കൊച്ചി: കേരളത്തിലെ വിവിധ വിപണികളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളിലും പഴവർഗങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനിയുടെ സാനിധ്യം കണ്ടെത്തി. ഏറ്റവും കൂടുതൽ നിരോധിത കീടനാശിനികളുടെ സാന്നിധ്യമുള്ളത് ജൈവ വിപണന ശാലകളിൽ വിറ്റഴിക്കുന്നവയിലാണ്. പ്രൊഫെനോഫോസ്, ക്ളോർപൈറിഫോസ്, അസഫേറ്റ്, തയാമെത്തോക്സം തുടങ്ങിയ നിരോധിത കീടനാശിനികളുടെ സാന്നിധ്യമാണ് ജൈവപച്ചക്കറികളിൽ കണ്ടെത്തിയത്. കേരള കാർഷിക സർവകലാശാല പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ജൈവ പച്ചക്കറികളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്ന് കാർഷിക സർവകലാശാല റിപ്പോർട്ടിൽ നിർദേശിക്കുന്നു.
കോളിഫ്ലവർ, പച്ചമുളക്, ആപ്പിൾ, പച്ചമുന്തിരി എന്നിവയിലാണ് പ്രൊഫെനോഫോസിന്റെ ഉപയോഗം. പൊതു വിപണിയിൽ ലഭിക്കുന്ന പച്ച മുന്തിരിയിൽ എട്ടിനം കീടനാശിനികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. പരിശോധനയ്ക്ക് വിധേയമാക്കിയ 600 ഓളം പച്ചക്കറികളിൽ 119 എണ്ണത്തിലും നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്.
ചുവപ്പ് ചീര, ബീൻസ്, വെണ്ട, പാവൽ എന്നിവയിലും രാസകീടനാശിനികളുടെ സാന്നിധ്യമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളിൽ 50 ശതമാനത്തിലും കീടനാശിനി പ്രയോഗം കണ്ടെത്തിയിട്ടുണ്ട്. അതാത് വിളകളിൽ നിർദ്ദേശിക്കപ്പെടാത്ത കീടനാശിനികളുടെ ഉപയോഗം ആശങ്കാജനകമാണെന്നും കേരള കാർഷിക സർവ്വകലാശാലയുടെ റിപ്പോർട്ടിൽ ഉണ്ട്. അമിത വില നൽകിയാണ് ഉപഭോക്താക്കൾ ജൈവ പച്ചക്കറികൾ വാങ്ങുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിൽ ശ്രദ്ധ ചെലുത്തണം എന്നും കേരള കാർഷിക സർവകലാശാല റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food safety, Kerala agricultural university, Organic vegetables, Pesticide