ഉണ്ടാവുന്നതിന് കാരണക്കാർ അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കൾ തന്നെയായിരിക്കും.
അമിതമായി ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ
നിങ്ങൾ കുട്ടികളോട് സംസാരിക്കുമ്പോൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ച് നോക്കിയിട്ടുണ്ടോ? കുട്ടികൾ നടന്ന് തുടങ്ങുമ്പോൾ അവർ വീണ് പോവുമെന്ന് കരുതി നിങ്ങൾ അവരെ ചിലപ്പോൾ ഒറ്റയ്ക്ക് നടക്കാൻ അനുവദിക്കാത്ത രക്ഷിതാക്കളായിരിക്കാം. ഇങ്ങനെയുള്ള അനുഭവമുള്ള കുട്ടി കാര്യങ്ങളെയെല്ലാം വളരെ സെൻസിറ്റീവായിട്ടായിരിക്കും എടുക്കുക.
ട്രോമ (മാനസികാഘാതം)
ഏതെങ്കിലും സാഹചര്യത്തിൽ കുട്ടി സാധാരണ പോലെയല്ല പെരുമാറുന്നതെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എങ്കിൽ അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം. നിങ്ങൾ ഇല്ലാത്ത സമയത്ത് അവർക്ക് മറ്റുള്ളവരിൽ നിന്നോ എന്തെങ്കിലും വസ്തുവിൽ നിന്നോ മാനസിക സമ്മർദ്ദം ഉണ്ടാവുന്ന അനുഭവം ഉണ്ടായിരിക്കാം. ഇത് എന്താണെന്ന് മനസ്സിലാക്കി ശ്രദ്ധയോടെ ഇടപെട്ട് ശരിയാക്കാൻ ശ്രമിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.
കുട്ടികളിലെ ഭയം എങ്ങനെ പരിഹരിക്കാം?
- കുട്ടികളെ നിങ്ങളോട് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക. ചില വിഷയങ്ങൾ അവർ അവഗണിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ മറ്റൊരു രീതിയിൽ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.
- അവരെ എല്ലാം അനുഭവിക്കാൻ അനുവദിക്കുക. അമിതമായ സുരക്ഷിതത്വം നൽകുന്നത് ഒരിക്കലും ഗുണം ചെയ്യില്ല.
- പെട്ടെന്ന് തന്നെ ഭയം ഇല്ലാതാക്കാനായി കുട്ടിയെ സമ്മർദ്ദത്തിലാക്കരുത്. അവർക്ക് ആവശ്യത്തിന് സമയം നൽകുക.
- കുട്ടികളുടെ പ്രവർത്തികൾ നന്നായി നിരീക്ഷിക്കുക. അവരുടെ സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കുക. വളരെ നേരത്തെ തന്നെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.