• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചക്ക ഇന്നു മുതല്‍ വെറും ചക്കയല്ല കേരളത്തിന്റെ ഔദ്യോഗിക ഫലം

gopika.gs | news18
Updated: March 21, 2018, 10:58 PM IST
ചക്ക ഇന്നു മുതല്‍ വെറും ചക്കയല്ല കേരളത്തിന്റെ ഔദ്യോഗിക ഫലം
gopika.gs | news18
Updated: March 21, 2018, 10:58 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക പക്ഷിയും മൃഗവും പൂവും വൃക്ഷവുമൊക്കെ മലയാളികള്‍ക്കറിയാം. എന്നാല്‍ ഔദ്യോഗിക ഫലം ഏതാണെന്നു ചോദിച്ചാലോ?. ശരിക്കും ആലോചിക്കേണ്ടി വരും.

ഇനി മുതല്‍ ആ ചോദ്യത്തിനു മുന്നില്‍ ആരും പകച്ചു നില്‍ക്കേണ്ട കാര്യമില്ല. ചക്ക എന്ന് ധൈര്യമായി ഉത്തരം പറഞ്ഞോളൂ. കാരണം ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് നിയമസഭയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു നാം അടിക്കടി പറഞ്ഞു നടക്കുമെങ്കിലും ചക്കയുടെ മാഹാത്മ്യം അടുത്തിടെയാണ് ശരിക്കും മനസിലാക്കിയത്. ഇതോടെ ചക്കയ്ക്കും ചക്ക ഉള്‍പ്പന്നങ്ങള്‍ക്കും വന്‍ഡിമാന്റുമായി. ഇന്നിപ്പോള്‍ ചക്ക പെരുമ കടലും കടന്ന അവസ്ഥയിലായി.

ഇതിനിടയിലാണ് ചക്കയെ ഔദ്യോഗിക ഫലമാക്കാമെന്ന നിര്‍ദ്ദേശം കൃഷി വകുപ്പ് മുന്നോട്ടുവച്ചത്. രാജ്യാന്തരതലത്തില്‍ കേരളത്തിലെ ചക്ക എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൃഷി വകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വച്ചത്.

ചക്കയെ ഔദ്യോഗിക ഫലമാക്കി മന്ത്രി പ്രഖ്യാപിച്ചതോടെ എല്ലാം കഴിഞ്ഞെന്നു കരുതരുത്. ചക്കയും അതില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ദ്ധിത ഉള്‍പന്നങ്ങളും വിപണനം ചെയ്യുന്നതിലൂടെ 15000 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രത്യേകമായ കൃഷിയോ പരിചരണങ്ങളോ ഇല്ലാതെ പല വലിപ്പത്തിലും രൂപത്തിലും രുചിയിലുമുള്ള ചക്ക കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. കീടനാശിനി പ്രയോഗിക്കാത്ത അപൂര്‍വം ഫലങ്ങളില്‍ ഒന്നാണ് ചക്ക. പ്രത്യേക പരിചരണങ്ങള്‍ ഒന്നുമില്ലാതെ സ്വാഭാവികമായി കേരളത്തില്‍ ഉണ്ടാകുന്ന ചക്കയ്ക്ക് ഏറെ ജൈവഗുണമുണ്ടെന്നും മന്ത്രി പറഞ്ഞു.

ചക്കയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനത്തിനും തുടക്കം കുറിച്ചിരുന്നു. കേരളത്തില്‍ ലഭിക്കുന്നതില്‍ ഏറ്റവും വലിപ്പമേറിയ ഫലമെന്ന പ്രത്യേകതയും ചക്കയ്ക്കുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് ചക്കയില്‍ നിന്ന് ഉണ്ടാക്കുന്നതും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതും ചക്കയുടെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഒദ്യോഗിക ഫലമെന്ന പ്രഖ്യാപനം കൂടി വന്നതോടെ ഇന്നു മുതല്‍ ചക്ക വെറും ചക്കയല്ലെന്ന് അര്‍ഥം.
First published: March 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