ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ജാഗ്രത നല്കുന്ന ഏറ്റവും പുതിയ ഡാറ്റയിലാണ് യുഎസ് ശാസ്ത്ര ഏജന്‍സിയുടെ ഈ വെളിപ്പെടുത്തല്‍. ജൂലൈ സാധാരണയായി ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമാണ്. എന്നാല്‍ 2021 ജൂലൈ, രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമാണെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍ഒഎഎ - NOAA) അഡ്മിനിസ്ട്രേറ്റര്‍ റിക്ക് സ്പിന്റാഡ് പറയുന്നത്.
എന്‍ഒഎഎയുടെ ഡാറ്റയില്‍ പറയുന്നത്, കരയിലെയും, സമുദ്ര-ഉപരിതലത്തിലെയും താപനില കൂടിച്ചേര്‍ന്ന 20ാം നൂറ്റാണ്ടിലെ ശരാശരി 60.4 ഡിഗ്രി ഫാരന്‍ഹീറ്റിനേക്കാള്‍ 1.67 ഡിഗ്രി ഫാരന്‍ഹീറ്റ് (0.93 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലായിരുന്നു എന്നാണ്. 2016 ജൂലൈയില്‍ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡിനേക്കാള്‍ ഈ മാസം 0.02 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലായിരുന്നു.142 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥ രേഖപ്പെടുത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂലൈ ആയിരുന്നു ഇത്തവണത്തേത്.
എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തുവിട്ട ഡാറ്റ പ്രകാരം, കഴിഞ്ഞ മാസം ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജൂലൈ ആയിരുന്നു. നാസയുടെ രേഖ പ്രകാരം ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂലൈ ആയിരുന്നു 2021ലേത് എന്നാണ്.
ഡാറ്റയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഏജന്‍സികള്‍ക്ക് ഉണ്ടാകുന്നത് അസാധാരണമല്ലെന്നാണ് എന്ഒഎഎയുടെയും കോപ്പര്‍നിക്കസിന്റെയും ഡേറ്റകള്‍ നിരീക്ഷിച്ച ബ്രേക്ക്ത്രൂ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്ഫാദര്‍ പറഞ്ഞത്. സീക്ക് ഹൗസ്ഫാദര്‍ വിശദീകരണം നടത്തിയത് ഇങ്ങനെയാണ്, ''മറ്റ് ആഗോള താപനില ഏജന്‍സികളുടെ രേഖകളേക്കാള്‍ ആര്‍ട്ടിക് മേഖലയില്‍ എന്‍ഒഎഎ-യ്ക്ക് പരിമിതികളുണ്ട്. ഇത് കാരണമാവാം 2021 ജൂലൈയെ രണ്ടാമത്തെയോ (നാസ) അല്ലെങ്കില്‍ മൂന്നാമത്തെ (കോപ്പര്‍നിക്കസ്) രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമായി കാണിക്കുന്നത്.''
ഈ വേനല്‍ക്കാലത്ത് ലോകം അനുഭവിക്കുന്ന അളവിലും കൂടിയ ചൂടിന് കാരണം മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ ആഘാതമാണെന്നാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്. ലോകമെമ്പാടും നമ്മള് കാണുന്ന 'തീവ്രമായ സംഭവങ്ങള്‍' അതായത് റെക്കോര്‍ഡ് തകര്‍ക്കുന്ന ചൂട് തരംഗങ്ങള്‍ മുതല്‍ അതിശക്തമായ പേമാരിയും, കാട്ടുതീയും വരെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കപ്പെട്ടതും ദീര്‍ഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്. കാര്‍ബണ്‍ഡൈഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുന്നത് ഇല്ലാതാവുന്നതുവരെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കും എന്നാണ് ഹൗസ്ഫാദര്‍ പറഞ്ഞുനിര്‍ത്തുന്നത്.
കഴിഞ്ഞയാഴ്ച, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്മെന്റല് പാനലില്‍ നിന്നുള്ള ഒരു യുഎന്‍ കാലാവസ്ഥാ ശാസ്ത്ര റിപ്പോര്‍ട്ടില്‍ പറഞ്ഞത് 2030 ഓടെ ലോകം 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ എത്തുമെന്നാണ്. ഞെട്ടിക്കുന്ന ഈ വിഷയത്തില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് പ്രസക്തമായ വിലയിരുത്തലുകളാണ് നടത്തിയിരിക്കുന്നതെന്നാണ് എന്‍ഒഎഎയുടെ അഡ്മിനിസ്ട്രേറ്റര്‍ റിക്ക് സ്പിന്റാഡ് പറയുന്നത്. ഈ ഐപിസിസി റിപ്പോര്‍ട്ട് മനുഷ്യന്റെ സ്വാധീനം വ്യക്തമായും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തുന്ന ഒന്നാണെന്നും പ്രത്യാഘാതങ്ങള്‍ വ്യാപകവും അതിവേഗം തീവ്രമാകുന്നതാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി 1988ല്‍ സ്ഥാപിതമായ ഏജന്‍സിയാണ് ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്. ഇത് ഐപിസിസി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ആഗോള താപനം സംബന്ധിച്ച നയങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുന്ന ശാസ്ത്രീയ വിവരങ്ങള്‍ പാനല്‍ സര്‍ക്കാരുകള്‍ക്ക് കൈമാറും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളില്‍ ആദ്യത്തേത് 1992ല്‍ പുറത്തിറങ്ങിയതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: United nations