നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഓർമ്മയിൽ എല്ലാം നഷ്ടപ്പെട്ട് അഭയാർഥിയാകേണ്ടിവന്ന കാലം; ഗൾഫ് യുദ്ധകാലത്തെ ആ പലായനം ഓർമയുണ്ടോ?

  ഓർമ്മയിൽ എല്ലാം നഷ്ടപ്പെട്ട് അഭയാർഥിയാകേണ്ടിവന്ന കാലം; ഗൾഫ് യുദ്ധകാലത്തെ ആ പലായനം ഓർമയുണ്ടോ?

  REMEMBERING THE EXODUS | "ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികളെ കാണുമ്പോൾ, 30 വർഷം മുൻപ് തീക്കാറ്റു പോലുള്ള ഓർമ്മകളിൽ ഞാൻ എന്നെ തന്നെ പ്രതിഷ്ഠിക്കുന്നു. ഈ രണ്ട് സംഭവങ്ങളുമായി വലിയ ബന്ധങ്ങൾ ഒന്നും ഇല്ല എന്ന് തോന്നാം. എന്നാൽ ചില അടുത്ത ബന്ധങ്ങൾ ഉണ്ട് താനും"

  kuwait returnees 1990

  kuwait returnees 1990

  • Share this:
   ഷാർളി ബെഞ്ചമിൻ

   റെയിൽവേ സ്റ്റേഷനിലെ ശബ്ദത്തെയും മറികടന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തോളിൽ കിടന്ന് നിരന്തരം കരയുകയാണ്. റെഫ്യൂജി ട്രെയിൻ എന്നാണ് ആ സ്പെഷ്യൽ ട്രെയിനിന് പേരിട്ടിരിക്കുന്നത്. കുവൈറ്റിൽ നിന്ന് അഭയാർത്ഥികളായി മുബൈയിൽ (അന്നത്തെ ബോംബെ ) ഇറങ്ങിയ ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്.

   ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികളെ കാണുമ്പോൾ, 30 വർഷം മുൻപ് തീക്കാറ്റു പോലുള്ള ഓർമ്മകളിൽ ഞാൻ എന്നെ തന്നെ പ്രതിഷ്ഠിക്കുന്നു. ഈ രണ്ട് സംഭവങ്ങളുമായി വലിയ ബന്ധങ്ങളൊന്നുമില്ല എന്ന് തോന്നാം. എന്നാൽ ചില അടുത്ത ബന്ധങ്ങൾ ഉണ്ട് താനും.   ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം സൈനിക വിന്യാസം

   കുവൈറ്റിനെ ഇറാഖ് ആക്രമിച്ചത് എണ്ണ പാടങ്ങൾക്ക് വേണ്ടിയാണെന്ന് ചുരുക്കി പറയാം. ഇറാനുമായുള്ള യുദ്ധത്തിൽ സഹായിക്കാം എന്ന് പറഞ്ഞ ശേഷം കുവൈറ്റ് (സൗദിയും) ഇടക്ക് വെച്ച് പിന്മാറിയതിൽ സദ്ദാം ഹുസൈനുള്ള പകയാണെന്നും പറയാം. അതിന് ഒരു അതിർത്തി തർക്കം കാരണമാക്കിയെന്ന് മാത്രം. അന്ന് ഞാൻ കുവൈറ്റ് ടൈംസിൽ സബ് എഡിറ്ററാണ്. വാർത്തകൾക്ക് കടുത്ത നിയന്ത്രങ്ങൾ ഉള്ള കാലം.

   യുദ്ധത്തിൽ അന്ന് പ്രത്യക്ഷനായ ഒരു ശത്രു ഉണ്ടായിരുന്നു. യുദ്ധ തന്ത്രങ്ങളും വ്യക്തമായിരുന്നു. എന്നാൽ ഇന്ന് ലോകം മുഴുവൻ ഒരു അദൃശ്യനായ ശത്രുവിനോട്, വൈറസിനോടാണ് പോരാടുന്നത്. യുദ്ധത്തിന് ഉപയോഗിക്കുന്ന വാക്കുകൾ തന്നെയാണ് നാം ഇവിടെയും ഉപയോഗിക്കുന്നത്. പോരാട്ടം, പ്രതിരോധം, ചെറുത്ത് നിൽപ്പ്, സുരക്ഷിത കേന്ദ്രം, അപകട മേഖല ... എന്നിങ്ങനെ വിവിധ വാക്കുകൾ നിരന്തരം പ്രയോഗിക്കുന്നു. ഇരു യുദ്ധത്തിലും കൂടുതൽ മരിക്കുന്നത് കാലാൾപ്പടയാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്ന സാധാരണക്കാരായ മനുഷ്യർ വൈറസിനോടും സൈനികർ ശത്രുവിനോട് പടവെട്ടിയും മരിക്കുന്നു.


   കത്തുന്ന എണ്ണ കിണറിന് സമീപം ജോലി ചെയ്യുന്നവർ.

   1990 ഓഗസ്റ്റ് 2 ന് ഇറാഖ് നടത്തിയ കുവൈറ്റ് അധിനിവേശത്തെ തുടർന്ന് ഇറാഖിലെ ബാഗ്ദാദിലൂടെ, ജോർദാനിലെ അമ്മാനിലൂടെ എല്ലാം നഷ്ടപ്പെട്ട്, അഭയാർത്ഥിയായി കൈകുഞ്ഞുമായി ( ഹരിത, ഇന്നവൾ അമ്മയാണ്, മാധ്യമ പ്രവർത്തകയാണ്) പലായനം ചെയ്ത് നാട്ടിൽ എത്തിയ ഓർമ്മയാണിവിടെ പങ്കിടുന്നത്. റീവൈൻഡ് ചെയ്യുമ്പോൾ അവസാന സീൻ ആദ്യം കാണാം എന്നത് പോലെ ഞങ്ങളിപ്പോൾ ട്രെയിനിലാണ്. മുബൈ സെൻട്രൻ റെയിൽവേ സ്റ്റേഷൻ. ട്രെയിനിൽ വളരെക്കുറച്ച് പേരേ ഉണ്ടായിരുന്നുള്ളു. അഭയാർത്ഥി ട്രെയിൻ ആയതിനാലാകണം പ്ലാറ്റ്ഫോമിലെ കച്ചവടക്കാർ ആരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.


   തകർന്ന ടാങ്ക്, പശ്ചാത്തലത്തിൽ കത്തുന്ന എണ്ണ കിണർ.

   അന്ന് വെളുപ്പിനെയാണ് ബാഗ്ദാദ് എയർപോർട്ടിൽ നിന്ന് അമ്മാനിലേക്ക്‌ ഇറാഖി എയർവൈസിൽ ഞങ്ങൾ എത്തിയത്. ഒപ്പം ബന്ധുക്കളും സുഹൃത്തുക്കളുമായി പതിനഞ്ചോളം പേരടങ്ങിയ ഒരു സംഘവും ഉണ്ടായിരുന്നു. വിമാന ടിക്കറ്റ് എടുക്കാൻ വൻ തുക ഡോളറായി നൽകേണ്ടിയിരുന്നു. അതില്ലാത്തവർ മരുഭൂമിയിലെ ടെൻ്റുകളിൽ കിടന്ന് ആഴ്ചകൾ കഴിഞ്ഞായിരുന്നു അമ്മാൻ വിമാനത്താവളത്തിൽ എത്തിയിരുന്നത്. അര മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരത്തേക്ക് എത്താൻ കൈയ്യിലുണ്ടായിരുന്ന പണം ഏറെക്കുറെ മുഴുവൻ നൽകേണ്ടി വന്നു. ഞങ്ങൾ കൈയ്യിൽ കരുതിയിരുന്ന ചായപ്പൊടിയും പഞ്ചസാരയും ഇറാഖി എയർവൈസിലെ ബുക്കിംഗ് കൗണ്ടറിൽ ഇരുന്ന യുവതിക്ക് കൈക്കൂലി കൊടുത്താണ് എല്ലാവർക്കും ഒരുമിച്ച് ടിക്കറ്റ് തരപ്പെടുത്തിയത്. ഇറാഖിൽ കടുത്ത ക്ഷാമമായിരുന്നതിനാൽ എന്ത് സാധനങ്ങളും ഇറാഖികൾക്ക് ആഡംബരമായിരുന്നു.   ലോകത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ. അഭയാർത്ഥികളായി ഇന്ത്യാക്കാർ വിമാനത്തിൽ മുബൈയിലേക്ക്.

   കുവൈറ്റിൽ ബാങ്കുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ആർക്കും പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ബിസിനസ്സുകാരായ എൻ്റെ ബന്ധുക്കളുടെ പക്കലുണ്ടായിരുന്ന ചില്ലറ നോട്ടുകൾ മാത്രമായിരുന്നു ആകെയുള്ളത്. കുവൈറ്റിൽ നിന്ന് പുറപ്പെടും മുൻപ് ടിവിയും എ.സിയും ഫ്രിഡ്ജും ഉൾപ്പെടെ എല്ലാ വീട്ടു സാധനങ്ങളും ഇറാഖിൽ നിന്ന് എത്തിയ കച്ചവടക്കാർക്ക് തുച്ഛമായ വിലയ്ക്ക് കൊടുത്തിരുന്നു. ആ തുക എൻ്റെ പക്കൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഇങ്ങനെ സാധനങ്ങൾ വിറ്റാണ് യാത്രക്കുള്ള പണത്തിലെ ഒരു പങ്ക് കണ്ടെത്തിയത്. എൻ്റെ കൈയ്യിലുള്ള പണം ടീം ലീഡറും എൻ്റെ അമ്മാവനുമായ തോമസ് ഫിലിപ്പിനെ ഏൽപ്പിക്കാൻ തുനിഞ്ഞപ്പോൾ പിന്നീട് വാങ്ങാം എന്ന് പറഞ്ഞ് അത് നിരസിച്ചു. നല്ല പുതുപുത്തൻ പിടയ്ക്കുന്ന കുവൈറ്റി ദിനാറായായിരുന്നു അവ. മുബൈ വിമാനത്താവളത്തിൽ കറൻസി ഇന്ത്യൻ രൂപയിലേക്ക് മാറാൻ അവസരമുണ്ടായിരുന്നു. റേറ്റ് കുറവാണെന്ന് തോന്നിയതിനാൽ മാറിയില്ല. പിന്നീട് യുദ്ധവും കുവൈറ്റിൻ്റെ സ്വാതന്ത്ര്യം നേടലും കഴിഞ്ഞ് തിരിച്ചെത്തിയപ്പോളാണ് ആ കറൻസികൾ സെൻട്രൽ ബാങ്കിൽ നിന്ന് ഇറാഖി പട്ടാളം കൊളളയടിച്ചതാണെന്നും കുവൈറ്റ് ആ നോട്ടുകൾ നിരോധിച്ചതാണെന്നും അറിഞ്ഞത്..! ചുരുക്കത്തിൽ എസി വിറ്റതും, ഫ്രിഡ്ജ് വിറ്റതുമൊക്കെ വെറും കടലാസ്സ് കഷണങ്ങളായി...!

   എയർ ഇന്ത്യയുടെ കൂറ്റൻ വിമാനത്തിൽ ഞങ്ങൾക്കൊപ്പം നിരവധി പേരുണ്ടായിരുന്നു. കൂട്ടത്തിൽ അവരുടെ കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. ഞങ്ങൾ ബാഗ്ദാദിൽ നിന്ന് വൻ തുക കൊടുത്ത് അമ്മാൻ എയർ പോർട്ടിലേക്ക് പറന്നപ്പോൾ അതിർത്തിയിലെ മണലാരണ്യത്തിൽ ആഴ്ചകളോളം ടെൻ്റിൽ ജീവിച്ച് ദുരിതം അനുഭവിച്ചാണ് അവർ വരുന്നത്. കുബ്ബൂസും വെള്ളവും കഴിച്ച് ജീവിച്ചവർ. അവരുടെ ശരീരത്തിന് മരുഭൂമിയിലെ മണലിൻ്റെ നിറമായിരുന്നു. തലയിലും താടിയും മീശയിലും എന്തിന് പുരികത്തിൽ പോലും നേർത്ത മണൽ പറ്റിപ്പിടിച്ച് ചെമ്പിച്ചിരുന്നു.

   എയർഹോസ്റ്റസ് ജൂസും സാൻഡ്വിച്ചുമായി എത്തിയപ്പോഴും അവർ തിരക്ക് കൂട്ടി. കിട്ടിയത് ആർത്തിയോടെ തിന്നു. മരുഭൂമിയിൽ ട്രക്കിൽ വെള്ളവും ഭക്ഷണവും എത്തിക്കുമ്പോൾ നൂറ് കണക്കിന് കൈകൾ അതിലേക്ക് നീളുന്ന ചിത്രങ്ങൾ പിന്നീട് കാണാൻ ഇടയായി. ആരുടെ കൈയ്യിലും ലഗേജ് കാര്യമായി ഇല്ലായിരുന്നു. ഒരു പ്ലാസ്റ്റിക് ബാഗോ സഞ്ചിയോ മാത്രം.   മുബൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ

   1990 സെപ്തംമ്പർ 18 ന് രാവിലെയാണ് ഞങ്ങൾ മുബൈയിൽ എത്തിയത്. പാസ്പോർട്ടിൽ സീൽ ചെയ്യുമ്പോൾ അമ്മാനിൽ നിന്ന് മുബൈയിലേക്ക് യാത്ര ചെയ്തതിൻ്റെ ടിക്കറ്റ് നിരക്ക് നൽകണം എന്ന് എഴുതി ചേർത്തിരുന്നു. എന്നാൽ പിന്നീട് ആ തുക കേന്ദ്ര സർക്കാർ ഒഴിവാക്കുന്നതായി പ്രഖ്യാപനം ഉണ്ടായി.

   വിമാനത്താവളത്തിൽ ഞങ്ങളെ കാത്ത് നിരവധി സംഘടനാ പ്രവർത്തകർ ഉണ്ടായിരുന്നു. വിവിധ മതത്തിൽപ്പെട്ടവർ, ഭാഷക്കാർ, സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ... അങ്ങനെ പലരും. ഞങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും തരാൻ അവരെല്ലാം മുന്നോട്ട് വന്നു. സാന്താക്രൂസിലെ മാർത്തോമ പളളിയായിരുന്നു ഞങ്ങൾ തെരഞ്ഞെടുത്ത അഭയകേന്ദ്രം. അവരുടെ വാഹനത്തിൽ ഞങ്ങൾ പള്ളിയിൽ ബെഞ്ചുകൾ ചേർത്തിട്ടു വിശ്രമിച്ചു. കുഞ്ഞിനെ തുണികൾ കൊണ്ട് കിടക്ക ഉണ്ടാക്കി കിടത്തി. ഉച്ചഭക്ഷണം ഇടവക അംഗങ്ങൾ തയ്യാറാക്കി നൽകി.

   വൈകിട്ടത്തെ ട്രെയിനിൽ നാട്ടിലേക്ക് പോകേണ്ടിയിരുന്നതിനാൽ രാത്രി അവിടെ തങ്ങേണ്ടി വന്നില്ല. ഇനി വരുന്നവരെ സഹായിക്കാനായി കൈയ്യിലുണ്ടായിരുന്ന ബാക്കി ഇന്ത്യൻ രൂപ ഞങ്ങൾ പളളി ചുമതലക്കാരെ ഏൽപ്പിച്ചു.

   മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തുമ്പോൾ
   .വൈകുന്നേരമായിരുന്നു. ട്രെയിൻ നീങ്ങാത്തതിനാൽ ഉള്ളിൽ നല്ല ചൂട്. കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. അഭയാർത്ഥികൾക്കായുള്ള സ്പെഷ്യൽ ട്രെയിൻ ആയതിനാൽ അധികം യാത്രക്കാർ ഇല്ലായിരുന്നു.
   TRENDING:VIRAL | മദ്യം തുള്ളിപോലും കിട്ടാത്തപ്പോൾ അക്ഷയ കേന്ദ്രം വഴി ഓൺലൈൻ ബുക്കിങ് നടത്തിയാലോ? ട്രോൾ വീഡിയോ [NEWS]COVID HERO| രോഗമുക്തമായ ഉടൻ ജോലിയിൽ പ്രവേശിച്ച് പൊലീസുകാരൻ; കയ്യടിയോടെ സ്വാഗതം ചെയ്ത് നെറ്റിസൺസ് [NEWS]കോവിഡ് മൂന്നാം ഘട്ടം കൂടുതൽ അപകടകരം: മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ ശൈലജ [NEWS]
   പുറപ്പെടും മുൻപ് ഒരു സംഘം ചെറുപ്പക്കാർ ട്രെയിനിലേക്ക് ഓടിക്കയറി വന്നു. വെള്ള വസ്ത്രമണിഞ്ഞ, താടി വെച്ച, തലയിൽ വെള്ള തൊപ്പിയുള്ള നാലഞ്ച് ചെറുപ്പക്കാർ. രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണപ്പൊതികൾ അവർ ഞങ്ങൾക്ക്‌ നേരെ നീട്ടി. യാത്രയിൽ കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ഞങ്ങൾ മുൻകൂട്ടി കരുതിയിരുന്നതിനാൽ വേണ്ടെന്ന് പറഞ്ഞിട്ടും അവർ സ്നേഹപൂർവ്വം നിർബന്ധിച്ചു. ആ ചെറുപ്പക്കാരുടെ വീട്ടിൽ നിന്ന് ഉമ്മമാരോ ഭാര്യമാരോ സഹോദരിമാരോ തയ്യാറാക്കിയ പൊതികളാകണം അത്. ഒരോ പൊതിയിലും വ്യത്യസ്ഥ വിഭങ്ങളായിരുന്നു !.

   പുറത്ത് ഇരുളിലേക്ക് നോക്കി ആ ഭക്ഷണം കഴിക്കുമ്പോൾ ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം ഞാൻ കഴിക്കുകയായിരുന്നു. സ്നേഹം നിറച്ച ആ പാഥേയം ഇന്നും ഓർമ്മകളുടെ രുചിയിൽ നന്മയായി നിറയുന്നു.   (ഷാർളി ബെഞ്ചമിൻ- കുവൈറ്റ് ടൈംസ്, മംഗളം, അറേബ്യ (യുഎഇ) എന്നീ പത്രങ്ങളിൽ മാധ്യമ പ്രവർത്തകനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൻ്റെ ശിവറാം അവാർഡ്, കേരള സർക്കാരിൻ്റെ നോർക്ക അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഥാകൃത്തും നോവലിസ്റ്റുമാണ്. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ.)
   Published by:Anuraj GR
   First published:
   )}