ഫോട്ടോഗ്രാഫിക്ക് നിരോധനമുള്ള ആത്മീയ തീർഥാടന കേന്ദ്രത്തിൽ നിന്ന് ചിത്രങ്ങളെടുത്ത് ഷെയർ ചെയ്ത് വിവാദത്തിൽ പെട്ടിരിക്കുകയാണ് നടനും ചലച്ചിത്രകാരനുമായ ജേസൺ മോമോവ (Jason Momoa). സിസ്റ്റീൻ ചാപ്പലിൽ (Sistine Chapel) നിന്നെടുത്ത ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ (Instagram) പങ്കുവെച്ചത്.
സാധാരണ ഗതിയിൽ ഫോട്ടോഗ്രാഫിയുമായി (Photography) ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള നിയമങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മുന്നോട്ട് വെക്കാറുണ്ട്. ചിലയിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണമൊന്നും തന്നെ ഉണ്ടാവാറില്ല. എന്നാൽ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫോട്ടോഗ്രാഫി കർശനമായി നിരോധിക്കാറുണ്ട്. സിസ്റ്റീൻ ചാപ്പൽ ഇതിൽ രണ്ടാമത്തെ ഗണത്തിലാണ് വരുന്നത്.
ലോകപ്രശസ്തമായ സിസ്റ്റീൻ ചാപ്പൽ വത്തിക്കാൻ സിറ്റിയിലാണുള്ളത്. ഓരോ വർഷവും ലക്ഷക്കണക്കിന് പേരാണ് ഇവിടം സന്ദർശിക്കാനെത്താറുള്ളത്. സീലിങിലുള്ള പ്രശസ്തമായ പെയിൻറിങുകളാണ് ഈ ചാപ്പലിൻെറ പ്രധാന ആകർഷണം. മൈക്കലാഞ്ചലോയുടെ മനോഹരമായ ബൈബിൾ സംബന്ധമായ പെയിൻറിങുകളാണ് ചാപ്പലിൻെറ ചുവര് നിറയെയുള്ളത്. ആദ്യമായി ഇവിടം സന്ദർശിക്കുന്നവരെ ഈ പെയിൻറിങുകൾ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമൊന്നും തന്നെ വേണ്ട.
പുതുതായി പുറത്ത് വരാനിരിക്കുന്ന ഫാസ്റ്റ് ആൻറ് ഫ്യൂരിയസ് ഫ്രാഞ്ചൈസി ചിത്രമായ ഫാസ്റ്റ് എക്സിലെ സംഘത്തോടൊപ്പമാണ് മോമോവ സിസ്റ്റീൻ ചാപ്പലിനുള്ളിൽ നിന്ന് ചിത്രമെടുത്തത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹത്തിന് തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസ്സിലായത്. ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് കൊണ്ട് 42-കാരനായ താരം ഇൻസ്റ്റഗ്രാമിൽ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. “നിങ്ങളുടെ സംസ്കാരത്തെ ഞാൻ അപമാനിച്ചുവെന്ന് തോന്നുന്നുവെങ്കിൽ ഒരിക്കലും അതല്ല ചെയ്യാൻ ശ്രമിച്ചതെന്ന് എല്ലാവരെയും അറിയിക്കുകയാണ്,” അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
തന്നോടൊപ്പം അവിടെ നിന്ന് ചിത്രമെടുക്കാൻ മറ്റുള്ളവർ ആവശ്യപ്പെടുകയായിരുന്നു. താൻ അത് വേണ്ടെന്ന് പറഞ്ഞിരുന്നു. ഒരു തരത്തിലും ആരുടെയും വിശ്വാസത്തെ കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സിസ്റ്റീൻ ചാപ്പലിലെത്തുന്ന സന്ദർശകരോട് പൊതുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കരുതെന്നും വീഡിയോ എടുക്കരുതെന്നും പറയാറുണ്ട്. അത്തരം ശ്രമങ്ങളെ അവർ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ദശകങ്ങളായി ഇവിടെ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും നിരോധനമുണ്ട്.
ക്യാമറയുടെ ഫ്ലാഷിൽ നിന്നും നവോത്ഥാന പെയിൻറിങുകളെ രക്ഷിക്കാൻ വേണ്ടിയാണ് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യഥാർഥത്തിൽ പെയിൻറിങുകളുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
1980 മുതലാണ് നവീകരണ പ്രവൃത്തികൾ തുടങ്ങിയത്. ഏകദേശം രണ്ട് പതിറ്റാണ്ടെടുത്താണ് ഈ ജോലികൾ പൂർത്തിയാക്കിയിട്ടുള്ളത്. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജപ്പാനിലെ നിപ്പൺ ടെലിവിഷൻ നെറ്റ്വർക്കുമായി 4.2 മില്യൺ ഡോളറിൻെറ കരാറൊപ്പിട്ടിട്ടുണ്ട്. സിസ്റ്റീൻ ചാപ്പലിലെ അത്യപൂർവ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫി അവകാശവും അവർക്കായിരുന്നു. കലാരൂപങ്ങളുടെയും പെയിൻറിങുകളുടെയും നവീകരണ പ്രവർത്തികൾ 1998ൽ പൂർത്തിയായിട്ടുണ്ട്. കമ്പനിയുടെ അവകാശത്തിൻെറ കാലാവധിയും അവസാനിച്ചു. എന്നാലിപ്പോഴും ചാപ്പലിൽ ഫോട്ടോഗ്രാഫി നിരോധനം തുടരുകയാണ്. നിരോധനം എടുത്തുമാറ്റാനുള്ള ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇല്ലെയെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.