• HOME
  • »
  • NEWS
  • »
  • life
  • »
  • Vishu 2022 | വിഷു ആഘോഷങ്ങൾക്ക് ഒരുങ്ങി കേരളം; വിഷുക്കണിയ്ക്കും കൈനീട്ടത്തിനും പിന്നിലെ ഐതിഹ്യം

Vishu 2022 | വിഷു ആഘോഷങ്ങൾക്ക് ഒരുങ്ങി കേരളം; വിഷുക്കണിയ്ക്കും കൈനീട്ടത്തിനും പിന്നിലെ ഐതിഹ്യം

കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്നാട്ടിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു

വിഷു

വിഷു

  • Share this:
    കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്നാട്ടിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു (Vishu). മലയാള മാസമായ മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ മേടം ഒന്ന് (Medam 1) ഇന്നാണെങ്കിലും ഇന്നത്തെ സൂര്യോദയത്തിനുശേഷം സംക്രമം വരുന്നതിനാൽ, വിഷു മേടം രണ്ട് അതായത് നാളെ (ഏപ്രിൽ 15) ആണ്.

    എല്ലാ വർഷവും ഏപ്രില്‍ രണ്ടാം വാരത്തിലാണ് വിഷു ആഘോഷിക്കുന്നത്. സാധാരണയായി 14 അല്ലെങ്കില്‍ 15 തീയതികളിലാണ് വിഷു വരുന്നത്. വിഷു കേരളത്തില്‍ പ്രാദേശിക അവധിയായി (regional holiday) പ്രഖ്യാപിച്ചിട്ടുണ്ട്.

    വിഷുവിന് പിന്നിലെ ചരിത്രം

    എഡി 844 മുതല്‍ സ്ഥാണു രവിയുടെ ഭരണകാലത്താണ് കേരളത്തില്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. നരകാസുരന്‍ എന്ന അസുരനെ ഭഗവാന്‍ കൃഷ്ണന്‍ (Lord Krishna) വധിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ വിഷുവിനോടനുബന്ധിച്ച് ആരാധിക്കുകയും വിഷുക്കണി (Vishu Kani) ഒരുക്കുമ്പോള്‍ കൃഷ്ണന്റെ വിഗ്രഹം കണികാണാനായി വെയ്ക്കുകയും ചെയ്യുന്നു. ഭക്തര്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് വിഷുദിനം.

    വിഷുവിന്റെ പ്രാധാന്യം

    കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണന്‍ നേടിയ വിജയം കൂടിയാണിത്. കണി കാണുന്നതാണ് വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്. ഭക്തര്‍ പുലര്‍ച്ചെയാണ് വിഷുക്കണി കാണുക. വിഷുക്കണി കാണുന്നത് വര്‍ഷം മുഴുവനും മികച്ചതാക്കുകയും ഭാഗ്യദായകമാണെന്നുമാണ് വിശ്വാസം. വിഷുവുമായി ബന്ധമുള്ള മറ്റൊന്നാണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയാണ്.

    വിഷു ആഘോഷങ്ങള്‍

    വിഷുക്കണി ഒരുക്കിയത് കാണാന്‍ കുട്ടികളെയും കുടുംബാംഗങ്ങളെയും കണ്ണ് പൊത്തിയാണ് പൂജാമുറിയിൽ അല്ലെങ്കിൽ വിഷുക്കണി ഒരുക്കിയിരിക്കുന്നിടത്ത് എത്തിക്കുന്നത്. അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, മഹാവിഷ്ണുവിന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി ഒരുക്കുന്നത്.

    വിഷുവിനോടനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിക്കാറുണ്ട്. വീട്ടിലെ മുതിർന്നവർ എല്ലാവർക്കും കൈനീട്ടം നല്‍കുന്നതും ഒരു ആചാരമാണ്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. തുടര്‍ന്ന് സദ്യ തയ്യാറാക്കുകയും മറ്റ് കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും ഒപ്പം ഭക്ഷണം കഴിക്കുന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്.

    വിഷു ഫലം

    പണ്ടുകാലത്ത് വിഷു ഫലം പറയുന്ന രീതി നിലനിന്നിരുന്നു. ജ്യോതിഷന്മാർ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലുകളും എത്ര മഴ കിട്ടും, കാറ്റ് ഉണ്ടാകുമോ, നാശനഷ്ടങ്ങൾ സംഭവിക്കുമോ എന്ന് തുടങ്ങുന്ന കാര്യങ്ങളൊക്കെ ജ്യോതിശാസ്ത്രപ്രകാരം വിശദീകരിക്കുന്ന രീതിയാണിത്.ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതി അടിസ്ഥാനമാക്കി വിഷു ഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതല്‍ നിലനിന്നിരുന്നു.

    Summary: Kerala is all set to welcome another Vishu. Here's all you need to know about
    Published by:user_57
    First published: