ഏഴു പതിറ്റാണ്ട് ഒരേ ഹോട്ടലില്‍ ജോലി; ശ്രീലങ്കയിൽ ഇതിഹാസമായി മലയാളി

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ട്രാവൽ മാഗസിനുകളുടെ കവർ പേജുകളിൽ 58 ലധികം ബാഡ്ജുകളും മെഡലുകളും പതിച്ച വെളുത്ത യൂണിഫോമിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: February 18, 2020, 5:57 PM IST
ഏഴു പതിറ്റാണ്ട് ഒരേ ഹോട്ടലില്‍ ജോലി; ശ്രീലങ്കയിൽ ഇതിഹാസമായി മലയാളി
k c kuttan
  • Share this:
ബംഗളൂരു: വിരമിക്കാതെ ഒരേ ഹോട്ടലിൽ നീണ്ടകാലം പണിയെടുത്ത് ശ്രീലങ്കയിൽ ഇതിഹാസമായി മാറിയിരിക്കുകയാണ് മലയാളിയായ കെ സി കുട്ടൻ. 2014ൽ 94ാം വയസിൽ മരിക്കുന്നതുവരെ ജോലിയിൽ നിന്ന് ഇദ്ദേഹം വിരമിച്ചിട്ടില്ല. ശ്രീലങ്കയിൽ മാത്രമല്ല ലോകത്തു തന്നെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന ഹോട്ടൽ ജീവനക്കാരനാണ് കുട്ടൻ. 156 വർഷം പഴക്കമുള്ള കൊളംബോയിലെ ഗാല്ലേ ഫേസ് ഹോട്ടലിലെ വെയിറ്ററായും ബെൽ ബോയ് ആയും കാവൽക്കാരനായും എഴുപത് വർഷത്തോളം കെ സി കുട്ടൻ ജോലി ചെയ്തിട്ടുണ്ട്.

also read:ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ എന്ത് സംഭവിക്കും? 12 കോടിപ്പേർ മരിച്ചുവീഴുമെന്ന് റിപ്പോർട്ട്1920 ഫെബ്രുവരിയിൽ തൃശൂർ ജില്ലയിലാണ് കൊട്ടാരപ്പൂ ചാത്തു കുട്ടൻ എന്ന കെ സി കുട്ടൻ ജനിച്ചത്. അദ്ദേഹത്തിന്റെ ശതാബ്ദിയാണ് ഈ വർഷം. ലോകത്തില്‍ ഏറ്റവുമധികം ഫോട്ടോയെടുക്കപ്പെട്ട വാതിൽക്കാരിൽ ഒരാളായിരുന്നു കുട്ടൻ. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ട്രാവൽ മാഗസിനുകളുടെ കവർ പേജുകളിൽ 58 ലധികം ബാഡ്ജുകളും മെഡലുകളും പതിച്ച വെളുത്ത യൂണിഫോമിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1938ൽ 18 വയസുള്ളപ്പോഴാണ് കുട്ടൻ ശ്രീലങ്കയിലെത്തിയത്. അമ്മയുടെ മരണ ശേഷം കുടുംബത്തെ നോക്കാനുള്ള ചുമതല ഏറ്റെടുക്കേണ്ടി വന്നതോടെ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നു.

ശ്രീലങ്കയിൽ അവസരങ്ങളുണ്ടെന്ന് ആരോ പറഞ്ഞതു കേട്ടാണ് ശ്രീലങ്കയിലേക്ക് എത്തിയത്. ബോട്ടു മാർഗം മാന്നാറിലെത്തിയ ശേഷം സമ്പന്നനായ ഒരു സിംഹള കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തു. ഇവിടെ നിന്നായിരുന്നു കുട്ടൻ “ഗാലെ ഫെയ്സിൽ” ചേർന്നത്.

ആദ്യനാളുകളിൽ അദ്ദേഹത്തിന് ജോലി വളരെ പ്രയാസമായിരുന്നു. പിന്നീട് അതിഥികളുമായും മറ്റുള്ളവരുമായും സംവദിക്കാൻ സിംഹള ഭാഷയും കുറച്ച് ഇംഗ്ലീഷും അദ്ദേഹം പഠിച്ചു.

