• HOME
  • »
  • NEWS
  • »
  • life
  • »
  • Blood Clot | ഉയർന്ന പ്രദേശങ്ങളിൽ വെച്ച് രക്തം കട്ടപിടിക്കുന്നത് എന്തുകൊണ്ട്?; കാരണം കണ്ടെത്തി ജാമിയ മിലിയ അധ്യാപകൻ

Blood Clot | ഉയർന്ന പ്രദേശങ്ങളിൽ വെച്ച് രക്തം കട്ടപിടിക്കുന്നത് എന്തുകൊണ്ട്?; കാരണം കണ്ടെത്തി ജാമിയ മിലിയ അധ്യാപകൻ

ഇത് രണ്ടാം തവണയാണ് ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർക്ക് വിസിറ്റേഴ്സ് പുരസ്കാരം ലഭിക്കുന്നത്

  • Share this:
    രക്തം കട്ട പിടിക്കുന്നതുമായി (Blood Clot) ബന്ധപ്പെട്ട പുതിയ കണ്ടെത്തലിന് ജാമിയ മിലിയ ഇസ്ലാമിയയിലെ (Jamia Millia Islamia(JMI)) പ്രൊഫസർ മുഹമ്മദ് സാഹിദ് അഷ്റഫിന് (Professor Mohd. Zahid Ashraf) ദേശീയ പുരസ്കാരം. ബയോടെക്നോളജി വിഭാഗം തലവനായ അഷ്റഫിന് 2020ലെ വിസിറ്റേഴ്സ് പുരസ്കാരം രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് സമ്മാനിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ വെച്ച് ഹൈപ്പോക്സിയ (hypoxia) ഉണ്ടാകുമ്പോൾ രക്തം കട്ട പിടിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലാണ് പുരസ്കാരച്ചടങ്ങ് നടന്നത്.

    ബയോളജിക്കൽ സയൻസ് വിഭാഗത്തിലാണ് പ്രൊഫ. അഷ്റഫിന് പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ ആകെ 29 എൻട്രികളാണ് പുരസ്കാരത്തിനായി ലഭിച്ചിരുന്നത്. പുരസ്കാരത്തുകയായി 2,50,000 രൂപ അധ്യാപകന് ലഭിക്കും. ത്രോംബോസിസ് നേരത്തെ തന്നെ മനസ്സിലാക്കുകയും ചികിത്സ നടത്തുകയും ചെയ്യുന്നതിന് ഈ ഗവേഷണം സഹായിക്കും. ഏറ്റവും മോശം പരിസ്ഥിതിയിൽ ത്രോംബോസിസ് ഉണ്ടായാൽ എങ്ങനെ മാറ്റിയെടുക്കാമെന്നതുമായി ബന്ധപ്പെട്ട് പുതിയ ഉൾക്കാഴ്ചകൾ ഗവേഷണം നൽകും.

    ജാമിയ മിലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും പത്മ പുരസ്കാര ജേതാവുമായ പ്രൊഫ നജ്മ അക്തർ അഷ്റഫിൻെറ നേട്ടത്തെ അഭിനന്ദിച്ചു. ഗവേഷണ രംഗത്തുള്ളവർക്ക് പ്രചോദനമാവുന്നതാണ് ഈ പുരസ്കാരം. യൂണിവേഴ്സിറ്റിക്ക് വലിയ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ ഗവേഷണങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

    “പ്രൊഫസർ അഷ്റഫിൻെറ നേട്ടം മറ്റ് അധ്യാപകർക്കും വലിയ പ്രചോദനമാണ്. അക്കാദമിക മേഖലയിലെ മികച്ച പ്രകടനത്തോടൊപ്പം ഗവേഷണത്തിന് പ്രാധാന്യം നൽകി മുന്നോട്ട് പോവണം. ഇത് മറ്റുള്ളവരും മാതൃകയായി ഏറ്റെടുക്കുന്നത് കൂടുതൽ മികച്ച ഗവേഷണങ്ങൾ ഉണ്ടാവുന്നതിന് കാരണമാവും” നജ്മ അക്തർ പറഞ്ഞു. അലഹാബാദിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിലെയും ബാംഗ്ലൂരിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലെയും ഇലക്ടഡ് ഫെല്ലോയാണ് പ്രൊഫ. അഷ്റഫ്. പ്രശസ്തമായ ഗുഹ റിസർച്ച് കൌൺസിലിലും അദ്ദേഹം അംഗമാണ്.

    Also Read-Blood Transfusion | എന്താണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ? പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

    ഐസിഎംആറിൻെറ ബസന്തി ദേവി അമീർ ചന്ദ് പുരസ്കാരവും ഡിബിടിയുടെ നാഷണൽ ബയോ സയൻസസ് പുരസ്കാരവും നേരത്തെ അഷ്റഫിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയും ത്രോംബോസിസുമായി ബന്ധപ്പെടുത്തി നടത്തിയ വിശദമായ പഠനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. പർവതാരോഹകർ, സൈനിക മേഖലയിലുള്ളവർ, തീർഥാടകർ, കായികരംഗത്തുള്ളവർ എന്നിവരിൽ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതിയ ഉൾക്കാഴ്ചകൾ നൽകാൻ അഷ്റഫിൻെറ ഗവേഷണങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

    ഇത് രണ്ടാം തവണയാണ് ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർക്ക് വിസിറ്റേഴ്സ് പുരസ്കാരം ലഭിക്കുന്നത്. സെന്റർ ഫോർ തിയറിറ്റിക്കൽ ഫിസിക്സിലെ കോസ്മോളജി ആൻഡ് ആസ്ട്രോഫിസിക്സ് റിസർച്ച് ഗ്രൂപ്പിന് നേതൃത്വം നൽകിയ പ്രൊഫ. എം. സാമിക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചത്. ‍ആസ്ട്രോഫിസിക്സിലെയും കോസ്മോളജിയിലെയും ഗവേഷണങ്ങൾക്ക് വഴിത്തിരിവുണ്ടാക്കിയ പഠനമാണ് പുരസ്കാരത്തിന് അ‍‍ർഹനാക്കിയത്. 2015ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും വിസിറ്റേഴ്സ് പുരസ്കാരം യൂണിവേഴ്സിറ്റിയെ തേടിയെത്തിയിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: