• HOME
  • »
  • NEWS
  • »
  • life
  • »
  • JOY MATHEW SAID THAT THE SAME AMOUNT GIVEN BY THE STATE GOVERNMENT TO THE FILM AWARD WINNERS 1 SHOULD BE GIVEN TO THE DRAMA AWARD

'സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് നല്‍കുന്ന തുക തന്നെ നാടക പുരസ്‌ക്കാരത്തിനും നല്‍കണം'; ജോയ് മാത്യു

നാടക നടികളുടെ ജീവിതം പറഞ്ഞ 'മുന്‍പേ പെയ്ത മഴ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം

News18 Malayalam

News18 Malayalam

  • Share this:
    സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് നല്‍കുന്ന തുക തന്നെ നാടക പുരസ്‌കാരത്തിനും നല്‍കണമെന്ന് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. 'ചലച്ചിത്ര അഭിനേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരതുകയേക്കാള്‍ എത്രയോ തുച്ഛമാണ് നാടകാഭിനേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാര തുക. രണ്ടും മൂന്നും മാസം റിഹേഴ്‌സല്‍ ചെയ്താണ് ഒരു നാടകം അരങ്ങിലെത്തുന്നത്, അതിനു വേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അദ്ധ്വാനം മനസ്സിലാക്കിയെങ്കിലും ചലച്ചിത്രാഭിനേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാര തുക തന്നെ നാടകാഭിനേതാക്കള്‍ക്കും നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവണം' അദ്ദേഹം പറഞ്ഞു.

    സാവിത്രി ശ്രീധരന്‍, ബാലുശ്ശേരി സരസ, എല്‍സി സുകുമാരന്‍,ഉഷാ ചന്ദ്രബാബു എന്നീ നാലു നാടക നടികളുടെ ജീവിതം പറഞ്ഞ 'മുന്‍പേ പെയ്ത മഴ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.



    'നാടകത്തിലൂടെയാണ് കേരളത്തില്‍ ഒരു സാംസ്‌കാരിക തരംഗം ഉണ്ടായത്. കേരളത്തെ ഒരു മത സൗഹാര്‍ദ ഭൂമികയാക്കി മാറ്റിയെടുക്കാന്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ സാംസ്‌കാരിക പോരാട്ടങ്ങളാണ് ഇവിടെ നടന്നതെന്ന് ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാവും. കഥ കവിത നോവല്‍ തുടങ്ങി സിനിമയ്ക്കുമപ്പുറം ഏറ്റവും ചടുലമായി ജനങ്ങളോട് സംവദിച്ചിരുന്ന ഏക കലാരൂപം നാടകമായിരുന്നു. ആയിരങ്ങളെ നാടകം ആകര്‍ഷിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നുമാണ് കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വേരോട്ടം തുടങ്ങുന്നത്. സാവിത്രി ശ്രീധരന്റെയും ബാലുശ്ശേരി സരസയുടെയും എല്‍സി സുകുമാരന്റെയും ഉഷാ ചന്ദ്രബാബുവിന്റെയും ജീവിതത്തിലൂടെ അതെല്ലാം നമുക്ക് മനസ്സിലാവും' ജോയ് മാത്യു പറഞ്ഞു.

    'ജീവിക്കാന്‍ വേണ്ടി നാടകത്തിലേക്ക് വരികയും പിന്നീട് അരങ്ങിന്റെ ശിക്ഷണത്തില്‍ അഭിനയം പഠിച്ച് മികച്ച അഭിനേത്രികളായി മാറുകയും ചെയ്ത ഈ നടികളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ വരച്ചിടുന്ന ഈ പുസ്തകത്തിന്റെ ഓരോ താളും കണ്ണ് നനയാതെ വായിക്കാനാവില്ല. അച്ഛന്റെയും അമ്മയുടെയുമൊക്കെ ചിത കത്തും മുന്‍പേ അരങ്ങിലേക്കു പോകേണ്ടി വന്ന സരസയുടെയും ഉഷയുടെയും അനുഭവങ്ങള്‍ എന്നെ ശരിക്കും കരയിപ്പിച്ചു. അന്നേരം ഞാന്‍ ഓര്‍ത്തത് എന്റെ അമ്മയെക്കുറിച്ചായിരുന്നു. അമ്മ മരിക്കുമ്പോള്‍ ഞാന്‍ രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. നാടകത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് അമ്മമാരുടെ, സഹോദമാരുടെ ജീവിത സമരങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മലബാറിന്റെ സാംസ്‌കാരിക പൈതൃകസംരക്ഷണത്തിനായി ഒരു മ്യൂസിയം ഉടനെ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനായി കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുളള കോം ട്രസ്റ്റിന്റെ സ്ഥലം ഉപയോഗപ്പെടുത്തണമെന്നും ജോയ് മാത്യു പറഞ്ഞു.

    നാടകാഭിനേതാക്കളുടെ കാര്യത്തിലും കോഴിക്കോട് സാംസ്‌കാരിക മ്യൂസിയത്തിന്റെ കാര്യത്തിലും ജോയ് മാത്യുവിന്റെ അഭ്യര്‍ത്ഥന ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന് നാടകവേദി നല്‍കിയ സംഭാവനകളെ ഈ സര്‍ക്കാര്‍ ഒട്ടും കുറച്ചു കാണുന്നില്ല, അദ്ദേഹം പറഞ്ഞു.

    തിക്താനുഭവങ്ങളുടെ സഞ്ചയമാണ് ഓരോ നാടകനടിയുടെയും ജീവിതമെന്ന് ചടങ്ങില്‍ അധ്യക്ഷയായ അഡ്വ.പി.സതീദേവി പറഞ്ഞു. മലയാള നാടകവേദി ഇടതുപക്ഷ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന മറക്കാന്‍ പറ്റുന്നതല്ല, അവര്‍ പറഞ്ഞു.

    അഡ്വ. പി എം ആതിര, ബേപ്പൂര്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ്, ഗ്രന്ഥകര്‍ത്താവ് ഭാനുപ്രകാശ് ഉഷാ ചന്ദ്രബാബു, എല്‍സി സുകുമാരന്‍, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ് എന്നിവരും സംസാരിച്ചു.
    Published by:Jayesh Krishnan
    First published:
    )}