14ാം വയസിൽ അമ്മ മരിച്ചതോടെയാണ് ജോലിക്കായി ഇങ്ങോട്ടേക്ക് എത്തിയതെന്ന് 2008ൽ 'ദി നേഷനോട് ' കുട്ടൻ പറഞ്ഞു. ആ സമയത്ത് കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നുവെന്നും അദ്ദേഹം. കൊളോണിയൽ കാലത്ത് ഒരു വിസയോ പാസ്പോർട്ടോ ഒന്നുമില്ലാതെയാണ് ശ്രീലങ്കയിലെത്തിയതന്നും കുട്ടൻ. ഇന്നു കാണുന്ന പോലുള്ള സുരക്ഷാ പ്രശ്നങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും കുട്ടൻ ഓർക്കുന്നു.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ജോർജ് അഞ്ചാമൻ, എലിസബത്ത് രാജ്ഞി, വിൻസ്റ്റൺ ചർച്ചിൽ, രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി തുടങ്ങി നിരവധി പേരാണ് ഹോട്ടലിൽ അതിഥികളായി എത്തിയിട്ടുള്ളത്. കുട്ടൻ അവരിൽ പലരെയും അടുത്തുകണ്ടിട്ടുണ്ട്. അവരുമായി സംവദിക്കുകയും ചെയ്തിരുന്നു. വെളുത്ത മുടിയും ഹാൻഡിൽബാർ മീശയുമുള്ള കുട്ടൻ പുഞ്ചിരിയോടെ കൈകൾ മടക്കി സിംഹളയിൽ “അയ്യൂബോവൻ” ( “നിങ്ങൾക്ക് ദീർഘായുസ്സ് ലഭിക്കട്ടെ”) എന്ന് അഭിസംബോധന ചെയ്തു.

1942 ൽ കൊളംബോയിൽ ജപ്പാൻ നടത്തിയ ബോംബാക്രമണത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചിരുന്നു. 60 വർഷത്തിനുശേഷം മാധ്യമ പ്രവർത്തകനോട് സംസാരിക്കുമ്പോഴും ആ ആക്രമണത്തെ കുറിച്ച് വ്യക്തമായി ഓർക്കുന്നതായി കുട്ടൻ പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധം ശ്രീലങ്കയെയും ബാധിച്ചപ്പോൾ പലരും പലായനം ചെയ്തുവെന്നും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്നതിനാൽ ശ്രീലങ്കയിൽ തന്നെ തുടർന്നു വെന്നും കുട്ടൻ വ്യക്തമാക്കി.

1948 ഫെബ്രുവരി 4 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ചരിത്രപരമായ ആ മുഹൂർത്തത്തിനും അദ്ദേഹം സാക്ഷിയായിരുന്നു. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ഡി എസ് സേനനായക മുതൽ പ്രസിഡന്റ് മഹിന്ദ രാജപക്സെ വരെ എല്ലാവർക്കും കുട്ടനെ വ്യക്തിപരമായി അറിയാം.

കുട്ടൻ മരിക്കുമ്പോൾ, മഹീന്ദ രാജപക്സെ അദ്ദേഹത്തെ ദേശീയ വ്യക്തിത്വം എന്ന് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹം ശ്രീലങ്കയെ പാശ്ചാത്യർക്കിടയിൽ പ്രശസ്തനാക്കിയതായി രാജപക്സെ അനുസ്മരിച്ചു. കുട്ടന് 88 വയസ്സ് തികഞ്ഞപ്പോൾ ഗാലെ ഫേസ് ഹോട്ടൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി ഗാല പാർട്ടി സംഘടിപ്പിച്ചിരുന്നു.

മഹീന്ദ രാജപക്സെ, റനിൽ വിക്രമസിംഗെ, ചന്ദ്രിക ബന്ദരനായക കുമാരതുങ്ക തുടങ്ങിയ പ്രമുഖര്‍ കുട്ടൻറെ മരണത്തെ അനുശോചിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഹോട്ടലിൽ രണ്ട് മിനിട്ട് മൗനം ആചരിച്ചിരുന്നു.

കുട്ടൻ ഒരു സിംഹള ക്രിസ്ത്യൻ സ്ത്രീയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളുമുണ്ട്. 76 വർഷം മുമ്പ് ശ്രീലങ്കയിൽ എത്തിയതിനുശേഷം ഒരു തവണ മാത്രമാണ് കേരളത്തിൽ വന്നത്. മരിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി കേരളത്തിലെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം സഫലമാക്കാൻ  കഴിയാതെയാണ് കുട്ടൻ യാത്രയായത്.
Published by: Gowthamy GG
First published: February 18, 2020, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading