തിരുവനന്തപുരം: കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം തുടങ്ങി. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്താൻ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ സ്നാനഘട്ടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കോവിഡിനെ തുടർന്ന് രണ്ട് വർഷവും ബലിതർപ്പണം വീടുകളിലായിരുന്നു നടത്തിയത്. ബുധനാഴ്ച രാത്രി 7.30 മുതൽ നാളെ രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ 28ന് പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3 മണി മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ബുധനാഴ്ച 'ഒരിക്കൽ' എടുത്ത് ഇന്ന് ബലി അർപ്പിക്കും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങൾ.
Also Read-
'കർക്കടകവാവ്; ഭീകരമുഖം മറച്ച് വെക്കാൻ സേവനത്തിന്റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുത്'; പി.ജയരാജൻതിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.