• HOME
  • »
  • NEWS
  • »
  • life
  • »
  • കണ്ണൂരിലെ ടൂറിസം സര്‍ക്യൂട്ട് സാധ്യത തേടി എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റുമാരും ജോണ്‍ ബ്രിട്ടാസ് എംപിയും

കണ്ണൂരിലെ ടൂറിസം സര്‍ക്യൂട്ട് സാധ്യത തേടി എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റുമാരും ജോണ്‍ ബ്രിട്ടാസ് എംപിയും

പൈതല്‍മല പോലുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് അഞ്ച് പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കം ഉണ്ടെങ്കിലും പൂര്‍ണതോതില്‍ ലക്ഷ്യം കൈവരിക്കാനായിട്ടില്ല.

Image Facebook

Image Facebook

  • Share this:
കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളെ കൂട്ടിയിണക്കിയുള്ള ടൂറിസം സര്‍ക്യൂട്ടിന്റെ സാധ്യതകള്‍ തേടിയുള്ള യാത്രയിലായിരിന്നു ജോണ്‍ ബ്രിട്ടാസ് എംപിയും ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫും ജില്ലാ പഞ്ചായത്ത് അടക്കം ആറു പഞ്ചായത്തു പ്രസിഡന്റുമാരും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാര്‍ഥ്യമായതോടെ ഈ മേഖലകളിലെ ടൂറിസം വികസനത്തിനും അനന്ത സാധ്യതകള്‍ കൈവന്നിട്ടുണ്ടെന്ന് ജോണ്‍ബ്രിട്ടാസ് പറയുന്നു. പൈതല്‍മല പോലുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് അഞ്ച് പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കം ഉണ്ടെങ്കിലും പൂര്‍ണതോതില്‍ ലക്ഷ്യം കൈവരിക്കാനായിട്ടില്ല.

Also Read-വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം; കണ്ണൂരില്‍ ടൂറിസം സര്‍ക്യൂട്ട് വരുന്നു

പൈതല്‍മല പ്രധാന ട്രക്കിങ്ങ് കേന്ദ്രമാണ്. മലയുടെ താഴ്‌വാരത്തില്‍ ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പൈതല്‍മല വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാല്‍ വിനോദ സഞ്ചാര വകുപ്പിന്റെ തനതായ പദ്ധതികള്‍ ഒന്നും തന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും നിലവില്‍ വന്നാല്‍ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുമെന്ന് ജോണ്‍ബ്രിട്ടാസ് പറയുന്നു.

Also Read-തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസ്; സെപ്റ്റംബര്‍ ആദ്യം സര്‍വീസ് ആരംഭിക്കും

ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഗാന്ധിജയന്തി ദിനം പ്രകൃതിയോട് ചേർന്നു നിന്ന ദിവസമായിരുന്നു. കണ്ണൂർ ജില്ലയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ സന്ദർശനം എന്തുകൊണ്ടും ഹൃദ്യമായിരുന്നു. ഈ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഒരു ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുള്ള യാത്രയിൽ ഒട്ടേറെപ്പേർ എന്നോടൊപ്പം ചേർന്നു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബേബി ഓടംപള്ളിൽ(നടുവിൽ), ടെസ്സി ഇമ്മാനുവൽ(എരുവേശ്ശി), സാജു സേവ്യർ(പയ്യാവൂർ), ജോജി കന്നിക്കാട്ടിൽ(ആലക്കോട്), ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ സംഘം ഉണ്ടായിരുന്നു.


ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരുടെ ഒരു നിര കൂടി സഞ്ചാരത്തിൽ പങ്ക് ചേർന്നപ്പോൾ പുതിയ ഒട്ടേറെ ആശയങ്ങൾ മുളപൊട്ടി. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ഡി കെ, ഇക്കോ ടൂറിസം ഡയറക്ടർ അരുൺ ആർ എസ്, ഡെപ്യൂട്ടി കളക്ടർ അനിൽ ജോസ് ജെ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പ്രശാന്ത് ടി വി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷൻ തുടങ്ങിയവരാണ് സർക്കാർ സംവിധാനത്തെ പ്രതിനിധീകരിച്ചത്.


ആദ്യം പൈതൽമലയാണ് സന്ദർശിച്ചത്. ഇടതൂർന്ന വനത്തിലൂടെ മൂന്നര കിലോമീറ്റർ മലചവിട്ടുന്നത് തന്നെ നല്ലൊരു അനുഭവമാണ്. മഴക്കാലമായതുകൊണ്ട് അട്ടയെ സൂക്ഷിക്കണം എന്ന് മാത്രം. മുകളിലെത്തിയാൽ മനംകുളിർക്കുന്ന കാഴ്ചയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ ഇവിടെ നിന്നും നോക്കിക്കാണാം. കൂടാതെ കർണാടകയിലെ കുടക് വനവും. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഒട്ടേറെപ്പേർ ഞങ്ങളുടെ മുന്നിലും പിന്നിലുമായി കാനനഭംഗി ആസ്വദിച്ച് മലകയറുന്നുണ്ടായിരുന്നു.


പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും ഏവരെയും ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. അവധിദിനമായതു കൊണ്ട് തന്നെ വെള്ളച്ചാട്ടത്തിൽ കളിക്കാൻ കുടുംബസമേതം ദൂരദേശത്തുനിന്നുപോലും ആളുകൾ എത്തിയിരുന്നു. വൈകിട്ട് പാലക്കയംതട്ട് എത്തിയപ്പോഴേക്കും കാറ്റും മഴയും ശക്തിയായി. ഏതുനേരവും കാറ്റുവീശുന്ന സ്ഥലമാണ് പാലക്കയംതട്ട്. അതുകൊണ്ടുതന്നെ മഴത്തുള്ളികൾ ലംബമായല്ല, ചരിഞ്ഞാണ് പതിക്കുന്നത്.


പൈതൽമല പോലുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് അഞ്ച് പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കം ഉണ്ടെങ്കിലും പൂർണതോതിൽ ലക്ഷ്യം കൈവരിക്കാനായിട്ടില്ല. നാമമാത്രമായി ചില നടപടികൾ ഉണ്ടായെന്നു മാത്രം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ ഈ മേഖലകളിലെ ടൂറിസം വികസനത്തിനും അനന്ത സാധ്യതകൾ കൈവന്നിട്ടുണ്ട്.


പ്രവേശന സംവിധാനങ്ങൾ, പാർക്കിങ്ങ് സൗകര്യങ്ങൾ, ട്രക്കിങ്ങ് പാത്ത് വേകളുടെ നവീകരണം, പ്രകൃതിയോടിണങ്ങുന്ന കൈവരികൾ, ട്രക്കിങ്ങ് പാത്തിൽ വിശ്രമത്തിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, ഇക്കോ ഷോപ്പുകൾ, ദൂരദർശിനി സൗകര്യങ്ങൾ, സുരക്ഷാ വേലികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ശുദ്ധജല ലഭ്യത, കുറിഞ്ഞികൾ ഉൾപ്പടെയുള്ള ജൈവസമ്പത്തുക്കളുടെ സൂചകങ്ങൾ തയ്യാറാക്കൽ, നടപ്പാതകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മികച്ച റോഡുകൾ തുടങ്ങിയവ സാധ്യമായാൽ ജനപ്രിയ കേന്ദ്രങ്ങളായി ഇവമാറും, ഒരു നാടിന്റെ ഉണർവിനും വളർച്ചയ്ക്കും ഇവ വഴി ഒരുക്കും.
Published by:Jayesh Krishnan
First published: