നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ആരായിരുന്നു ബാനര്‍ജി? അയാള്‍ സൃഷ്ടിച്ച ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ എനിക്കുമാകുന്നുളളു'

  'ആരായിരുന്നു ബാനര്‍ജി? അയാള്‍ സൃഷ്ടിച്ച ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ എനിക്കുമാകുന്നുളളു'

  കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ നാടൻ പാട്ടുകലാകാരനും കർട്ടൂണിസ്റ്റുമായ പി.എസ് ബാനർജിയെക്കുറിച്ചുള്ള കുറിപ്പ്...

  ps banarji

  ps banarji

  • Share this:
   കെ. മനോജ് കുമാർ

   മൂര്‍ത്തിനടയിലെ പൂജാരിയും, അധ്യാപകനും ആയിരുന്ന പാച്ചുമാഷിനും, സുഭദ്രാമ്മയ്ക്കും മക്കളുടെ പേരിടല്‍ കൗതുകങ്ങള്‍ക്കപ്പുറം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നിരിക്കണം. മൂത്തമകന്‍ ആസാദ്, പിന്നെ ബാനര്‍ജിയും ചാറ്റര്‍ജിയും. കലാകാരന്മാരായ സഹോദരങ്ങള്‍ക്കൊപ്പം വര, പാട്ട്, ശില്‍പ്പകല എന്നിവയിലൂടെ സര്‍ഗ്ഗശേഷിയുടെ പാരമ്യതയില്‍ത്തന്നെ വളര്‍ന്ന് പ്രശോഭിച്ച ബാനര്‍ജിയും മക്കള്‍ക്ക് നാമകരണം നടത്തിയപ്പോള്‍, അത് കൂടുതല്‍ ദിശാബോധവും പ്രതീക്ഷാനിര്‍ഭരതയുമുള്ള ഓസ്‌കാറും, നൊബേലുമായി മാറി.

   വരകള്‍കൊണ്ട് അത്ഭുതം തീര്‍ത്തിരുന്ന വിരലുകളെ വേദനകള്‍ ചെറുപ്രായത്തിലെത്തന്നെ വേട്ടയാടിത്തുടങ്ങി. നിരവധിയായുള്ള ആശുപത്രിവാസവും, ശാസ്ത്രക്രീയകളും ! ( പ്ലാസ്റ്ററിട്ട കൈകളും ക്യാന്‍വാസാക്കി )

   ഒടുവില്‍ ഒരു വൃക്ക മുറിച്ചുമാറ്റി പ്രത്യാശയോടെ ജീവിതം പുനരാരംഭിച്ചു. വരയ്ക്കൊപ്പം നാടന്‍പാട്ടിനോടും ആത്മാര്‍ത്ഥമായ ആഭിമുഖ്യം പുലര്‍ത്തി. ആയിരക്കണക്കിന് നാടന്‍പാട്ടുകള്‍ പഠിച്ചു, അതിലേറെ ശേഖരിച്ചു വച്ചു. വായ്ത്താരികളിലുറപ്പിച്ചെടുത്ത പാട്ടുകളുടെ കേവലാലാപനങ്ങള്‍ക്കപ്പുറം, ഓരോ പാട്ടിന്റെയും തത്വശാത്രം മനസ്സിലാക്കിയെടുക്കുകയും, പാട്ടുകേള്‍ക്കാന്‍ ഒത്തുകൂടിയവര്‍ക്കത് പകര്‍ന്നുകൊടുക്കുകയും ചെയ്തു. ശാസ്താംകോട്ടയില്‍ പ്രകാശ് കുട്ടന്‍ നേതൃത്വം നല്‍കിയ 'നാടോടി പെര്‍ഫോമിംഗ് ഗ്രൂപ്പി'ലൂടെ തുടക്കം കുറിച്ച ബാനര്‍ജി, നാടന്‍പാട്ടുകലയെ സ്ഫുടം ചെയ്‌തെടുക്കാനായി തിരുവല്ലാ കുട്ടപ്പന്‍ചേട്ടന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ 'തായില്ല'തിനൊപ്പം കൂടി. നാട്ടിലെ ഉറ്റചങ്ങാതിയായ മത്തായി സുനിലിനേയും കൂടെ കൂട്ടി. പിന്നീട് മത്തായി സുനിലിനേയും, കൂട്ടുകാരായ ശൂരനാട് പ്രേംകുമാറിനെയും, ഉണ്ണി നടരാജനെയും, ബൈജു മലനടയേയുമൊക്കെ ചേര്‍ത്ത് 'കനല്‍' എന്ന Folk Band രൂപീകരിച്ചു.

   നാടന്‍പാട്ടുരംഗത്തെ ബാനര്‍ജിയുടെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. ഉപജീവനമാര്‍ഗ്ഗമെന്നതിനേക്കാള്‍ ആത്മാര്‍പ്പണവും അഭിനിവേശവുമായിരുന്നു ബാനര്‍ജിക്ക് കനലും നാടന്‍പാട്ടും.

   സ്വാഭാവികമായ കാലനിയതിപ്രമാണങ്ങള്‍ക്കനുസരിച്ച് കൂട്ടുകാരന്‍ മത്തായി സ്വതന്ത്രമായി 'പാട്ടുപുര'യെന്ന നാടന്പാട്ടുസമിതിയുമായി പേരെടുത്തപ്പോള്‍, ആദര്‍ശ് ചിറ്റാര്‍ തുടങ്ങിയ ഇളമുറക്കാരോടൊത്ത് ബാനര്‍ജി തന്റെ നാടന്‍പാട്ടുസപര്യ തുടര്‍ന്നു.

   പണം നേടാന്‍മാത്രമുള്ളൊരുപാധിയായി കാണാത്തതിനാലാവണം, പലപ്പോഴും ജീവിതത്തിന്റെ യാഥാര്‍ഥ്യമുഖപ്പുകള്‍ക്കുമുന്നില്‍ വിറങ്ങലിപ്പോടെ ബാനര്‍ജി നില്‍ക്കേണ്ടിവന്നിട്ടുള്ളത്. എങ്കിലും തന്റെ നിസ്സഹായ നിമിഷങ്ങളുടെ കിതപ്പുകളെ, അയാള്‍ കുടുംബത്തില്‍നിന്നും കൂട്ടുകാരില്‍നിന്നുമൊക്കെ ഒളിപ്പിച്ചുപിടിക്കാന്‍ വല്ലാതെ പണിപ്പെട്ടിരുന്നു.
   തന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ടൊരു തട്ടകമായ ദേവസ്വം ബോര്‍ഡ് കോളേജില്‍ സഹപാഠിയായിരുന്ന ജയപ്രഭയെ കേള്‍വികേട്ടൊരുപ്രണയത്തിലൂടെ സ്വന്തം ജീവിതസഖിയാക്കി കൂടെക്കൂട്ടി. ഭാര്യയും മക്കളുമൊത്തു തിരുവനന്തപുരം ശ്രീകാര്യത്ത് താമസിച്ച് വരികയായിരുന്നു.

   DB കോളേജ് പഠനകാലഘട്ടത്തില്‍ ആത്മസുഹൃത്തായ പത്മേന്ദ്ര പ്രസാദുമൊത്ത് 'മനീഷി' എന്നൊരു കയ്യെഴുത്തുമാസിക നടത്തിയിരുന്നു ബാനര്‍ജി. റോബര്‍ട്ട് ബ്രൗണിങ്ങിന്റെ The Last Ride Together എന്ന dramatic soliloquy യില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പത്മേന്ദ്ര പ്രസാദ് രചന നിര്‍വഹിച്ച് നാടകപ്രതിഭ അഹമ്മദ് മുസ്ലിം ന്റെ സംവിധാനാം ചെയ്ത നാടകത്തില്‍, പ്രധാന കഥാപാത്രമായ ചിത്രകാരന്‍ 'ഗാവനെ' അവതരിപ്പിച്ചുകൊണ്ട് നടനായും അരങ്ങേറ്റം കുറിച്ചു. ഈ നാടകത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചതും ബാനര്‍ജിതന്നെ.

   പ്രശസ്ത ചലച്ചിത്രകാരനും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ 'തോറ്റവരില്‍ ഒരാള്‍' എന്ന ചെറുകഥയെ ആസ്പദമാക്കി പ്രസാദ് ചെയ്യുന്ന പുതിയ ചലച്ചിത്രത്തിന്റെ കലാസംവിധാന ചുമതലയും ബാനര്‍ജിക്കായിരുന്നു. ശാസ്താംകോട്ടക്കാരായ കൂട്ടുകാരിലൂടെയാണ് അവിടുത്തുകാരനല്ലാത്ത ഞാനും ബാനര്‍ജിയുടെ കൂട്ടുകാരനായത്.

   പാട്ടിന്റെയും വരയുടെയും ലോകത്ത് തനതുവ്യാഖ്യാനങ്ങള്‍നല്‍കി നമ്മെ ആനന്ദിപ്പിച്ച, നമ്മുടെ മനസ്സുകളെ സംസ്‌കരിച്ച ഈ അപൂര്‍വപ്രതിഭ
   ഒരുമുന്നറിയിപ്പുമില്ലാതെ വിടപറഞ്ഞുമറയുമ്പോള്‍, അയാള്‍ സൃഷ്ടിച്ച ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പെടാന്‍ മാത്രമേ വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊപ്പം എനിക്കുമാകുന്നുള്ളു.

   ബാനര്‍ജിയഭിനയിച്ചുതകര്‍ത്ത പണ്ടുപണ്ടൊരു ദേശത്ത് എന്ന നാടകത്തിലെ അവസാന ഭാഗം കടമെടുത്ത് പറഞ്ഞാല്‍...,
   '....ഒടുവില്‍ ബാനര്‍ജി യാത്രയായി.
   ഇനിയീ കലയുടെ കടല്‍ക്കരയില്‍
   നമ്മള്‍ ഉറ്റവരെല്ലാം
   അവന്റെ സ്മാരകങ്ങളായി ബാക്കിയാകുന്നു.
   ഈ നേരം അവിടേയ്ക്കലച്ചുകയറിയ തിരമാലകളോട്, കാറ്റ് ചോദിച്ചു,
   'അവന്‍ ആരായിരുന്നു, മികച്ച ചിത്രകാരനോ, മികച്ച പാട്ടുകാരനോ?'
   തിരമാലകള്‍ ഒന്നും മിണ്ടിയില്ല.
   അതേ ആശയക്കുഴപ്പത്തില്‍ത്
   തന്നെ അവരും,
   ശിരസ്സുംതാഴ്ത്തി കടലിന്റെ കാണാക്കയങ്ങളിലേക്ക്
   ഊളിയിട്ട് ഊളിയിട്ട് പോയി.'

   (പിആർഡി മുൻ അഡീഷണൽ സെക്രട്ടറിയും കേരളാ ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറിയുമാണ് ലേഖകൻ)
   Published by:Jayesh Krishnan
   First published:
   )}