"കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഒരു അധ്യാപകന്‍റെ ജോലി. കുട്ടികൾ അനുഭവിക്കുന്ന ദുരവസ്ഥ അവർ പറയാതെതന്നെ മനസിലാക്കാനുള്ള കഴിവും ഉണ്ടാകണം. കുട്ടികളെ ശ്രദ്ധിക്കുന്നതിലൂടെ അവരുടെ ഉള്ളിലുള്ള വികാര-വിക്ഷോഭങ്ങൾ മനസിലാക്കാൻ അധ്യാപകന് കഴിയണം"- കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിലെ കയറളത്തുള്ള ഹൈസ്കൂൾ അധ്യാപകൻ കെ.സി രാജൻ പറയുന്നു. 35 വർഷം നീണ്ട അധ്യാപകജോലിയിൽനിന്ന് ഈ വരുന്ന മാർച്ച് 31ന് പടിയിറങ്ങുന്നതിന് മുന്നോടിയായി ഒരുതുണ്ട് ഭൂമിയില്ലാത്ത തന്‍റെ നാല് വിദ്യാർഥികൾക്ക് അഞ്ച് സെന്‍റ് സ്ഥലം വീതം നൽകാനുള്ള തീരുമാനത്തിലൂടെയാണ് രാജൻ മാഷ് ശ്രദ്ധേയനാകുന്നത്. ഇത്തരമൊരു മഹത്തായ ഉദ്യമത്തിന് രാജൻ മാഷിന്റേതായ കാരണവുമുണ്ട്.
" ഒമ്പതാം ക്ലാസിൽ ഒരു വിദ്യാർഥിനി സ്ഥിരമായി സ്കൂളിൽ വരാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്, അവൾക്ക് സ്വന്തമായി വീടില്ലെന്നും, അവളുടെ കുടുംബം അങ്ങേയറ്റം ദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മനസിലായത്. അച്ഛൻ ഉപേക്ഷിച്ചുപോയതോടെയാണ് ആ കുടുംബം ദുരിതത്തിലായത്. കൂടാതെ അവളുടെ സഹോദരൻ ഭിന്നശേഷിക്കാരനുമാണ്"- കണ്ണൂർ നഗരത്തിനടുത്തുള്ള പുഴതി ജിഎച്ച്.എസ്.എസിലെ അധ്യാപകൻ കൂടിയായ രാജൻ മാഷ് ന്യൂസ് 18നോട് പറഞ്ഞു. അങ്ങനെയാണ് ആദ്യമായി ഒരു കുട്ടിക്ക് ഭൂമി നൽകാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തോട് ആലോചിച്ചശേഷമാണ് വിരമിക്കലിന് മുന്നോടിയായി നാലു വിദ്യാർഥികൾക്ക് അഞ്ച് സെന്‍റ് സ്ഥലം വീതം നൽകാൻ തീരുമാനിച്ചത്. അധ്യാപികമാരായ ഭാര്യ ഇ.കെ രതിയുടെയും സഹോദരിയുടെയും സഹകരണത്തോടെയാണ് ഭൂമി നൽകേണ്ട വിദ്യാർഥികളെ കണ്ടെത്തിയത്. നഴ്സറി ക്ലാസിൽ പഠിക്കുന്നതുമുതൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. "ഇത്തരമൊരു സഹായം ചെയ്തുനൽകുന്നതിലൂടെ അവർക്ക് അപകർഷതാബോധം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടെന്നാണ് തീരുമാനം"- രാജൻ മാഷ് പറഞ്ഞു.
കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(KPSTA) നേതാവ് കൂടിയാണ് കെ.സി രാജൻ. കുടുംബത്തിന്‍റെ ജാതിയോ മതമോ രാഷ്ട്രീയമോ പരിഗണിക്കാതെയാണ് ഭൂമി നൽകേണ്ട വിദ്യാർഥികളെ തെരഞ്ഞെടുത്തതെന്ന് രാജൻ മാഷ് പറയുന്നു. ഇവയ്ക്കെല്ലാം വല്യ പ്രാധാന്യമുള്ള ജില്ലയിലാണ് അവയൊന്നും പരിഗണിക്കാതെ ഭൂമി നൽകാൻ തീരുമാനിച്ചത്. "കുട്ടികളെ തെരഞ്ഞെടുത്തതിലും അവരുടെ രാഷ്ട്രീയത്തെക്കുറിച്ചും പലരും എന്നോട് ചോദിച്ചു. എന്നാൽ രാഷ്ട്രീയമോ മതമോ ഒരു മാനദണ്ഡമാക്കാതെയാണ് കുട്ടികളെ തെരഞ്ഞെടുത്തത്"- രാജൻ മാഷ് പറഞ്ഞു.
ഫെബ്രുവരി 24ന് വിദ്യാർഥികൾക്ക് ഭൂമിയുടെ അവകാശം കൈമാറുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഭൂമി നൽകുന്നതിന് പുറമെ വീടുവെക്കാനുള്ള സാമ്പത്തികസഹായം കൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ ഗഡു ചടങ്ങിൽവെച്ച് കണ്ണൂർ എം.പി കെ. സുധാകരൻ വിതരണം ചെയ്യും. "നാലു വിദ്യാർഥികൾക്കും ഓരോ ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ടുലക്ഷം രൂപ എന്‍റെ സംഘടനയായ കെ.പി.എസ്.ടി.എ പിരിച്ചുനൽകും. ബാക്കി തുക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ചിലർ സമീപിച്ചിട്ടുണ്ട്"- രാജൻ മാഷ് പറഞ്ഞു.
മൂന്നു മീറ്റർ റോഡ് സൌകര്യമുള്ള സ്ഥലത്തുനിന്നാണ് അഞ്ച് സെന്‍റ് വീതമുള്ള പ്ലോട്ടുകൾ നാലു വിദ്യാർഥികൾക്കായി നൽകുന്നത്. തളിപ്പറമ്പ് മണ്ഡലത്തിൽപ്പെടുന്ന സ്ഥലം രാജൻ മാഷിന് പിതൃസ്വത്തായി ലഭിച്ചതാണ്. സ്ഥലത്തിന്‍റെ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടന്നു. കുട്ടികളുടെ അമ്മമാരുടെ പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തുനൽകിയത്. "അടുത്ത 20 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം രജിസ്റ്റർ ചെയ്തത്. കുട്ടികൾ നല്ല നിലയിലാകുന്നതുവരെ സ്ഥലം വിൽക്കില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ചേർത്തത്"- രാജൻ മാഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K.C Rajan, Kannur, Kerala Saviour Teacher, Mayyil, Teacher Gifted Land to Students