ജോയ് തമലം (മാധ്യമപ്രവർത്തകൻ , ഗാനരചയിതാവ്)2018 ഒരു വല്ലാത്ത വർഷമാണ്. സ്വകാര്യ നഷ്ടങ്ങളുടെ വർഷം. മായാത്ത മുറിവുകളുടെ ആഴത്തിലുള്ള അടയാളങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച വർഷം. അതുകൊണ്ട് തന്നെ ഇക്കൊല്ലം ആഘോഷങ്ങളോ അതിന്റെ തുടർച്ചകളോ എന്നിൽ ഒരുണർവും സൃഷ്ടിക്കുന്നില്ല.
കാൽനൂറ്റാണ്ടു കാലം നിഴലായി കൂടെ ഉണ്ടായിരുന്ന സ്നേഹിതൻ ബാലഭാസ്കറും മകൾ തേജസ്വിനിയും വാഹനാപകടത്തിൽ നഷ്ടമായി. പ്രിയപ്പെട്ട ടെലിവിഷൻ ക്യാമറാമാൻ താഹ ചേട്ടൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് പടിയിറങ്ങിപ്പോയി. മുഖം നിറയെ പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന നോവലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഹരിശങ്കർ ചേട്ടനും പകലുണർന്നിട്ടും ഉറക്കം ഉണരാതെ മറഞ്ഞുപോയി. ഈ വിയോഗങ്ങൾ എന്നിലെഴുതിയ ഇരുളകറ്റാൻ ഒരു നക്ഷത്രത്തിനും കഴിയുകയുമില്ല. ഈ ക്രിസ്മസ് കണ്ണീരിന്റെയും പ്രാർത്ഥനയുടേതുമാണെനിക്ക്. അതുകൊണ്ടാണ് ബാലഭാസ്കറുമൊത്തുള്ള ഒരു പ്രാർത്ഥനയുടെ ഓർമ കുറിക്കുന്നത്.
![]()
രണ്ടുവർഷം മുമ്പ് ക്രിസ്മസ് കാലത്ത് അപ്രതീക്ഷിതമായിട്ടാണ് ബാലു വിളിക്കുന്നത്. അന്ന് ഞാൻ കൊച്ചിയിൽ കങ്ങരപ്പടിയിലുള്ള ഒരു ലോഡ്ജിലാണ് താമസം. അവൻ വിളിച്ചത് ഒരു ക്രിസ്മസ് ഗാനം ചിട്ടപ്പെടുത്തുന്നുണ്ടെന്ന് പറയാനായിരുന്നു. അതിന് വരികളെഴുതണമെന്നും ആവശ്യപ്പെട്ടു. അവനുമൊത്ത് ക്രിസ്തീയ ഭക്തിഗാനം ചെയ്യണമെന്ന ആഗ്രഹം പഠിക്കുമ്പോഴേ എനിക്കുണ്ടായിരുന്നു. എഴുതിയ ശേഷം സംഗീതം ചെയ്യാമെന്നാണ് അവൻ പറഞ്ഞത്. അതനുസരിച്ച് പ്രാർത്ഥനയുടെ രീതിയിലുള്ള ഗാനം എഴുതി അവന് അയച്ചു കൊടുത്തു.
പല്ലവിയിലെ വരികൾ ഈണമിട്ട് അവൻ തിരികെ അയച്ചു തന്നു. പിന്നീട് ഈണത്തിനൊത്ത് അനുപല്ലവിയും ചരണവും എഴുതി.
പാടുന്നതിനിടെ സ്റ്റുഡിയോയിൽ നിന്ന് വിളിച്ച് ചില വാക്കുകളിലെ പ്രശ്നം പറഞ്ഞ് വീണ്ടും മാറ്റിക്കുകയും ചെയ്തു.
'ഗപ്പി'യിലെ ആ കരോൾപാട്ട് പിറന്നത് ഇങ്ങനെ പാടുന്നതിനിടെ സ്റ്റുഡിയോയിൽ നിന്ന് വിളിച്ച് വാക്കുകൾ മാറ്റിക്കുന്നത് മുമ്പും പലതവണ നടന്നിട്ടുണ്ട്. അവന്റെ മനസ്സിൽ തെളിയുന്ന ഈണത്തിനൊത്ത് വരികൾ പെട്ടെന്ന് കൊടുക്കാൻ കഴിയുക എന്നത് അവനുമൊത്തുള്ള യാത്രകളിലൂടെയാണ് ഞാൻ പഠിച്ചത്, ഒരേ അർത്ഥം വരുന്ന അഞ്ചോ പത്തോ വാക്കുകൾ നമ്മൾ പറഞ്ഞു കൊടുത്താൽ മതി. അതിൽ നിന്ന് അനുയോജ്യമായത് അവൻ തെരഞ്ഞെടുത്തു കൊള്ളും.
പ്രാർത്ഥന പോലെ മനോഹരമായ ഗാനമാണ് ബാലലീലയിലൂടെ അവൻ ആ ക്രിസ്മസ് കാലത്ത് പുറത്തിറക്കിയത്. എന്നാൽ, ആ ഗാനത്തിൽ ക്രിസ്മസിന്റെ പതിവു ചേരുവകളൊന്നും ഉണ്ടായിരുന്നില്ല. പാട്ടു കേട്ടാൽ ദുഃഖസാന്ദ്രമായ ഒരു പ്രാർത്ഥനയാണെന്ന് ശ്രോതാവിന് ഫീൽ ചെയ്യും.
എപ്പോഴും മൗനം പോലെ മധുരവും തീവ്രവുമായ സംഗീതത്തെ പ്രണയിച്ചിരുന്ന ബാലുവിന്റെ ഹൃദയത്തിൽ നിന്നുതിർന്ന പ്രാർത്ഥനയ്ക്ക് വരികളെഴുതാൻ കഴിഞ്ഞതിലുള്ള സന്തോഷം അന്നുണ്ടായിരുന്നെങ്കിലും ഇന്ന് ആ സന്തോഷമൊക്കെ കണ്ണീരായി അടർന്നുവീഴുന്നുണ്ട്. ആ പാട്ടുതന്നെയാണ് എല്ലാവർക്കുമുള്ള ക്രിസ്മസ് സമ്മാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.